കണ്ണുപോലെ കാത്തിടാം

കൊച്ചി
‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’, ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്നെസ് ഈ വര്‍ഷത്തെ കാഴ്ചദിനത്തില്‍ ലോകത്തോടു പങ്കുവയ്‌ക്കുന്ന മുദ്രാവാക്യമിതാണ്. ജന്മനാ കാഴ്ചയില്ലാത്തവരെക്കാള്‍ കണ്ണിനുണ്ടാകുന്ന അപകടങ്ങള്‍മൂലവും ആശ്രദ്ധകൊണ്ടും നേത്രപടലത്തിന് പരിക്കേറ്റ് കാഴ്ചയുടെ വര്‍ണലോകം നഷ്ടമായവരാണ് അധികവും. ഇത്തരത്തിലുള്‍പ്പെടെയുള്ള എഴുനൂറിലധികം രോഗികള്‍ക്ക് കാഴ്ചയേകിയയാളാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കണ്ണ് മാറ്റിവയ്‌ക്കല്‍ വിദഗ്ധന്‍ ഡോ. അനില്‍ രാധാകൃഷ്ണന്‍.
ഡോ. അനില്‍ രാധാകൃഷ്ണന്‍
കണ്ണിന് പരിക്കേറ്റാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടനെ ഡോക്ടറെ കാണിക്കണമെന്ന് അദ്ദേഹം പറയുന്നു. ചെറിയപ്രശ്‌നംകൊണ്ട് കാഴ്ചയുടെ ലോകം നഷ്ടമായവര്‍ നിരവധിയാണ്. നേത്രപടലത്തിൽ അഞ്ച് പാളികളുണ്ട്. അതില്‍ ചിലർക്ക് കൃഷ്ണമണിയുടെ ഏറ്റവും പിന്നിലുള്ള പാളിക്കായിരിക്കും പ്രശ്‌നം. അത് മാത്രം മാറ്റിവച്ചാല്‍ കാഴ്ച ലഭിക്കും. 2004 മുതല്‍ വര്‍ഷത്തില്‍ 35 പേര്‍ക്കുവരെ താൻ നേത്രപടലം മാറ്റിവയ്‌ക്കുന്നുണ്ട്. അതില്‍ 85 ശതമാനത്തിനും പൂര്‍ണമായി കാഴ്ച ലഭിക്കുന്നു. കൃഷ്ണമണിയുടെ മുകളിലുള്ള പാളികളിലൊക്കെ പ്രശ്‌നമുള്ളവർക്കാണ് മാറ്റിവയ്‌ക്കേണ്ടിവരുന്നത്. മരണാനന്തരം മാത്രമാണ് നേത്രപടലം ശേഖരിക്കാനാകുക. ഭയംകൊണ്ട് നേത്രദാനത്തില്‍നിന്ന് പിന്മാറരുത്. ആലിന്‍ എന്ന കുഞ്ഞിന്റെ മരണാനന്തരം രണ്ടു നേത്രപടലവും കുടുംബം ദാനംചെയ്തിരുന്നു. മൂന്നരയും ഏഴും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് ആലിന്‍ കാഴ്ചയേകിയത്. 30,000 മുതല്‍ 1,00,000 വരെ മാത്രമാണ് കേരളത്തില്‍ ഇവ മാറ്റിവയ്‌ക്കാന്‍ ചെലവ്–ഡോ. അനില്‍ രാധാകൃഷ്ണന്‍ പറയുന്നു.
ഇന്ത്യയിൽ ഏകദേശം 50 ലക്ഷത്തോളം ആളുകൾ നേത്രപടല അന്ധതമൂലം കഷ്‌ടതയനുഭവിക്കുന്നു. 2019-ൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ സർവേപ്രകാരം 50 വയസ്സിൽ താഴെയുള്ളവരുടെ അന്ധതയുടെ കാരണങ്ങളിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് നേത്രപടല പ്രശ്‌നങ്ങളാണ്.







0 comments