പിണറായി പെരുമയുടെ വേദിയിൽ ഇനി സൂര്യയില്ല

പിണറായി അടുത്ത പെരുമയ്ക്ക് കാണാം എന്ന പ്രതീക്ഷയോടെ പിണറായിയിൽനിന്ന് മടങ്ങിയ സൂര്യ കൃഷ്ണമൂർത്തി ഇനി ഓർമ. 2027ലെ പിണറായി പെരുമയുടെ ആദ്യഘട്ട ആലോചനകൾക്കായി ആഗസ്റ്റ് 20 നാണ് അദ്ദേഹം അവസാനമായി പിണറായിയിലെത്തിയത്. അടുത്ത പെരുമയുടെ ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ച് മടങ്ങിയ സൂര്യയുടെ അപ്രതീക്ഷിത വിയോഗം പിണറായിയുടെ സാംസ്കാരിക കൂട്ടായ്മകൾക്ക് തീരാനഷ്ടമായി. പിണറായി പെരുമയുടെ മുഖ്യ സംഘാടകനായ പിണറായി വിജയനുമായുള്ള ആത്മബന്ധവും സൂര്യ കൃഷ്ണമൂർത്തിയുടെ പിണറായിയോടുള്ള അടുപ്പത്തിന് ആഴം കൂട്ടി. പിണറായി പെരുമ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ച പിണറായി പെരുമ സർഗോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറായി ആദ്യഘട്ടം മുതൽ പ്രവർത്തിച്ചത് സൂര്യയാണ്. 2026ലെ പെരുമയിലും അദ്ദേഹം സജീവമായിരുന്നു. പിണറായി പെരുമ സർഗോത്സവത്തിന് പേര് നിർദേശിച്ചതും സൂര്യ കൃഷ്ണമൂർത്തിയായിരുന്നു. സിനിമാതാരങ്ങളെയും പ്രമുഖ കലാകാരന്മാരെയും പിണറായിയിലെത്തിച്ച് നാട്ടുകാർക്ക് സൗജന്യമായി മികച്ച കലാപരിപാടികൾ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പെരുമയുടെ സംഘാടകസമിതി രൂപീകരണം മുതൽ രണ്ടാഴ്ചയോളം നീളുന്ന ഉത്സവത്തിന്റെ സമാപനംവരെ കൈമെയ് മറന്ന് പ്രവർത്തിക്കുന്നതായിരുന്നു സൂര്യയുടെ രീതി. ഓരോ പെരുമയും അവസാനിച്ച് മടങ്ങുമ്പോഴും അടുത്ത പെരുമയ്ക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറയുമായിരുന്നു. സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ പിണറായി പെരുമ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അനുശോചിച്ചു. പെരുമ ഭാരവാഹികൾ തിരുവനന്തപുരത്തെത്തി അന്തിമോപചാരം അർപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പിണറായി ഇ എം എസ് വായനശാല പരിസരത്ത് അനുശോചന പൊതുയോഗം ചേരും.









0 comments