അപേക്ഷകരെ ‘വിജിലൻസിനെക്കൊണ്ട് പിടിപ്പിക്കും’
വിവരാവകാശത്തിന് തടയിടാൻ കൊച്ചി കോർപറേഷൻ


സ്വന്തം ലേഖകൻ
Published on Oct 08, 2026, 02:55 AM | 1 min read
കൊച്ചി
വിവരാവകാശനിയമത്തിന് പൂട്ടിടാൻ യുഡിഎഫ് നേതൃത്വത്തിലുള്ള കൊച്ചി കോർപറേഷൻ. വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് വിജിലൻസിന് കൈമാറാൻ കൗൺസിൽ തീരുമാനിച്ചു. വിവരാവകാശനിയമത്തിന്റെ ദുരുപയോഗം തടയാനെന്ന പേരിലാണിത്. എന്നാൽ അഴിമതിയും ക്രമക്കേടുകളും പുറത്തുവരരുതെന്ന ഗൂഢലക്ഷ്യത്തോടെയാണ് കേട്ടുകേൾവിയില്ലാത്ത നീക്കം.
തുടർച്ചയായി വിവരാവകാശ അപേക്ഷ നല്‍കിയിട്ടുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ കോർപറേഷൻ വിജിലൻസിന് കൈമാറും. ഇവരുടെ ഉപജീവനമാര്‍ഗം, സാമ്പത്തിക ഉറവിടം എന്നിവയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെടും. ഇതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
‘പരാതി തൊഴിലാളികൾ’ എന്നാണ് യുഡിഎഫ് അംഗം കൗൺസിലിൽ വിവരാവകാശ അപേക്ഷകരെ ആക്ഷേപിച്ചത്. ഇവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. പതിനഞ്ചില്‍ കൂടുതല്‍ വിവരാവകാശ അപേക്ഷ നല്‍കിയാല്‍ അവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് യുഡിഎഫ് കൗൺസിലർ ജിസൺ ജോർജ് ആവശ്യപ്പെട്ടു. വിവരാവകാശം തടയാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് കൗൺസിലർമാർ രംഗത്തെത്തി. വിവരാവകാശ അപേക്ഷകളെ ഭയക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൗൺസിലർ എലിസബത്ത് ഇടിക്കുള ചോദിച്ചു. തെറ്റ് ചെയ്‌തിട്ടില്ലെങ്കിൽ പരാതിയെ ഭയക്കേണ്ടതില്ല. പരാതികളില്‍ ന്യായമുണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ജനങ്ങൾക്ക് പരാതി പറയാനുള്ള അവകാശമുണ്ട്– എലിസബത്ത് ഇടിക്കുള പറഞ്ഞു.
ചില ശക്തികേന്ദ്രങ്ങള്‍ പരാതി നൽകി തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ചില അഴിമതിക്കേസുകളിലെ വിവരാവകാശ ദുരുപയോഗത്തിന്റെ വിവരങ്ങള്‍ വിജിലന്‍സ് ശ്രദ്ധയില്‍പ്പെടുത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മേയർ വി കെ മിനിമോൾ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയതോടെ കൊച്ചിയുടെ വികസനം മുരടിച്ചതായി എൽഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കുടിവെള്ളക്ഷാമം രൂക്ഷമായി. റോഡുകൾ പൊട്ടിപ്പൊളിഞ്ഞു. തെരുവുനായശല്യം കാരണം പൊറുതിമുട്ടുകയാണ് നഗരവാസികൾ. മാലിന്യനിർമാർജനം പാളി. അനധികൃതനിർമാണങ്ങൾ തടയുന്നില്ല. തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും കൗൺസിലർമാർ പറഞ്ഞു.







0 comments