സൂപ്പര്‍ ലീഗിനൊരുങ്ങി ജവഹര്‍ സ്റ്റേഡിയം

കണ്ണൂര്‍ സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിൽ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം. വെള്ളി രാത്രി എട്ടിന് ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയും ഏറ്റുമുട്ടും. സ്റ്റേഡിയത്തിലെ ഒരുക്കം അവസാന ഘട്ടത്തിലെത്തി. ഗ്യാലറികളുടെ പെയിന്റിങ്, താല്‍ക്കാലിക ഫ്ലഡ് ലിറ്റുകൾ സ്ഥാപിക്കല്‍, ഈസ്റ്റ് ഗ്യാലറിക്ക് മുന്നിലെ താല്‍ക്കാലിക ഗ്യാലറി നിര്‍മാണം എന്നിവ പൂര്‍ത്തിയായി. ഡ്രസ്സിങ് റൂം, മെഡിക്കല്‍ റൂം, മീഡിയാ റൂം, ബ്രോഡ്കാസ്റ്റിങ് റൂം ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. സെക്യൂരിറ്റി ബാരിക്കേഡുകള്‍ ഉള്‍പ്പെടെയുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ബാക്കിയുള്ളത്. പതിനാറായിരം പേർക്ക് കളി കാണാം 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാനാകാത്തതിനാല്‍ 16,000 പേര്‍ക്കാണ് കളി കാണാനാവുക. കഴിഞ്ഞ സീസണില്‍ ശരാശരി 15,356 പേരാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. ടിക്കറ്റ് വില ഗ്യാലറി മുതല്‍ ഡയറക്ടര്‍ ബോക്സ് വരെയാണ് ടിക്കറ്റുകള്‍. 199 രൂപ മുതല്‍ 1999 രൂപ വരെയാണ് വില. 199 രൂപയ്ക്ക് ജനറല്‍ സൗത്ത് ഗ്യാലറി, ബഫ് ഗ്യാലറി, 499 രൂപയുടെ പ്രീമിയം ബോക്സ്, 499 ഫാമിലി ടിക്കറ്റ് (12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികള്‍ക്കും പ്രവേശിക്കാം), 1999 രൂപയുടെ ഡയറക്ടര്‍ ബോക്സ് എന്നിവയാണ് ഉള്ളത്. ടിക്കറ്റുകൾ വാങ്ങാം ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകള്‍ www.kannurwarriorsfc.com വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും ആപ്ലിക്കേഷനിലും ലഭ്യമാണ്. ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ പൊലീസ് പരേഡ് ഗ്രൗണ്ടിനുസമീപം പ്രത്യേകം തയ്യാറാക്കിയ ബോക്‌സ് ഓഫീസില്‍ ലഭ്യമാണ്. പാര്‍ക്കിങ് മത്സരം കാണാനെത്തുന്നവര്‍ക്ക് വാഹനപാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയ ബസ് സ്റ്റാന്‍ഡ്, കോര്‍പറേഷന്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, ജിവിഎച്ച്എസ്എസ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, പൊലീസ് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.









0 comments