Deshabhimani

സുരക്ഷിതരല്ല സ്‌ത്രീകൾ

ചുറ്റും വേട്ടപ്പട്ടികൾ ഒപ്പം പൊലീസും

gang-rape
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Oct 08, 2026, 03:20 AM | 2 min read

കൊച്ചി


സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുമ്പോൾ കുറ്റവാളികൾക്ക്‌ കൂട്ടായി പൊലീസും. സ്‌പായിൽ ജോലി നൽകാമെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞയാഴ്‌ച യുവതിയെ കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ്‌ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അനധികൃത സ്‌പാകളിലെ പരിശോധനകളിൽ പൊലീസ്‌ വീഴ്‌ചയാണ്‌ ഇത്തരം കൊടുംകുറ്റകൃത്യങ്ങൾക്ക്‌ വളമാകുന്നത്‌.


പൊലീസ് പരിശോധനകളില്ലാത്തത് മുതലെടുത്ത്‌ കൂണുപോലെ മുളച്ചുപൊന്തുകയാണ് സ്‌പാകൾ. അനാശാസ്യ പ്രവർത്തനങ്ങളടക്കം നടക്കുന്ന ഇത്തരം സ്പാകളെ ചുറ്റിപ്പറ്റിയുള്ള കേസുകളും വർധിക്കുകയാണ്‌. കളമശേരി കേസിലെ പ്രധാന പ്രതി ശ്രീരാജ്‌ അഞ്ച്‌ സ്‌പാകളാണ്‌ കൊച്ചി നഗരത്തിൽ നടത്തിയിരുന്നത്‌. സംഭവം വിവാദമായപ്പോൾ ബുധനാഴ്‌ച വീണ്ടും പരിശോധനയുമായി സിറ്റി പൊലീസ്‌ ഇറങ്ങി.

​

സ്‌പാ റാക്കറ്റിൽ 
 പൊലീസും


മൂന്ന്‌ പൊലീസുകാർക്കാണ്‌ സ്‌പായുമായി ബന്ധപ്പെട്ട കേസുകളിൽ സസ്‌പെൻഷൻ ലഭിച്ചത്‌. പാലാരിവട്ടം സ്റ്റേഷൻ ഗ്രേഡ് എസ്‌ഐയായിരുന്ന കെ കെ ബൈജുവിനെ ഇത്തരമൊരു കേസിൽ സസ്‌പെൻഡ്‌ ചെയ്‌തു. പാലാരിവട്ടം റോയല്‍ വെല്‍നസ് സ്പായില്‍ പോയിവന്ന പൊലീസുകാരനെ അവിടത്തെ ജീവനക്കാരി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മാല പൊലീസുകാരൻ മോഷ്ടിച്ചെന്നും ആറരലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. അയാൾ നിഷേധിച്ചതോടെ പാലാരിവട്ടം സ്റ്റേഷനിലെത്തി ഇവർ പരാതി നല്‍കി. ഇതിനിടെ, സ്‌പാ നടത്തിപ്പുകാരൻ ഷിഹാമും പൊലീസുകാരനെ വിളിച്ച്‌ സ്പായില്‍ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന്‌ കെ കെ ബൈജു ഇടപെട്ട്‌ നാലുലക്ഷം രൂപ വാങ്ങി സംഭവം ഒതുക്കിത്തീര്‍ത്തുവെന്നാണ്‌ കേസ്‌. 
പഴയ കതൃക്കടവ് റോഡിലെ ഓൾഗ ഹോംസ്‌റ്റേ എന്ന സ്ഥാപനത്തിൽ സ്പായുടെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയതിന്‌ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇ‍ൗ സ്‌പായിൽനിന്നുള്ള വരുമാനം പോയിരുന്നത് രണ്ടു പൊലീസുകാരുടെ അക്കൗണ്ടുകളിലേക്കായിരുന്നു. ലക്ഷങ്ങളായിരുന്നു ഇത്തരത്തിൽ അക്കൗണ്ടിലെത്തിയത്. ഇവരെ പിന്നീട് സസ്‌പെൻഡ് ചെയ്‌തു.

​

കത്തിമുനയിൽ കൊള്ള, ബലാത്സംഗശ്രമം


നഗരമധ്യത്തിലെ വീട്ടിൽ കത്തിമുനയിൽ മൂന്ന്‌ സ്‌ത്രീകളെ വിവസ്‌ത്രരാക്കി കവർച്ച നടത്തിയത്‌ സെപ്‌തംബർ 17ന്‌ ആണ്‌. പാലാരിവട്ടം സംസ്‌കാര ജങ്‌ഷനുസമീപം നടന്ന കൊള്ളയിൽ നാല്‌ മലയാളികളും മൂന്ന്‌ ഉത്തരേന്ത്യൻ സ്വദേശികളും പിടിയിലായി. അതിഥിത്തൊഴിലാളികൾ താമസിച്ച വാടകവീട്ടിലാണ്‌ അതിക്രമിച്ചുകയറി പണവും മൊബൈൽഫോണുകളും സ്വർണാഭരണങ്ങളും കവർന്നത്‌. കവർച്ചയ്‌ക്കിടെ അക്രമികൾ മൂന്നു സ്‌ത്രീകളുടെ വസ്‌ത്രം ബലമായി അഴിച്ച്‌ സ്വർണമാലയും കമ്മലും കൈവശപ്പെടുത്തുകയുമായിരുന്നു.


ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി, യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്‌ കഴിഞ്ഞ മേയിലാണ്‌. മൂന്ന്‌ പ്രതികൾ അറസ്‌റ്റിലായി. ഇതിൽ കൊലപാതകക്കേസ്‌ പ്രതിയുൾപ്പെടെയുണ്ടായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷന് എതിർവശം കാടുപിടിച്ചുകിടക്കുന്ന ഹോട്ടൽ സമുച്ചയത്തിലായിരുന്നു സംഭവം. സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിയ യുവാവും യുവതിയും മഴ നനയാതിരിക്കാൻ കെട്ടിടത്തിലേക്ക്‌ കയറി. ഇവിടെ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികൾ സുഹൃത്തിനെ മർദിച്ച്‌, കത്തിമുനയില്‍ നിർത്തിയാണ്‌ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്‌. പ്രതികളിലൊരാളുടെ കൈയിൽ കടിച്ചശേഷം യുവതി ആൺസുഹൃത്തുമായി ഓടിരക്ഷപ്പെടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home