print edition വിറച്ചു ജയിച്ചു

മത്സരശേഷം ജപ്പാൻ ക്യാപ്‌റ്റൻ കെൻഡൽ കദോവാകി ഫ്ലെമിങ്ങിന് ഹസ്തദാനം നൽകുന്ന ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ
സാനോ: ജപ്പാനോട് കഷ്‌ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് മുന്നോടിയായുള്ള സൗഹൃദപ്പോരിൽ ആതിഥേയരോട് രണ്ട് റണ്ണിന് ജയിച്ച് നാണക്കേടിൽ നിന്നും കരകയറി. മഴയെത്തുടർന്ന് അഞ്ചോവർ വീതമുള്ള മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺ മാത്രമാണ് നേടാൻ സാധിച്ചത്. ജപ്പാന്റെ മറുപടി 30/3ൽ അവസാനിച്ചു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രേയസ് അയ്യർക്കും ടീമിനും പിഴച്ചു. അച്ചടക്കമുള്ള പന്തേറുമായി ജപ്പാൻ കളം വാണു. അപകടകാരികളായ സഞ്‌ജു സാംസണെയും (7 പന്തിൽ 9) അഭിഷേക് ശർമയെയും (0) വേഗം മടക്കി. ഇഷാൻ കിഷാനും (6 പന്തിൽ 3) പിടിച്ചുനിൽക്കാനായില്ല. ക്യാപ്‌റ്റൻ ശ്രേയസാണ് (12 പന്തിൽ 16) ടോപ്‌സ്‌കോറർ. ചാർലി ഹാര ഹിൻസെ ജപ്പാനായി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
മറുപടിയിൽ വിജയത്തിന് അടുത്തെത്തിയെങ്കിലും ഇന്ത്യൻ പരിചയസമ്പത്തിനെ മറികടക്കാൻ എതിരാളിക്കായില്ല. ക്യാപ്‌റ്റൻ കെൻഡൽ കദോവാകി ഫ്ലെമിങ്ങാണ് (12 പന്തിൽ 12) ടോപ്‌സ്‌കോറർ. വാഷിങ്‌ടൺ സുന്ദർ ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു.










0 comments