മനോഭാവം പ്രധാനം; 'ബെസ്റ്റ് ആറ്റിറ്റ്യൂഡ് അവാർഡ്' അവതരിപ്പിച്ച് വിവിഎസ് ലക്ഷ്മൺ

സിംബാവേ പരമ്പരയിലെ ഒന്നാം മത്സരത്തിന് ശേഷം തിലക് വർമ്മയാണ് ഈ പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങിയ താരം.
ഹരാരെ: ട്വന്റി 20 ക്രിക്കറ്റിൽ ഇംഗ്ലണ്ട് ,അയർലൻഡ് എന്നീ ടീമുകൾക്കെതിരെയുള്ള തുടർച്ചയായ ഏഴ് തോൽവികൾക്ക് വിരാമമിട്ട് സിംബാബ്‌വെയ്‌ക്കെതിരെ ജയം നേടിയതിനു പിന്നാലെ, ഡ്രസ്സിങ് റൂമിൽ പുതിയൊരു പുരസ്കാരത്തിന് തുടക്കമിട്ട് താൽക്കാലിക പരിശീലകൻ വിവിഎസ് ലക്ഷ്മൺ.
റൺസിനും വിക്കറ്റുകൾക്കും അപ്പുറം കളിക്കാരുടെ പോസിറ്റീവ് നിലപാടിനെയും മത്സരത്തോടുള്ള സമർപ്പണത്തെയും ആദരിക്കുന്നതിനായി 'ബെസ്റ്റ് ആറ്റിറ്റ്യൂഡ് അവാർഡ്' എന്ന ഒരു പുത്തൻ മാതൃകയാണ് ലക്ഷ്മൺ പ്രഖ്യാപിച്ചത്.
സിംബാവേ പരമ്പരയിലെ ഒന്നാം മത്സരത്തിന് ശേഷം തിലക് വർമ്മയാണ് ഈ പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങിയ താരം.
മത്സരം വിജയിക്കാൻ 12 റൺസ് മാത്രം വേണ്ടപ്പോൾ ഇറങ്ങിയ തിലക് വർമ്മ 6 റൺസും ഒരു ക്യാച്ചും മാത്രമാണ് നേടിയതെങ്കിലും പരിശീലനത്തിലും ഗ്രൗണ്ടിൽ ചിലവഴിച്ച സമയത്തും താരം പുലർത്തിയ തികഞ്ഞ അച്ചടക്കവും കഠിനാധ്വാനവുമാണ് ഈ പുരസ്‌കാരത്തിന് തിലകിനെ തിരഞ്ഞെടുക്കാൻ മാനേജ്‍മെന്റിനെ പ്രേരിപ്പിച്ചത്.
വ്യക്തിഗത പ്രകടനം വലുതാണെങ്കിലും അതിനപ്പുറം കളിക്കാരുടെ മനോഭാവത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വിവിഎസ് ലക്ഷ്മൺ വ്യക്തമാക്കി. ഒരാളുടെ കഴിവിനോളം തന്നെ പ്രധാനമാണ് മനോഭാവവും.
"ടീം മാനേജ്‌മെന്‍റ് എന്ന നിലയിൽ, ഫീൽഡിംഗോ ബാറ്റിംഗോ ബൗളിംഗോ മാത്രമല്ല നമ്മൾ ഈ പരമ്പരയിൽ വിലയിരുത്തുന്നത്. ഓരോ കളിക്കാരന്‍റെയും മനോഭാവത്തെയും പോസിറ്റീവ് സമീപനത്തെയും അർഹിച്ച രീതിയിൽ നമ്മൾ ആദരിക്കും" വിവിഎസ് ലക്ഷ്മൺ പറഞ്ഞു.
സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളായ പെർഫോമൻസ് കോച്ച് ജോയ്, സ്ട്രെങ്ത് & കണ്ടീഷനിങ് കോച്ച് ഹർഷ എന്നിവരാണ് തിലക് വർമ്മയെ ആദ്യ മത്സരത്തിലെ വിജയിയായി തിരഞ്ഞെടുത്തത്. പരിശീലനത്തിലുടനീളം തിലക് പുലർത്തിയ കഠിനാധ്വാനത്തെയും ഏകാഗ്രതയെയും അവർ പ്രശംസിച്ചു.










0 comments