റൺ അപ്പ് മാർക്കർ വലിച്ചെറിഞ്ഞ് ജസ്‌പ്രീത് ബുംറ; വീഡിയോ

ജസ്‌പ്രീത് ബുംറ
ബംഗളൂരു : ഐപിഎല്ലിൽ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് പേസർ ജസ്‌പ്രീത് ബുംറ കടന്നുപോകുന്നത്. മുംബൈ ഇന്ത്യൻസ് താരം ബുംറയ്ക്ക് ഈ സീസണിൽ ഇതുവരെ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. അഞ്ച് മത്സരങ്ങളിൽ 164 റൺസാണ് താരം വിട്ടുകൊടുത്തത്.
മൈതാനത്ത് സാധാരണയായി ശാന്തനായി കാണപ്പെടുന്ന ബുംറ നിരാശയിൽ രോഷാകുലനാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏപ്രിൽ 12ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിനിടെ ബുംറ ദേഷ്യത്തോടെ പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തന്റെ നാലോവർ പൂർത്തിയായ ശേഷം തിരികെ വരുമ്പോൾ ദേഷ്യത്തിൽ താഴേക്ക് നോക്കി ആക്രോശിക്കുന്നതും, റൺ-അപ്പ് മാർക്കർ വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്. ആർസിബിക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 35 റൺസാണ് താരം വഴങ്ങിയത്. പഞ്ചാബ് കിങ്‌സിനെതിരായ തൊട്ടടുത്ത മത്സരത്തിലും നാല് ഓവറിൽ 41 റൺസ് വഴങ്ങി ബുംറ നിരാശപ്പെടുത്തി.
ബുംറയുടെ ഈ സീസണിലെ ഇക്കോണമി നിരക്കും ആരാധകരെ ആശങ്കപ്പെടുത്തി. പവർപ്ലേയിൽ 8, മധ്യ ഓവറുകളിൽ 8.68, ഡെത്ത് ഓവറുകളിൽ 9.5 എന്നിങ്ങനെയാണ് താരത്തിന്റെ കണക്കുകൾ. യോർക്കറുകളും ഓഫ് കട്ടറുകളും ഉപയോഗിച്ച് മുൻ സീസണുകളിൽ 60 ശതമാനം വിക്കറ്റുകളും നേടിയിരുന്ന ബുംറ, ഇത്തവണ സ്ലോ ബോളുകൾ കൂടുതൽ പരീക്ഷിക്കുന്നതാണ് തിരിച്ചടിയാകുന്നതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ വ്യക്തമാക്കി.
ബുംറ യുടെ പന്തിന്റെ ശരാശരി വേഗത നിലവിൽ മണിക്കൂറിൽ 130 കിലോമീറ്ററാണ്. ഫാസ്റ്റ് ഡെലിവറികളുടെ എണ്ണം കൂട്ടുകയും സ്ലോവർ ബോളുകളുടെ ശതമാനം കുറയ്ക്കുകയും ചെയ്താൽ മാത്രമേ മികച്ച ഫലം ലഭിക്കൂ എന്നും വിക്കറ്റുകൾ ലഭിക്കാത്തത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നും പത്താൻ കൂട്ടിച്ചേർത്തു.









0 comments