ശബരിമല തീർഥാടനം അരികെ
ഒരുക്കങ്ങൾ പാളി പഴിചാരി സർക്കാർ വകുപ്പുകൾ

എരുമേലി കരിങ്കല്ലുംമുഴി പാലത്തിനോട് ചേർന്ന ചെക്ക്ഡാമിൽ ചെളിയും മണലും കെട്ടിക്കിടക്കുന്ന നിലയിൽ
എരുമേലി ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിനിൽക്കേ പ്രധാന ഇടത്താവളമായ എരുമേലിയിൽ മുന്നൊരുക്കങ്ങൾ എങ്ങുമെത്തിയില്ല. തീർഥാടകർക്ക് സൗകര്യമൊരുക്കുന്ന കാര്യത്തിൽ സർക്കാർ വകുപ്പുകൾ തമ്മിലടി തുടരുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലും വകുപ്പുതല ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുകയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പണി പൂർത്തീകരിച്ച് ഉദ്‌ഘാടനം ചെയ്ത എരുമേലി വലിയമ്പലത്തോട് ചേർന്ന അന്നദാനമണ്ഡപം തീർഥാടകർക്ക് തുറന്നുകൊടുക്കില്ലെന്ന് ഉറപ്പായി. ഇതിനോട് ചേർന്ന മൺകൂനയും ഇതുവരെ നീക്കിയില്ല. തീർഥാടകർക്ക് കുടിവെള്ളം നൽകാനുള്ള ജലവിതരണ വകുപ്പിന്റെ പൊതുടാപ്പുകൾപോലും ഇല്ലാതാക്കി. തീർഥാടകർ കുളിക്കുന്ന ക്ഷേത്രം കടവിലെ മാലിന്യവും നീക്കിയിട്ടില്ല. എരുമേലി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ മരുന്നോ ഇല്ലാത്ത സ്ഥിതിയാണ്. ശബരിമല പാതയടക്കമുള്ള റോഡുകളിൽ അറ്റകുറ്റപ്പണി നടത്താനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. പാർക്കിങ് ഗ്രൗണ്ടുകൾ, ശൗചാലയങ്ങൾ എന്നിവയുടെ ലേലവും നടന്നിട്ടില്ല. സ്‌പെഷ്യൽ ഡ്യൂട്ടിക്കായി എത്തുന്ന ഡോക്ടർമാർക്കും വകുപ്പുതല ഉദ്യോഗസ്ഥർക്കും വിശ്രമ സൗകര്യമേർപ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം കലക്ടർ അധ്യക്ഷനായി യോഗം ചേർന്നിരുന്നു. എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് യോഗത്തിൽ കലക്‌ടർ നിർദേശിച്ചു. അപകടസാധ്യതയുള്ള മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ പൂർത്തിയാകാനുണ്ട്.









0 comments