ഏഷ്യൻ ഗെയിംസ് 2026; ഇന്ത്യയെ ശ്രേയസ് അയ്യർ നയിക്കും, വൈഭവ് സൂര്യവംശിയും ടീമിൽ

ശ്രേയസ് അയ്യർ (ഇടത്) വൈഭവ് സൂര്യവംശി (വലത്)| Photo Yahoo Sports
ടോക്കിയോ/ന്യൂഡൽഹി : ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ട്വന്റി20 ഫോർമാറ്റിലാണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. അന്താരാഷ്ട്ര പദവിയോടെയാണ് മത്സരങ്ങൾ നടക്കുന്നത്. പുരുഷ ടീമിനെ ശ്രേയസ് അയ്യരും വനിതാ ടീമിനെ ഹർമൻപ്രീത് കൗറുമാണ് നയിക്കുന്നത്. കഴിഞ്ഞ തവണ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. അതിനാൽ നിലവിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ മത്സരിക്കാനിറങ്ങുന്നത്.
പുരുഷ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം തിലക് വർമ്മയ്ക്കാണ്. പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടംനേടിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്. മികച്ച റാങ്കിങ് ഉള്ളതുകൊണ്ട് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ പുരുഷ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ 24 നാണ് പുരുഷ വിഭാഗം മത്സരങ്ങൾ തുടങ്ങുന്നത്. ഗ്രൂപ്പ് മത്സരങ്ങൾ കളിച്ചെത്തുന്ന നാല് ടീമുകൾ കൂടി ക്വാർട്ടറിലെത്തും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സെമിയിലോ ഫൈനലിലോ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ. സെപ്റ്റംബർ 17നാണ് വനിതാ വിഭാഗം മത്സരങ്ങൾ തുടങ്ങുന്നത്. ക്വാർട്ടർ ഫൈനലിൽ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇതിൽ വിജയിച്ചാൽ സെമിയിൽ ബംഗ്ലാദേശിനെയോ ചൈനയെയോ ഇന്ത്യ നേരിടേണ്ടി വരും. മറ്റു ക്വാർട്ടറുകളിൽ ശ്രീലങ്ക മലേഷ്യയുമായും പാകിസ്ഥാൻ തായ്‌ലൻഡുമായും മത്സരിക്കും.










0 comments