ad
Deshabhimani

ആത്മവിശ്വാസത്തിന്റെ കരുത്തിൽ ‘നന്ദ മോട്ടോഴ്‌സ്‌’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2026, 03:00 AM | 2 min read

ഇരിട്ടി പടിയൂരിലെ പ്രമോദ്‌ ആത്മവിശ്വാസം മൂലധനമാക്കി വിത്തിട്ട ‘നന്ദ മോട്ടോഴ്‌സ്‌’ പതിനഞ്ച്‌ വർഷംകൊണ്ട്‌ സംസ്ഥാനത്തെ മികച്ച സർവീസ്‌ വർക്‌ഷോപ്പുകളിലൊന്നായി വളർന്നു. ഇരിട്ടിക്കടുത്ത കൂളിച്ചെന്പ്രയിലാണ്‌ നന്ദ മോട്ടോഴ്‌സ്‌ വേരുകളാഴ്‌ത്തി പടർന്ന്‌ പന്തലിക്കുന്നത്‌. പരന്പരാഗത വർക്‌ഷോപ്പുകൾ ഒന്നൊന്നായി അടച്ചുപൂട്ടുന്പോഴാണ്‌ പ്രമോദ്‌ എന്ന യുവസംരംഭകൻ വർക്‌ഷോപ്പ്‌ ആരംഭിച്ചത്‌. വർഷങ്ങൾക്കിപ്പുറവും പ്രമോദിന്റെ നന്ദ മോട്ടോഴ്‌സ്‌ അന്വേഷിച്ച്‌ ആളുകൾ എത്തുന്നു. ഇരിട്ടി പഴയ പാലം മുതൽ കീഴൂർ കാമ്യാട്‌ വരെയും തന്തോട്‌ വരെയുമായി നാല്‌ കിലോമീറ്റർ ചുറ്റളവിൽ പത്ത്‌ ചെറുതും വലുതുമായ മോട്ടോർ വർക്ക്‌ഷോപ്പുകൾ നന്നായി പ്രവർത്തിച്ചിരുന്നു. 2011ൽ ഇരിട്ടി എംജി ഐടിസിയിൽനിന്ന്‌ പഠനം പൂർത്തിയാക്കി ഇറങ്ങിയ കാലം. പഠിച്ച വിഷയത്തിൽത്തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഒരു സംരംഭമായിരുന്നു പ്രമോദിന്റെ ആശയം. കൂളിച്ചെന്പ്രയിൽ രണ്ട്‌ ചെറിയ വാടകമുറികളിലായിരുന്നു തുടക്കം. അത്യാവശ്യ മോട്ടോർ വാഹന സ്‌പെയർ പാർട്‌സുകളടക്കമെത്തിച്ച്‌ സ്ഥാപനം തുറന്നു. മാരുതി 800 കാറുകളായിരുന്നു അന്ന്‌ നിരത്തിൽ കൂടുതലും. ഇവ നന്നാക്കിത്തുടങ്ങിയ വർക്ക്‌ഷോപ്പ്‌ പ്രവർത്തനം പുതുതലമുറ വാഹനങ്ങളുടെ പരിചരണത്തിലേക്കും വ്യാപിപ്പിച്ചു. ഡീസൽ ജീപ്പുകളടക്കവും അക്കാലത്ത്‌ നന്നാക്കിക്കൊടുത്തിരുന്നു. പുതിയകാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ സാധിച്ചുവെന്നതാണ്‌ പ്രമോദിന്റെ ട്രേഡ്‌ സീക്രട്ട്‌. ​ടൊയോട്ടയിലേക്ക്‌ പുതുതലമുറ വാഹനങ്ങളിൽ പ്രധാന ഇനമായ ടൊയോട്ട വിഭാഗത്തിന്റെ സർവീസിങ് ഏറ്റെടുത്തതോടെയാണ്‌ പ്രമോദിന്റെ ‘നന്ദ മോട്ടോഴ്‌സ്‌’ ബ്രാൻഡഡ്‌ സ്ഥാപനമായത്‌. കോഴിക്കോട്‌, എറണാകുളം, കോട്ടയം കേന്ദ്രങ്ങൾക്കൊപ്പം ഇരിട്ടിയിൽ ടൊയോട്ട മൾട്ടി ബ്രാൻഡ്‌ വർക്ക്‌ ഷോപ്പ്‌ പദവിയിലേക്ക്‌ നന്ദ വികസിച്ചു. സംസ്ഥാനത്ത്‌ ടൊയോട്ടയുടെ നാല്‌ ‘ടി സർവ്‌’ സർവീസിങ് സ്ഥാപനങ്ങളിലും സവിശേഷ സ്ഥാനംനേടി. ഇതിനകം സ്ഥാപനം നല്ലതോതിൽ വിപുലികരിച്ചു. കാക്കയങ്ങാട്‌ ഗവ. ഐടിഐ, ഇരിട്ടി എംജി ഐടിസി വിദ്യാർഥികളുടെ ഒരുമാസക്കാല ഇന്റേൺഷിപ്പ്‌ കേന്ദ്രമായി നന്ദ മോട്ടോഴ്‌സ്‌ വളർന്നു. സ്ഥാപനം കൂടുതൽ സ‍ൗകര്യങ്ങളോടെ കീഴൂർകുന്നിലെ സ്വന്തം സ്ഥലത്തേക്ക്‌ മാറ്റാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ പ്രമോദ്‌. ഒട്ടേറെ ജീവനക്കാർ പ്രത്യക്ഷമായും പരോക്ഷമായി അതിലേറെപ്പേരും ഇവിടെ ജോലിചെയ്യുന്നുണ്ട്‌. നാലുചക്ര വാഹന സർവീസിങ്ങിൽ സംസ്ഥാന പുരസ്‌കാരംനേടിയ നന്ദ നിലവിൽ പഴയതും പുതിയതുമായ എല്ലായിനം വാഹനങ്ങളുടെയും ജില്ലയിലെ പ്രധാന റിപ്പയറിങ് കേന്ദ്രമാണ്‌. ഒപ്പം വാഹന സ്‌പെയർ പാർട്‌സ്‌ ഇനങ്ങളുടെ പ്രധാന വിൽപ്പനകേന്ദ്രമായും മാറിക്കഴിഞ്ഞു. കൃത്യതയും സത്യസന്ധവുമായ സേവനമാണ്‌ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യമെന്ന്‌ പ്രമോദ്‌ പറയുന്നു. ആത്മവിശ്വാസവും വികസന കാഴ്‌ച്ചപ്പാടുമാണ്‌ ആദ്യം വേണ്ടത്‌. ലക്ഷ്യത്തിലെത്തിയാൽ വിട്ടുവീഴ്‌ചയില്ലാതെ അത്യധ്വാനം വിജയത്തിലേക്കുള്ള പടിവാതിൽ തുറക്കുമെന്നും പ്രമോദിനുറപ്പുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home