Deshabhimani

ഗ്രാന്റാണ്‌ ‘പൊറോട്ട പഫ്‌സ്‌’

‘Porotta Puffs’

ആലുവ ദി ഗ്രാന്റ്‌ ഹോട്ടൽ

വെബ് ഡെസ്ക്

Published on Oct 08, 2026, 03:17 AM | 1 min read

കൊച്ചി


പൊറോട്ടയും പഫ്‌സുമെല്ലാം മലയാളികളുടെ ഇഷ്ടവിഭവമാണ്‌. എന്നാൽ, അധികമാരും കഴിക്കാത്തൊരു വിഭവമുണ്ട്‌ ആലുവയിലെ ദി ഗ്രാൻഡ്‌ ഹോട്ടലിൽ. 121 വർഷത്തെ പാരന്പര്യമുള്ള ഹോട്ടലിൽ മാത്രംകിട്ടുന്ന ‘പൊറോട്ട പഫ്‌സ്‌’ കഴിക്കാനായി നിരവധിപേരാണ്‌ എത്തുന്നത്‌. സാധാരണ പൊറോട്ട ഉണ്ടാക്കുന്നതിനായി പരത്തിയെടുക്കുന്ന മൈദയിലേക്ക്‌, ബീഫ്‌ ചേർത്ത്‌ തയ്യാറാക്കുന്ന മസാല നിറച്ച്‌ ചതുരാകൃതിയിൽ മടക്കിയശേഷം ദോശക്കല്ലിൽ ചുട്ടെടുത്താണ്‌ പാചകം. പകൽ 12 മുതൽ ലഭ്യമാകുന്ന പൊറോട്ട പഫ്‌സിന്‌ 40 രൂപയാണ്‌ വില. തലശേരി വിഭവം ആണെങ്കിലും നിലവിലിത്‌ ഗ്രാൻഡ്‌ ഹോട്ടലിൽ മാത്രമേയുള്ളൂവെന്ന്‌ ഉടമ ന‍ൗഷാദ്‌ പറഞ്ഞു.


puffs


1905ൽ ആലുവ സ്വദേശിയായ കൊച്ചാക്ക എന്ന്‌ വിളിക്കുന്ന ഷേക്കുട്ടി കൊച്ചാണ്‌ കട തുടങ്ങിയത്‌. കൊച്ചാക്കയുടെ മരണത്തോടെ മകൻ പരീതുപിള്ള ഏറ്റെടുത്തു. 2012 മുതൽ പരീതുപിള്ളയുടെ മകൻ ന‍ൗഷാദാണ്‌ കട നടത്തുന്നത്‌. ഓലമേഞ്ഞ ഷെഡ്ഡായിരുന്നു ആദ്യം.


1945ൽ സ്വന്തമായി കെട്ടിടം നിർമിച്ചു. അതേ കെട്ടിടത്തിലാണ്‌ ഇപ്പോഴും പ്രവർത്തനം. 1961, 2018 വർഷങ്ങളിലെ പ്രളയത്തിൽ കടയിൽ വെള്ളം കയറിയിരുന്നെങ്കിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഇരുപതോളം ജീവനക്കാരും സഹായത്തിനുണ്ട്‌.

രാവിലെ എട്ടിന്‌ തുറക്കുന്ന കടയിൽ അപ്പം, പുട്ട്‌, ദോശ തുടങ്ങിയവയുണ്ട്‌. ഉ‍ൗണ്‌ ഇല്ലാത്തതിനാൽ ഉച്ചയ്ക്ക്‌ ബിരിയാണി ആണ്‌ പ്രധാന വിഭവം.


ചിക്കൻ, ബീഫ്‌, മട്ടൻ ബിരിയാണിയാണുള്ളത്‌. ചിക്കൻ, ബീഫ്‌ ബിരിയാണിക്ക്‌ 170 രൂപവീതവും മട്ടന്‌ 280 രൂപയുമാണ്‌ ഇ‍ൗടാക്കുന്നത്‌. ആലുവ ബാങ്ക്‌ കവലയിലെ ഫെഡറൽ ബാങ്ക്‌ ഹെഡ്‌ ഓഫീസിന്‌ സമീപത്താണ്‌ ഹോട്ടൽ. രാത്രി എട്ടുവരെയാണ്‌ തുറക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home