ക്യാച്ച് കൈവിട്ടതിന് പിന്നാലെ പന്ത് നിലത്തേക്ക് എറിഞ്ഞു; ഷഫാലി വർമ്മയ്ക്ക് ഐസിസിയുടെ താക്കീത്

റായ്പൂർ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ക്യാച്ച് കൈവിട്ടതിന്റെ നിരാശയിൽ പന്ത് നിലത്തേക്ക് എറിഞ്ഞ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഷഫാലി വർമ്മയ്ക്ക് ഐസിസിയുടെ ഔദ്യോഗിക താക്കീത്. സംഭവത്തിൽ താരത്തിന്റെ അച്ചടക്കരേഖയിൽ ഒരു ഡീമെറിറ്റ് പോയിന്റും ചേർത്തു.
ഞായറാഴ്ച റായ്പൂരിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ചിരുന്നു. സിംബാബ്‌വെയുടെ ഇന്നിങ്‌സിലെ 12-ാം ഓവറിൽ ശ്രീ ചരണിയുടെ പന്തിൽ ചിപ്പോ മുഗേരി-തിരിപാനോയെ മിഡ് ഓഫിൽ ക്യാച്ചെടുക്കാനുള്ള ശ്രമം ഷഫാലിക്ക് പിഴച്ചു. ഇതിൽ നിരാശ പ്രകടിപ്പിച്ച താരം പന്ത് നിലത്തേക്ക് എറിയുകയായിരുന്നു.
ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ ഒന്ന് ലംഘനമായാണ് സംഭവത്തെ വിലയിരുത്തിയത്. അന്താരാഷ്ട്ര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങളോട് അനുചിതമായി പെരുമാറുന്നതുമായി ബന്ധപ്പെട്ട വകുപ്പ് 2.2 പ്രകാരമാണ് നടപടി.
ഷഫാലി കുറ്റം സമ്മതിക്കുകയും ഐസിസി മാച്ച് റഫറി ജി എസ് ലക്ഷ്മി നിർദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തു. അതിനാൽ ഔപചാരികമായ വാദം കേൾക്കൽ വേണ്ടിവന്നില്ല. കഴിഞ്ഞ 24 മാസത്തിനിടെ താരത്തിന്റെ ആദ്യ കുറ്റമാണിത്.
ലെവൽ ഒന്ന് ചട്ടലംഘനങ്ങൾക്ക് ഔദ്യോഗിക താക്കീത്, മത്സരഫീസിന്റെ 50 ശതമാനം വരെ പിഴ, ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകൾ എന്നിവയാണ് ഐസിസി നിഷ്കർഷിക്കുന്ന ശിക്ഷകൾ.








0 comments