ad
Deshabhimani

print edition ജീവനക്കാരുടെ ജീവനെടുത്ത് സർക്കാർ

employees suicide
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Aug 12, 2026, 02:33 AM | 1 min read

തിരുവനന്തപുരം : യുഡിഎഫ്‌ അധികാരത്തിലേറി മൂന്നു മാസത്തിനകം പ്രതികാരനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത്‌ ഇരുപതിനായിരത്തിലധികം ജീവനക്കാരെ. പകപോക്കലിലും മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റത്തിലും മനംനൊന്ത് ജീവന്‍ പൊലിഞ്ഞവരാണ്‌ കണ്ണൂര്‍ ചൊക്ലി സിഎച്ച്സിയിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദീപലേഖയും കാസർകോട്‌ കലക്ടറേറ്റിലെ സീനിയർ ക്ലർക്ക്‌ ആശാലതയും.


കോഴിക്കോട്‌ സിവിൽ പൊലീസ്‌ ഓഫീസർ സുബിൻ ജീവനൊടുക്കിയതും അന്യായ സ്ഥലംമാറ്റത്തെത്തുടർന്നാണ്‌. പിരിച്ചുവിട്ട കരാർ ജീവനക്കാരുടെ എണ്ണം അയ്യായിരം കവിഞ്ഞു. ശമ്പളം മുടങ്ങിയവർ ഇതിലുമേറെ. ‘റെഡിയായിരുന്നോളൂ ഇനിയും സ്ഥലംമാറ്റും’ എന്ന്‌ മുഖ്യമന്ത്രിതന്നെ ഭീഷണിപ്പെടുത്തുന്നു. യുഡിഎഫ്‌ സർക്കാർ ജീവനക്കാരുടെ നേര്‍ക്ക് നടത്തുന്നത് സമാനതകളില്ലാത്ത വേട്ടയാണ്. പ്രതിപക്ഷ സർവീസ്‌ സംഘടനകളിൽപ്പെട്ടവരെ തെരഞ്ഞുപിടിച്ച് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച്‌ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നു. രോഗികൾ, ഗുരുതര രോഗത്തിന്‌ ചികിത്സയിലുള്ളവർ, പെൻഷനാകാൻ മാസങ്ങൾമാത്രം ശേഷിക്കുന്നവർ, ഗർഭിണികൾ തുടങ്ങിയ പരിഗണനകളൊന്നും കൂടാതെയാണ്‌ പ്രതികാര നടപടി.


വിദൂര സ്ഥലങ്ങളിലേക്കാണ്‌ സ്ഥലംമാറ്റങ്ങളേറെയും. തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ സത്യപ്രതിജ്ഞയ്‌ക്ക്‌ മുമ്പുതന്നെ പ്രതികാര നടപടിയും തുടങ്ങി. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ എൻജിഒ അസോസിയേഷൻ ഭാരവാഹികൾ ഭീഷണിപ്പെടുത്തി. ഭരണപക്ഷ സർവീസ്‌ സംഘടനാ ഭാരവാഹിയുടെ ആവശ്യപ്രകാരമാണ്‌ സ്ഥലംമാറ്റമെന്ന്‌ സർക്കാർ ഉത്തരവിൽ രേഖപ്പെടുത്തിയത്‌ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തത്‌. ആരോഗ്യവകുപ്പിലെയും തദ്ദേശവകുപ്പിലെയും സ്ഥലംമാറ്റങ്ങൾ മഴക്കാലപൂർവ ശുചീകരണത്തെയും രോഗപ്രതിരോധ പ്രവർത്തനങ്ങളെയും താറുമാറാക്കി.


റവന്യൂ വകുപ്പിലെ വില്ലേജ്‌ ഓഫീസ്‌ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ സ്ഥലംമാറ്റം കാലവർഷക്കെടുതി നേരിടുന്നതിനും തടസ്സമായി. ഡിജിറ്റൽ സർവേയ്‌ക്ക്‌ നിയമിച്ച മൂവായിരത്തോളം കരാര്‍ ജീവനക്കാരെയാണ്‌ നാലു മാസത്തെ ശമ്പളം നൽകാതെ പിരിച്ചുവിട്ടത്‌. കുടുംബശ്രീ ഉൾപ്പെടെയുള്ള മിഷനുകളിൽ വർഷങ്ങളായി ജോലിചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. പ്രത്യേക പരീക്ഷകളും അഭിമുഖവും നടത്തി നിശ്ചിത യോഗ്യതയുള്ളവരിൽനിന്ന് കരാറടിസ്ഥാനത്തിൽ നിയമിച്ചവരെയാണ്‌ പറഞ്ഞുവിട്ടത്‌. 50 വയസ്‌ പിന്നിട്ടവർവരെ ഇക്കൂട്ടത്തിലുണ്ട്‌. സ്‌ത്രീകളാണ്‌ ഏറെയും.


ഏറ്റവും ഒടുവില്‍ വിജ്ഞാനകേരളം പദ്ധതിയിലെ ജീവനക്കാരെയും പിരിച്ചുവിട്ടു. ധവളപത്രത്തിലൂടെയും ബജറ്റിലൂടെയും ജീവനക്കാരോടുള്ള സമീപനം സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻസർക്കാർ അനുവദിച്ച ഡിഎ കുടിശ്ശിക നൽകാതിരിക്കാനും അഷ്വേർഡ്‌ പെൻഷൻ മുടക്കാനും ശമ്പള കമീഷന്റെ പ്രവർത്തനം തടയാനും ഇതോടൊപ്പം നീക്കങ്ങള്‍ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home