പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു , കുൽദീപിന് നാല് വിക്കറ്റ്
ഇന്ത്യക്ക് ഏഷ്യൻമുത്തം ; കടപുഴക്കി കുൽദീപ്


Sports Desk
Published on Sep 29, 2025, 03:13 AM | 2 min read
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. സ്‌പിൻ ബൗളർമാരുടെ മികവും തിലക് വർമയുടെ അർധസെഞ്ചുറിയുമാണ് (69) വിജയമൊരുക്കിയത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യൻ കിരീടമാണ്.
സ്‌കോർ: പാകിസ്ഥാൻ 146(19.1), ഇന്ത്യ 150/5 (19.4)
ഇൗ ടൂർണമെന്റിൽ പാകിസ്ഥാനെതിരെയുള്ള മൂന്ന് കളിയും ഇന്ത്യ ജയിച്ചു. തിലകിനൊപ്പം നാല് റണ്ണുമായി റിങ്കു സിങ്ങും പുറത്തായില്ല. ശിവം ദുബെയും(33) സഞ്‌ജു സാംസണും (24) വിജയത്തിൽ പങ്കാളിയായി.
എട്ട് വിക്കറ്റെടുത്ത സ്‌പിന്നർമാരാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്. കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. അക്‌സർ പട്ടേലിനും വരുൺ ചക്രവർത്തിക്കും രണ്ടുവീതം. പേസർ ജസ്‌പ്രീത് ബുമ്രക്കും രണ്ട് വിക്കറ്റുണ്ട്.
വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ
കടപുഴക്കി കുൽദീപ്
ദുബായ് പിച്ചിലെ മായാജാലക്കാരനായിരുന്നു കുൽദീപ് യാദവ്. ഏത് ദുർഘടാവസ്ഥയിലും കൈക്കുഴയിൽ ഒളിപ്പിച്ച ജാലവിദ്യയുമായി രംഗത്തെത്തും. എല്ലാം ശുഭകരമാണെന്ന് എതിരാളികൾ കരുതുന്ന സമയത്തായിരിക്കും ആദ്യയടി. അതിൽ തീരും.
ഏഷ്യാ കപ്പിൽ പാകിസ്ഥാനുമായുള്ള ഫൈനലിൽ ആദ്യ രണ്ടോവറിൽ കുൽദീപിന് വിക്കറ്റൊന്നുമില്ല. വിട്ടുനൽകിയത് 23 റണ്ണും. രണ്ട് സിക്‌സറുകളും വഴങ്ങി. നിർണായകഘട്ടത്തിൽ ഇന്ത്യയുടെ പ്രധാന സ്‌പിന്നർ മങ്ങിയെന്ന് കരുതി. പക്ഷേ, തന്റെ മൂന്നാംഓവറിലെ അഞ്ചാം പന്തിൽ സയിം അയൂബിനെ മോഹിപ്പിച്ചൊരു പന്തിൽ ജസ്‌പ്രീത് ബുമ്രയുടെ കൈയിലൊതുക്കി.
ഇന്ത്യൻ ഇന്നിങ്‌സിലെ പതിനേഴാം ഓവർ. കുൽദീപിന്റെ അവസാനത്തേതും. ഭേദപ്പെട്ട സ്‌കോറിലേക്കുള്ള ലക്ഷ്യവുമായി പാകിസ്ഥാൻ. ആദ്യ പന്തിൽ ക്യാപ്‌റ്റൻ സൽമാൻ ആഗയെ വീഴ്‌ത്തി. നാലാം പന്തിൽ ഷഹീൻ അഫ്രീദി വിക്കറ്റിന് മുന്നിൽ കുരുങ്ങി. അവസാന പന്തിൽ ഫഹീം അഷ്‌റഫിനെ തിലക് വർമയുടെ കൈകളിലെത്തിച്ച് തകർച്ച പൂർണമാക്കി. അവസാന രണ്ടോവറിൽ ഏഴ് റൺ മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് നേട്ടം. ഏഷ്യാ കപ്പിൽ ഏഴ് കളിയിൽ 17 എണ്ണം. ടൂർണമെന്റിൽ ഒന്നാമൻ. 151 പന്താണ് ആകെ എറിഞ്ഞത്. വിട്ടുകൊടുത്തത് 158 റൺ. ബൗളിങ് ശരാശരി 9.29.
ഇംഗ്ലണ്ടുമായുള്ള ടെസ്‌റ്റ് പരമ്പരയിൽ ഒരു കളിയിൽപ്പോലും അവസരം കിട്ടാത്തതിന്റെ നിരാശയിലായിരുന്നു മുപ്പതുകാരൻ.
ഏഷ്യാ കപ്പിനെത്തുമ്പോൾ കളത്തിലിറങ്ങിയിട്ട് ആറുമാസമായിരുന്നു. യുഎഇക്കെതിരെ കളിക്കുമ്പോൾ ഇൗവർഷത്തെ ആദ്യ ട്വന്റി20യായിരുന്നു ഇന്ത്യൻ സ്‌പിന്നർക്ക്.










0 comments