ad
Deshabhimani

print edition വീണ്ടും ഓസീസ്‌ പേസ്‌ കാലം; ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്‌റ്റിന്‌ നാളെ തുടക്കം

australia cricket team
വെബ് ഡെസ്ക്

Published on Aug 12, 2026, 01:38 AM | 2 min read

ഡാർവിൻ : ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ സുവർണ പേസ്‌ നിര ഇടവേളയ്‌ക്കുശേഷം വീണ്ടും ഒരുമിച്ചിറങ്ങുന്നു. നാളെ ഡാർവിനിൽ ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്‌റ്റിലാണ്‌ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസ്‌, മിച്ചെൽ സ്‌റ്റാർക്‌, ജോഷ്‌ ഹാസെൽവുഡ്‌, സ്‌കോട്‌ ബോളണ്ട്‌ എന്നിവർ ഒരുമിച്ചിറങ്ങുക. സ്‌പിന്നർ നതാൻ ല്യോണും ചേരുന്നതോടെ സമീപകാലത്തെ ഏറ്റവും മികച്ച ബ‍ൗളിങ്‌ സംഘമാണ്‌ ഓസീസിന്‌.


അഞ്ചുപേരും കളിജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്‌. ഓസീസ്‌ ബ‍ൗളിങ്‌ തലമുറമാറ്റത്തിലേക്കുള്ള പാതയിലാണ്‌ ഇപ്പോൾ. എങ്കിലും ഇ‍ൗ ടെസ്‌റ്റ്‌ ചാന്പ്യൻഷിപ്പിൽ അഞ്ച്‌ പേരും ഇറങ്ങാനാണ്‌ സാധ്യത. ല്യോണും ബോളണ്ടും ഒഴികെ മറ്റ്‌ മൂന്ന്‌ പേരും അടുത്ത വർഷം ഒക്‌ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിലും കളിക്കും.


മുപ്പത്തിമൂന്ന്‌ വയസാണ്‌ കമ്മിൻസിന്‌. ഹാസെൽവുഡ്‌(35), സ്‌റ്റാർക്‌ (36), ബോളണ്ട്‌ (37) എന്നിങ്ങനെയാണ്‌ മറ്റ്‌ പേസർമാരുടെ പ്രായം. ല്യോണിന്‌ 38 വയസായി. കമ്മിൻസും സ്‌റ്റാർകും ഹാസെൽവുഡും ബോളണ്ടും അവസാനമായി ഒന്നിച്ചുകളിച്ചത്‌ കഴിഞ്ഞ വർഷം ജൂലൈയിൽ വെസ്‌റ്റിൻഡീസിനെതിരെയാണ്‌. കമ്മിൻസും ഹാസെൽവുഡും ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്നു. കമ്മിൻസ്‌ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു രാജ്യാന്തര മത്സരത്തിൽ മാത്രമാണ്‌ ഇറങ്ങിയത്‌. ഹാസെൽവുഡ്‌ ഇ‍ൗ കാലയളവിൽ ഒരു ടെസ്‌റ്റിലും ഇറങ്ങിയില്ല. അവസാന 14 ടെസ്‌റ്റിൽ അഞ്ചെണ്ണത്തിൽ മാത്രം കളിച്ചു. അതിനാൽതന്നെ സ്‌റ്റാർക്കിനും ബോളണ്ടിനും ജോലിഭാരം കൂടി.


അതിനിടെ മറ്റൊരു അപൂർവനേട്ടം ഓസീസ്‌ ബ‍ൗളിങ് നിരയെ കാത്തിരിക്കുന്നുണ്ട്‌. കമ്മിൻസ്‌, സ്‌റ്റാർക്‌, ല്യോൺ , ഹാസെൽവുഡ്‌ എന്നിവരുടെ നേട്ടങ്ങൾ ആകെയെടുത്താൽ 1610 വിക്കറ്റുകളാകും. ആദ്യ മൂന്നുപേരും ഇതിനകം മുന്നൂറിൽ കൂടുതൽ വിക്കറ്റ്‌ ടെസ്‌റ്റിൽ സ്വന്തമാക്കി. ഹാസെൽവുഡിന്‌ അഞ്ചെണ്ണം കൂടി നേടിയാൽ മുന്നൂറിലെത്താം. അങ്ങനെയായാൽ ഒരു ടീമിലെ നാല്‌ ബ‍ൗളർമാർ 300 വിക്കറ്റ്‌ നേട്ടം കുറിക്കുന്ന ആദ്യ ടീമാകും ഓസീസ്‌.


നാല്‌ പേരും ഒന്നിച്ചുകളിച്ചത്‌ 35 ടെസ്‌റ്റിലാണ്‌. ആകെ 567 വിക്കറ്റ്‌ നേടി. ഇത്‌ റെക്കോഡാണ്‌. സ്‌റ്റാർക്‌–കമ്മിൻസ്‌–ഹാസെൽവുഡ്‌ പേസ്‌ ത്രയം 38 കളിയിൽ 466 വിക്കറ്റും നേടി. നിലവിൽ പേസ്‌ നിരയിൽ സ്‌റ്റാർക്കിന്‌ 433 ടെസ്‌റ്റ്‌ വിക്കറ്റാണ്‌. രണ്ട്‌ വിക്കറ്റ്‌ കൂടി നേടിയാൽ ഇന്ത്യൻ ടീം മുൻ ക്യാപ്‌റ്റൻ കപിൽദേവിനെ മറികടക്കാം. കമ്മിൻസിന്‌ 315ഉം ഹാസെൽവുഡിന്‌ 295ഉം 19 ടെസ്‌റ്റ്‌ മാത്രം കളിച്ച ബോളണ്ടിന്‌ 82ഉം വിക്കറ്റാണ്‌. സ്‌പിന്നർ ല്യോണിന്‌ 567 വിക്കറ്റുണ്ട്‌.


ടെസ്‌റ്റ്‌ ചാന്പ്യൻഷിപ്‌ അവസാനിക്കുന്നതോടെ ഓസീസ്‌ ബ‍ൗളിങ്‌ നിരയിൽ തലമുറ മാറ്റം സംഭവിക്കും. പക്ഷേ‍, പേസിലും സ്‌പിന്നിലും മികച്ച പിന്തുടർച്ചക്കാരില്ല. മുപ്പതുകാരനായ പേസർ ജ്യെ റിച്ചാർഡ്‌സണ്‌ പരിക്കുകാരണം സ്ഥിരത പുലർത്താനാകുന്നില്ല. പകരക്കാരായുള്ള മിച്ചെൽ നെസെറിനും (36) ബ്രണ്ടൻ ഡോഗെറ്റിനും (32) പ്രായം പ്രതികൂല ഘടകമാണ്‌. ലാൻസ്‌ മോറിസ്‌ (28), സേവ്യർ ബാർട്‌ലെറ്റ്‌ (27)‍, സ്‌പെൻസർ ജോൺസൺ (30), റിലെ മെറെഡിത്‌ (30), ബില്ലി സ്‌റ്റാൻലേക്‌ (31) എന്നിവരാണ്‌ പുതുനിരയിലെ പ്രത‍ീക്ഷകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home