ഒടുവിൽ കൊല്ലവും ; ആലപ്പി റിപ്പിൾസിനെതിരെ നാല് വിക്കറ്റ് വിജയം

Aries Kollam Sailors

കൊല്ലത്തിനായി മൂന്ന് വിക്കറ്റെടുത്ത എ ജി അമൽ

avatar
Sports Desk

Published on Sep 05, 2025, 03:49 AM | 2 min read

​തിരുവനന്തപുരം

കേരള ക്രിക്കറ്റ്‌ ലീഗിൽ ചാമ്പ്യൻമാരായ ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സ്‌ സെമിയിലേക്ക്‌ ചുവടുവച്ചു. ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌, കാലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാർസ്‌, തൃശൂർ ടൈറ്റൻസ്‌ ടീമുകൾ നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. ട്രിവാൻഡ്രം റോയൽസും ആലപ്പി റിപ്പിൾസും പുറത്തായി.


ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റണ്ണെടുത്തു. കൊല്ലം മൂന്നോവർ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്‌കോർ: ആലപ്പി 137/9, കൊല്ലം 139/6 (17 ഓവർ). കൊല്ലത്തിനായി മൂന്ന് വിക്കറ്റെടുത്ത എ ജി അമലാണ് കളിയിലെ താരം.


സമർഥമായി പന്തെറിഞ്ഞ കൊല്ലം ആലപ്പിയെ സ്‌കോർ ഉയർത്താൻ അനുവദിച്ചില്ല. എ കെ ആകർഷ്‌ (46), ആകാശ്‌ പിള്ള (33), അനുജ്‌ ജോട്ടിൻ (33) എന്നിവർ ഒഴികെ ആരും രണ്ടക്കം കടന്നില്ല. ക്യാപ്‌റ്റൻ ജലജ് സക്‌സേന എട്ട്‌ റണ്ണെടുത്ത്‌ മടങ്ങി. കൊല്ലത്തിനായി പവൻരാജ്‌ രണ്ട്‌ വിക്കറ്റ്‌ നേടി. ക്യാപ്‌റ്റൻ സച്ചിൻ ബേബി, എൻ എസ്‌ അജയഘോഷ്‌, ഷറഫുദ്ദീൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.


സെമിയിലെത്താൻ വിജയം അനിവാര്യമായ കൊല്ലത്തിന്‌ 14 പന്തിൽ 39 റണ്ണടിച്ച്‌ വിഷ്‌ണു വിനോദ്‌ അടിത്തറയിട്ടു. അഞ്ച്‌ സിക്‌സറും ഒരു ഫോറും അടിച്ചാണ്‌ വിക്കറ്റ്‌കീപ്പർ മടങ്ങിയത്‌. അഭിഷേക്‌ നായരും (25) രാഹുൽ ശർമയും (26) സ്‌കോർ ഉയർത്തി. സച്ചിൻ ബേബി (4) റണ്ണ‍ൗട്ടായി.


അവസാന ഗ്രൂപ്പ് മത്സരത്തിൽ തൃശൂർ ടെെറ്റൻസ് നാല് വിക്കറ്റിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ തോൽപ്പിച്ചു. സ്കോർ: കാലിക്കറ്റ് 165/9; തൃശൂർ 166/6 (18). ആനന്ദ് കൃഷ്ണനും (60) അജു പൗലോസും (44) വിജയമൊരുക്കി. ജയത്തോടെ തൃശൂർ രണ്ടാംസ്ഥാനക്കാരായി.


ഇന്ന്‌ സെമി; ഞായർ ഫൈനൽ

കേരള ക്രിക്കറ്റ്‌ ലീഗ്‌ രണ്ടാം സീസൺ സെമിഫൈനൽ ഇന്ന്‌ തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ നടക്കും. ആറ്‌ ടീമുകൾ പങ്കെടുത്ത ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌, തൃശൂർ ടൈറ്റൻസ്‌, കാലിക്കറ്റ്‌ ഗ്ലോബ്‌ സ്‌റ്റാർസ്‌, ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സ്‌ ടീമുകളാണ്‌ അവസാന നാലിൽ ഇടംപിടിച്ചത്‌.


ആദ്യ സെമിയിൽ രണ്ടും മൂന്നും സ്ഥാനക്കാരായ തൃശൂരും കൊല്ലവും ഏറ്റുമുട്ടും. പകൽ 2.30നാണ് കളി. രണ്ടാം സെമിയിൽ ഒന്നാംസ്ഥാനക്കാരായ കൊച്ചി നാലാമതുള്ള കാലിക്കറ്റിനെ നേരിടും.

വെെകിട്ട് 6.45നാണ് കളി. ഞായറാഴ്‌ചയാണ്‌ ഫൈനൽ.




deshabhimani section

Related News

View More
0 comments
Sort by

Home