ad
Deshabhimani

മത്സ്യത്തൊഴിലാളികളുടെ 
വയറ്റത്തടിച്ച്‌ സർക്കാർ

Malsya
വെബ് ഡെസ്ക്

Published on Jul 25, 2026, 01:44 AM | 1 min read

ആലപ്പുഴ

വ്യാപാര താല്പര്യങ്ങൾക്ക് മുന്നിൽ മത്സ്യത്തൊഴിലാളികളുടെ അധ്വാനവും ജീവിതവും അടിയറവ് വയ്‌ക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധം പുകയുന്നു. ലോക വ്യാപാര സംഘടനയുടെ കരാറിൽ കേന്ദ്ര സർക്കാർ ഒപ്പുവച്ചതോടെ, ജില്ലയിലെ അമ്പതിനായിരത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം അനിശ്ചിതത്വത്തിലായി. മത്സ്യബന്ധന മേഖലയ്ക്ക് താങ്ങായിരുന്ന ഇന്ധന സബ്സിഡികളും സാമ്പത്തിക ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള തീരുമാനം, തീരദേശ ജനതയുടെ വയറ്റത്തടിക്കും. ഏകദേശം 28,000 തൊഴിലാളികളാണ്‌ ജില്ലയിൽ കടലിൽ മീൻ പിടിക്കുന്നത്‌. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ 12000 വരും. ഇവരെ കൂടാതെ പതിനായിരങ്ങൾ മത്സ്യഅനുബന്ധ തൊഴിലെടുക്കുന്നുണ്ട്‌. ജില്ലയിൽ 151 ഇൻബോർഡ്‌ വള്ളങ്ങളും 1500 ഒ‍ൗട്ട്‌ബോർഡ്‌ മോട്ടോർ വള്ളങ്ങളുമുണ്ട്‌. കടലിൽ പോകുന്നവർ കൂടാതെ ഉൾനാടൻ മത്സ്യത്തൊഴിലാളികളും യന്ത്രവൽക്കൃത വള്ളങ്ങൾ ഉപയോഗിക്കുന്നുണ്ട്‌. എൻജിന്‌ മാസം 65 ലിറ്റർ മണ്ണെണ്ണ മാത്രമാണ്‌ നിലവിൽ കേന്ദ്രം അനുവദിച്ചിരിക്കുന്നത്‌. ലിറ്ററിന്‌ 74 രൂപയാണ്‌ വില. ഇതുതന്നെ നാലുമാസമായി ലഭിച്ചിട്ടില്ല. കൂടാതെ മത്സ്യഫെഡ്‌ മുഖാന്തരം 150 ലിറ്റർ മണ്ണെണ്ണയും വള്ളങ്ങൾക്കുലഭിക്കും. ലിറ്ററിന്‌ 150 രൂപയാണ്‌ വില. ഇതിൽ 75 രൂപയാണ്‌ സബ്സിഡിയായി ലഭിക്കുന്നത്‌. വള്ളം, വല ഉൾപ്പടെയുള്ള ഉപകരണങ്ങൾ മേടിക്കുന്നതിനുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ്‌ കേന്ദ്രം നിർത്തലാക്കുന്നത്‌. വലയുടെ തൂക്കവും വള്ളത്തിന്റെ നീളവും അനുസരിച്ചാണ്‌ സബ്‌സിഡി. പരമാവധി 50,000 രൂപയാണ്‌ ലഭിച്ചിരുന്നത്‌. ഇത്‌ തദ്ദേശ സ്ഥാപനങ്ങൾ മുഖാന്തരമാണ്‌ നൽകുന്നത്‌. ക‍ൂടാതെ യാനങ്ങളുടെ ആധുനികവൽക്കരണം, നവീകരണം, ഉടമയ്‌ക്കോ തൊഴിലാളിക്കോ പൂരകവേതന (വരുമാന നഷ്ടം നികത്തൽ) സഹായം, മീനിന്‌ താങ്ങുവില, സുരക്ഷാസാമഗ്രിക്ക്‌ സബ്‌സിഡി, വള്ളത്തിനും വലയ്‌ക്കും നഷ്ടപരിഹാരം തുടങ്ങിയവയും കേന്ദ്രം നിർത്തലാക്കും. സുസ്ഥിര കടൽവിഭവ വിനിയോഗം ഉറപ്പാക്കുന്നതിനാണ്‌ ഈ നടപടിയെന്നാണ്‌ കേന്ദ്ര സർക്കാർ വാദം. ഇന്ധനവില വർധനവും കടലിലെ മ‍ീൻ ലഭ്യതക്കുറവും മൂലം മുന്നോട്ടുപോകാൻ പ്രയാസപ്പെടുന്ന തൊഴിലാളികൾക്ക്, സർക്കാരിന്റെ കോർപറേറ്റ് അനുകൂല തീരുമാനം ഇരട്ടി പ്രഹരമായി. പരമ്പരാഗത ആവാസവ്യവസ്ഥയെയും ഉപജീവനമാർഗങ്ങളെയും തകർത്തെറിയുന്ന ഈ നയത്തിനെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾക്ക്‌ തയ്യാറെടുക്കുകയാണ്‌ മത്സ്യത്തൊഴിലാളി സംഘടനകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home