വർക്കല പാപനാശത്ത് ബലിതർപ്പണം തുടങ്ങി

വി ജോയി എംഎൽഎ പാപനാശം തീരം സന്ദർശിച്ച് നിർദേശങ്ങൾ നൽകുന്നു
വർക്കല
വർക്കല പാപനാശം തീരത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. ബുധൻ പുലർച്ചെ 1.50 മുതൽതന്നെ വിശ്വാസികൾ തർപ്പണം തുടങ്ങി. വൈകിട്ട് നാലുവരെ ബലിതർപ്പണം നടത്താം. കടൽ പ്രക്ഷുബ്ധമായതോടെ കടലിലേക്ക് ഇറക്കാതെ തീരത്ത് കയർകെട്ടി തിരിച്ചിട്ടുണ്ട്. പാപനാശം തീരത്തും ബലിമണ്ഡപത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബലിപ്പന്തലിലുമായി ആയിരങ്ങൾക്ക് ബലിയിടാം. ബലിപ്പന്തലിൽ ഒരേസമയം 600 പേർക്ക് കർമങ്ങൾ ചെയ്യാം. സുരക്ഷയ്ക്കായി നാനൂറ്റമ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ വിവിധ പ്രദേശങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം, വാഹന പാർക്കിങ്, കടൽത്തീരത്തെ സുരക്ഷ എന്നിവയ്ക്കും പ്രത്യേക സംവിധാനമുണ്ട്. കടലിൽ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഗാർഡുകളെയും അഗ്നിരക്ഷാസേനയെയും വിന്യസിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ സ്കൂബാ ഡൈവിങ് സംഘത്തിന്റെ സേവനം ലഭ്യമാക്കി. എക്സൈസ് വിഭാഗം പ്രത്യേക പരിശോധനയും പട്രോളിങ്ങും നടത്തുന്നുണ്ട്. കെഎസ്ഇബി ആവശ്യമായ വെളിച്ചസൗകര്യവും കുടിവെള്ള വിതരണത്തിനായി ജലഅതോറിറ്റി ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും അടിയന്തര ചികിത്സാസംവിധാനവും ആംബുലൻസ് സേവനവുമുണ്ട്. ശുചീകരണം, താൽക്കാലിക ശൗചാലയം സ്ഥാപിക്കൽ, കുടിവെള്ള വിതരണം എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കി. കെഎസ്ആർടിസി പാപനാശത്തേക്ക് പ്രത്യേക സർവീസ് നടത്തുന്നുണ്ട്. വി ജോയി എംഎൽഎ, വർക്കല നഗരസഭാധ്യക്ഷ ഗീതാ ഹേമചന്ദ്രൻ , ഐ ജി സ്‌പർജൻകുമാർ, ഡിഐജി ഹിമേന്ദ്രനാഥ്, റൂറൽ എസ്‌പി പ്രശാന്തൻ കാണി, വർക്കല ഡിവൈഎസ്‌പി പി വി രമേഷ് കുമാർ, എസ്എച്ച്ഒ വിനോദ് കുമാർ തുടങ്ങിയവർ പാപനാശം തീരം സന്ദർശിച്ചു.









0 comments