അപകടം പതിവായി കരിയിൽ നാലുമുക്ക് ജങ്‌ഷൻ

കരിയിൽ നാലുമുക്ക് ജങ്‌ഷനിലെ അപകട മേഖല
കഴക്കൂട്ടം
കഴക്കൂട്ടം–മേനംകുളം തീരദേശപാതയിലെ കരിയിൽ നാലുമുക്ക് ജങ്‌ഷൻ സ്ഥിരം അപകടമേഖല. റോഡ് അപകടങ്ങൾ പതിവായതിനെ തുടർന്ന് നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയെങ്കിലും അപകടങ്ങൾക്ക് ശമനമില്ല. കഴിഞ്ഞ ആറുമാസത്തിനിടെ അഞ്ചിലധികംപേർ മരിക്കുകയും നിരവധി വാഹനാപകടങ്ങൾ ഉണ്ടാകുകയും ചെയ്‌തു. കഴക്കൂട്ടം റെയിൽവേ മേൽപ്പാലം ഇറങ്ങി നേരെയെത്തുന്ന റോഡിലെ പെട്ടെന്നുള്ള വളവും നാലുമുക്ക് ജങ്‌ഷനും തുടർന്നുവരുന്ന രണ്ട് വളവുകളും റോഡിന്റെ വീതി കുറവും അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. എഫ്‌സിഐ ഗോഡൗണിൽനിന്നുള്ള ചരക്കുലോറികളും തീരദേശ മേഖലകളിലേക്ക് പോകുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. ഇരുചക്രവാഹന യാത്രക്കാരും ചെറുവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. കരിയിൽ ജങ്‌ഷൻമുതൽ മേനംകുളം ജങ്‌ഷൻ കഴിഞ്ഞുള്ള ഒരു കിലോമീറ്റർവരെയുള്ള ഭാഗത്തും റോഡിന് വീതി കുറവാണ്. നടപ്പാതയില്ലാത്തതിനാൽ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരും അപകടഭീഷണി നേരിടുന്നു. ഗവ. വനിതാ ഐടിഐ, മേനംകുളം കിൻഫ്ര പാർക്ക്, സ്വകാര്യ കോളേജുകൾ, എൻജിനിയറിങ് കോളേജുകൾ, സ്കൂളുകൾ തുടങ്ങിയവ സ്ഥിതിചെയ്യുന്ന മേഖലയാണിത്. ലോറികളുടെ മത്സരയോട്ടത്തിനിടെ റോഡിലെ ഡിവൈഡർപോലും തകർന്ന നിലയിലാണ്. റോഡിന്റെ നവീകരണം ഉടൻ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ ശ്രീകുമാർ പറഞ്ഞു.








0 comments