യൂത്ത് ലീഗ് അക്രമത്തിൽ ദേശീയ നിർവാഹക സമിതി അംഗത്തിന് പരിക്ക്

അബ്ദുൾ അസീസ്
വടകര : തിരുവള്ളൂർ, ചാനിയം കടവിൽ യൂത്ത് ലീഗ് അക്രമത്തിൽ യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗത്തിന് പരിക്ക്. തിരുവള്ളൂർ ചാനിയം കടവിലെ മുതിരപ്പൊടി എം പി അബ്ദുൾ അസീസ് (44) നാണ് അക്രമത്തിൽ പരിക്കേറ്റത്.
അസീസിനെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാത്രി എട്ടോടെ ചാനിയം കടവിലാണ് സംഭവം. യൂത്ത് ലീഗ് ശാഖാ പ്രസിഡൻ്റ് കുണ്ടാറ്റിൽ അബ്ദുൾ സലാം, കെഎംസിസി പ്രവർത്തകരായ സാബിത്ത് കാവും തൃക്കയിൽ, സുഹൈൽ കാവും തൃക്കയിൽ, യൂത്ത് ലീഗ് പ്രവർത്തകൻ കുണ്ടാറ്റിൽ മുനീർ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് അസീസ് പറഞ്ഞു.
യൂത്ത് ലീഗ് ശാഖാ സെക്രട്ടറി കൂവാണിൽ റാഹിൽ, ട്രഷറർ കുണ്ടാറ്റിൽ സിദ്ദിഖ് എന്നിവരും അക്രമി സംഘത്തിൽ ഉണ്ടായിരുന്നു. പ്രദേശത്ത് യൂത്ത് ലീഗിൻ്റ നേതൃത്വത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളെയും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളെയും അസീസ് ലീഗ് യോഗങ്ങളിലും പൊതുജന മധ്യത്തിലും തുറന്ന് എതിർത്തിരുന്നു. ഇതുകൊണ്ടുണ്ടായ വ്യക്തിവിരോധമാണ് അക്രമത്തിന് പിന്നിൽ.
വർഷങ്ങളായി അസീസിനെതിരായി ഈ വ്യക്തി വിരോധം നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി തിരുവള്ളൂർ ടൗണിലെ സൗകാര്യ ബാങ്കിന് സമീപത്തു വച്ചാണ് രണ്ട് ബൈക്കുകളിലായി എത്തിയ അബ്ദുൾ സലാം, മുനീർ, സാബിത്, സുഹൈൽ എന്നിവർ നിർത്തിയിട്ട തൻ്റ കാറിൽ ഇരിക്കുകയായിരുന്ന അസീസിനെ അക്രമിക്കാനുള്ള ആദ്യ ശ്രമം നടത്തിയത്. ഇതോടെ അസീസ് കാർ ഓടിച്ച് വീട്ടിലേക്ക് പോയി. കാർ വീട്ടിനു മുന്നിലെത്തുമ്പോഴെക്കും അക്രമി സംഘം അവിടെ എത്തിയിരുന്നു. അസീസ് കാറിൻ്റെ ഡോർ ചില്ല് താഴ്ത്തിയതോടെ തലക്ക് അടിച്ചു പരിക്കേൽപിച്ചു. പിന്നീട് കാറിൽ നിന്നും വലിച്ച് പുറത്തിട്ടും മർദ്ദിക്കുകയായിരുന്നു. അക്രമത്തിൽ കാറിൻ്റെ ഡോർ ലോക്കിനും കണ്ണാടിക്കും കേട്പാട് പറ്റി. ബഹളം കേട്ട് അസീസിൻ്റ ഭാര്യയും ബന്ധുക്കളും വീടിന് പുറത്തെത്തിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു.
തിരുവള്ളൂർ ചാനിയം കടവിൽ ലീഗ് പ്രവർത്തകൻ മുതിരപ്പൊടി അബ്ദുൾ അസീസിനെ അക്രമിച്ചു പരിക്കേൽപിച്ച വരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ എം തിരുവള്ളൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് ഡിവൈഎഫ്ഐ സിപിഐ എം പ്രവർത്തകരെ ഉൾപ്പെടെ അക്രമിച്ച കേസുകളിലെ പ്രതികളാണ് അസീസിനെയും അക്രമിച്ചത്. വധശ്രമം, ബോംബേറ് ഉൾപ്പെടെയുളള കേസുകളിലെ പ്രതികളാണിവർ.









0 comments