വടുതല–പേരണ്ടൂർ പാലം നിർമാണം
വീണ്ടും ഉദ്‌ഘാടനം; ഇതെന്ത് പ്രഹസനം

വടുതല–പേരണ്ടൂർ പാലം പദ്ധതിയുടെ പേരിൽ വീണ്ടും ഉദ്ഘാടനം.
കൊച്ചി
വടുതല–പേരണ്ടൂർ പാലം പദ്ധതിയുടെ പേരിൽ വീണ്ടും ഉദ്‌ഘാടനം. പാലത്തിന്റെ നിർമാണോദ്‌ഘാടനം ഇത്തവണ നടത്തിയത് മന്ത്രി പി കെ ബഷീർ. വടുതല റെയിൽവേ മേൽപ്പാലത്തിന്റെയും നിർമാണോദ്‌ഘാടനം മന്ത്രി നിർവഹിച്ചു.
എൽഡിഎഫ് സർക്കാരിന്റെ വികസന പ്രതിബദ്ധതയുടെയും സാന്പത്തിക പിന്തുണയുടെയും കരുത്തിൽ വടുതല–പേരണ്ടൂർ പാലം നിർമാണത്തിന് തുടക്കമിട്ടിരുന്നു. 2026 ഫെബ്രുവരിയിൽ പൈലിങ്ങ് ആരംഭിച്ച പദ്ധതിയാണിത്. പാലം നിർമാണം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ടി ജെ വിനോദ് വോട്ട് പിടിച്ചു. യുഡിഎഫ് സർക്കാരുണ്ടായിട്ടും തുടർച്ചയായി അവരുടെ എംപിയും എംഎൽഎയും പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്പോഴും നടപ്പാക്കാത്ത പദ്ധതിയാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്. 34.24 കോടിയുടെ പുതുക്കിയ ഭരണാനുമതിയും നൽകി.
2026 ഫെബ്രുവരി 17ന് വടുതല - പേരണ്ടൂർ പാലത്തിന്റെ നിർമാണോദ്‌ഘാടനച്ചടങ്ങിൽ
ടി ജെ വിനോദ് എംഎൽഎ, മേയർ വി കെ മിനിമോൾ, ഹൈബി ഈഡൻ എംപി എന്നിവർ
സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടി പൂർത്തിയാക്കിയാണ് നിർമാണത്തിലേക്ക് കടന്നത്. മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഹൈബി ഈഡൻ എംപി തനിക്ക് വോട്ട് ലഭിക്കാനായി ടെസ്റ്റ് പൈലിങ് നടത്തി ഉദ്ഘാടനം നിർവഹിച്ച ചരിത്രമുള്ള പദ്ധതിയാണിത്. പാലം നിർമാണത്തിന് ഫണ്ട് വകയിരുത്താതെയും സ്ഥലം ഏറ്റെടുക്കാതെയുമായിരുന്നു പ്രഹസനം.
വടുതല റെയിൽവേ മേൽപ്പാലം പദ്ധതിക്ക് തുണയായതും എൽഡിഎഫ് സർക്കാരാണ്. ഭാരപരിശോധന നടത്തി നിർമാണ കന്പനിക്ക് കരാറും നൽകി. സ്ഥലം ഏറ്റെടുപ്പിനായി പ്രത്യേക വിങ് രൂപീകരിക്കുമെന്ന് ബുധനാഴ്‌ച നടന്ന ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. പച്ചാളം ജങ്ഷൻ വികസനത്തിനായി കോർപറേഷൻ സ്ഥലം ഏറ്റെടുത്തു നൽകിയാൽ പിഡബ്ല്യുഡി തുക അനുവദിക്കുമെന്നും പറഞ്ഞു.
ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എം പി, മേയർ വി കെ മിനി മോൾ, കലക്ടർ ജി പ്രിയങ്ക എന്നിവർ മുഖ്യതിഥികളായി.







0 comments