ഏഷ്യൻ ഗെയിംസ്: ക്രിക്കറ്റ് താരങ്ങൾക്ക് താമസസൗകര്യമില്ലെന്ന പരാതി; ഒടുവിൽ ഇടപെട്ട് സംഘാടകർ

photo: Getty Images
ടോക്കിയോ : ഈ മാസം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് താരങ്ങളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. ക്രിക്കറ്റ് താരങ്ങൾക്ക് മറ്റ് കായിക ഇനങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കൊപ്പം മികച്ച താമസസൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ നാഓകി അലക്സ് വ്യക്തമാക്കി.
ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുടെ കുറവുണ്ടെന്ന വാർത്തകൾക്കും താരങ്ങളുടെ പരാതികൾക്കുമിടെയാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവന്നത്. സെപ്റ്റംബർ 19 മുതൽ നഗോയയിലും ഐച്ചിയിലുമായി നടക്കാനിരിക്കുന്ന ഗെയിംസിൽ താമസസൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും സംബന്ധിച്ച് ഏഷ്യയിലെ മുൻനിര ടീമുകൾ ആശങ്കയും സംശയങ്ങളും പ്രകടിപ്പിച്ചിരുന്നതായി ശ്രീലങ്കൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.
ജപ്പാനിൽ ക്രിക്കറ്റ് അത്ര പ്രചാരത്തിലില്ലാത്തതിനാൽ പുതിയതായി തയാറാക്കിയ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. ഡ്രസിങ് റൂമുകളായി ടെന്റുകളും ദൂരെയുള്ള ശുചിമുറി സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന മാധ്യമ റിപ്പോർട്ടുകൾ മുൻപ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രത്യേകം അത്‌ലറ്റ്‌സ് വില്ലേജ് ഇല്ലാത്തതിനാൽ ക്രൂയിസ് കപ്പലുകളിലെ ക്യാബിനുകൾ, താൽക്കാലിക മരക്കണ്ടെയ്‌നറുകൾ, ഹോട്ടലുകൾ എന്നിവയാണ് സംഘാടകർ താമസത്തിനായി ക്രമീകരിച്ചിരിക്കുന്നത്.
പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ എണ്ണം 17,000 ആയി ഉയർന്നതോടെ താമസസൗകര്യങ്ങൾ വലിയ പ്രതിസന്ധിയിലായെന്ന് സംഘാടകർ മുൻപ് വ്യക്തമാക്കിയിരുന്നു. (2024 പാരിസ് ഒളിമ്പിക്സിൽ 11,000 അത്‌ലറ്റുകളാണ് പങ്കെടുത്തത്). ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ചേർന്നാണ് വിഷയത്തിൽ ഇടപെടൽ നടത്തിയത്.
ഈ വിഷയത്തിൽ ദീർഘകാലമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ക്രിക്കറ്റ് ടീമുകൾക്ക് ഹോട്ടൽ മുറികളാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും മിയാജി പറഞ്ഞു. മറ്റ് പല കായികയിനങ്ങൾക്കും ക്രൂയിസ് കപ്പൽ, കണ്ടെയ്നർ ഹോട്ടൽ തുടങ്ങിയ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ളപ്പോഴും ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച സൗകര്യം നൽകുമെന്നാണ് പുതിയ ഉറപ്പ്.
ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ടീമിലെ സൗകര്യങ്ങളിൽ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടൂർണമെന്റിനായി തയ്യാറെടുക്കാൻ 17 മാസം മാത്രമാണ് ലഭിച്ചതെന്നും, പരിമിതമായ സമയത്തിനുള്ളിൽ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മിയാജി പറഞ്ഞു. ശ്രീലങ്കയിലെ പല്ലെക്കെലെ സ്റ്റേഡിയത്തിലെ ക്യൂറേറ്റർ തയാറാക്കുന്ന പിച്ച് മികച്ച നിലവാരത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments