വരുന്നു ചാർത്താങ്കാലിൽ പാലം യാത്രാദുരിതത്തിന് വിരാമമാകും

മടിക്കൈ നാടിന്റെ ഏറെ നാളായുള്ള കാത്തിരിപ്പിനു വിരാമമിട്ട് പൂത്തക്കാൽ എരിക്കുളം റോഡിൽ ചാർത്താങ്കാലിൽ പുതിയ പാലം വരുന്നു. ചാർത്താങ്കലിൽ കാർഷിക-കുടിവെള്ള ആവശ്യങ്ങൾക്ക് താങ്ങായി നിലകൊള്ളുന്ന വിസിബി ആധുനിക രീതിയിൽ പുനർനിർമിക്കുന്നതിന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ചാർത്താങ്കലിലെ വിസിബി ആധുനിക രീതിയിൽ പുനർനിർമിക്കുന്നതിന് തുക അനുവദിച്ചത്. തദ്ദേശ ഭരണസമിതിയുടെ നിരന്തര ഇടപെടലിലൂടെയാണ് ഇപ്പോൾ ഭരണാനുമതിയായത്. നിലവിലുള്ള വിസിബിയിൽനിന്ന് മൂന്ന് മീറ്റർ ഉയരത്തിലും 11 മീറ്റർ നീളത്തിലും ആറര മീറ്റർ വീതിയിലും രണ്ട് തൂണുകളോട് കൂടിയാണ് പാലം നിർമിക്കുന്നത്. ഇരുഭാഗത്തും സമീപന റോഡുകളും നിർമിക്കും. 2 ലക്ഷം രൂപ ഗുണഭോക്തൃവിഹിതം അടക്കുന്ന മുറക്ക് ടെണ്ടർ നടപടികളിലേക്ക് കടക്കും. ഇതോടെ ചെമ്മട്ടംവയൽ -കാലിച്ചാനടുക്കം റോഡിലെ പൂത്തക്കാലിൽനിന്നും എരിക്കുളത്തേക്ക് സുഗമമായ ഗതാഗത സൗകര്യമൊരുങ്ങും. ചെരണത്തല പാലം പൂർത്തിയായതോടെ അമ്പലത്തുകര വില്ലേജിലെ ജനങ്ങൾക്ക് കയ്യൂർ-ചീമേനിയിലേക്ക് എളുപ്പത്തിലെത്താം. ബങ്കളത്തേക്കും യാത്ര സുഗമമാകും. കാഞ്ഞങ്ങാട്ടുനിന്ന് അമ്പലത്തുകര-, പൂത്തക്കാൽ,- എരിക്കുളം, -ബങ്കളം, -ചായ്യോം വഴി കയ്യൂരിലേക്ക് ബൈപാസ് റോഡായും ഉപയോഗിക്കാനാവും. മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, എരിക്കുളം, ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളുടെ വികസനത്തിലേക്കും വഴി തുറക്കുന്നതാവും പാലം. ജലസേചന വകുപ്പിന്റെ കീഴിൽ 1971-ൽ നിർമിച്ച തടയണയ്ക്ക് കാലപ്പഴക്കം ചെന്നതിനെ തുടർന്നാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. കാലവർഷത്തിൽ തടയണയ്ക്കു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്നത് ഗതാഗതത്തെയും രൂക്ഷമായി ബാധിച്ചിരുന്നു. പദ്ധതി പൂർത്തീകരിക്കുന്നതോടെ കുടിവെള്ള ക്ഷാമത്തിനും കാർഷിക ജലസേചന പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.








0 comments