കാഞ്ഞിരപ്പള്ളിയിൽ കായികാവേശം

ജില്ലാ സ്കൂൾ കായികമേള നടക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് മൈതാനത്ത് അവസാന മിനുക്കുപണികൾ നടത്തുന്നു
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളിക്ക് മത്സരാവേശത്തിന്റെ ദിനങ്ങൾ സമ്മാനിച്ച് ജില്ലാ സ്കൂൾ കായികമേള വ്യാഴാഴ്‌ച ആരംഭിക്കും. 10വരെ സെന്റ് ഡോമിനിക്‌സ് കോളേജ് മൈതാനത്താണ് മത്സരങ്ങൾ. 13 സബ് ജില്ലകളിൽനിന്നായി 2,500ഓളം കായികതാരങ്ങൾ പങ്കെടുക്കും. വ്യാഴം രാവിലെ 9.45ന് ഡിഡിഇ ഹണി ജി അലക്സാണ്ടർ പതാക ഉയർത്തും. ഫ്രാൻസിസ് ജോർജ് എംപി മേള ഉദ്ഘാടനംചെയ്യും. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ 917 സ്‌കൂളുകളിൽനിന്നുള്ള കായികതാരങ്ങൾ 96 മത്സരയിനങ്ങളിൽ മാറ്റുരയ്‌ക്കും. അഞ്ചേക്കർ വിസ്തൃതിയിലുള്ള കോളേജ് ഗ്രൗണ്ടിൽ 400 മീറ്ററിന്റെ എട്ട് ട്രാക്കുകളാണുള്ളത്. ലോങ്ജംപ്, ട്രിപ്പിൾ ജംപ് മത്സരങ്ങൾ സിന്തറ്റിക് റൺവേയോടുകൂടിയ പിറ്റിലാണ് നടത്തുക. സംസ്ഥാന– ദേശീയ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന നിലവാരത്തിലുള്ള ഹർഡിൽസുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മത്സരാർഥികൾക്ക് വിശ്രമിക്കാൻ ആയിരം ചതുരശ്രയടി വിസ്തീർണമുള്ള പന്തലും ഒരുക്കി. കുടിവെള്ളം, മെഡിക്കൽ സഹായം, ക്ലോക്ക് റൂം എന്നിവയ്ക്കും ക്രമീകരണങ്ങളുണ്ട്. ഭക്ഷണം വിളമ്പാൻ ആയിരം ചതുരശ്രയടി വിസ്തീർണമുള്ള പന്തലുണ്ട്. ജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനംചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി വിജയികൾക്ക് സമ്മാനം നൽകും. വാർത്താസമ്മേളനത്തിൽ പബ്ലിസിറ്റി കൺവീനർ ജോബി വർഗീസ്, സ്‌പോർട്‌സ് കോ ഓർഡിനേറ്റർ ബിജു ആന്റണി, ജോഷി ഇമ്മാനുവൽ, സിറിയക് മാത്യു നരിതൂക്കിൽ, സെബിൻ മാത്യു എന്നിവർ പങ്കെടുത്തു.









0 comments