ad
Deshabhimani

വിവാദം തീരുന്നു; രഘുവംശിയുടെ പുറത്താകലിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എംസിസി

Ankrish Raguvanshi

Photo Credit: PTI

വെബ് ഡെസ്ക്

Published on Apr 30, 2026, 06:21 PM | 1 min read

മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ കെകെആർ താരം അംഗ്രിഷ് രഘുവംശി 'ഒബ്‌സ്ട്രക്റ്റിങ് ദ ഫീൽഡ്' (ഫീൽഡിങ് തടസ്സപ്പെടുത്തൽ) നിയമപ്രകാരം ഔട്ടായ തീരുമാനം ശരിവെച്ച് മെരിലബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി).


ഏപ്രിൽ 26-ന് നടന്ന മത്സരത്തിലെ തേർഡ് അമ്പയറുടെ വിവാദ തീരുമാനത്തെയാണ് ക്രിക്കറ്റ് നിയമങ്ങളുടെ കാവൽക്കാരായ എംസിസി പിന്തുണച്ചത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഈ നിയമപ്രകാരം ഔട്ടാകുന്ന നാലാമത്തെ താരമായി രഘുവംശി മാറി.


അഞ്ചാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ സംഭവങ്ങൾ. സിംഗിളിനായി ഓടിയ രഘുവംശിയെ പങ്കാളി കാമറൂൺ ഗ്രീൻ തിരികെ വിളിച്ചു. ക്രീസിലേക്ക് മടങ്ങുന്നതിനിടെ മിഡ് ഓണിൽ നിന്ന് മുഹമ്മദ് ഷമി എറിഞ്ഞ പന്ത് രഘുവംശിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു.


ലഖ്നൗ താരങ്ങളുടെ അപ്പീലിനെത്തുടർന്ന് ഐസിസി നിയമം 37 പ്രകാരം തേർഡ് അമ്പയർ ഔട്ട് വിധിച്ചു.ബാറ്റർ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മനപൂർവ്വം ഫീൽഡിങ്ങിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ഔട്ട് നൽകാം എന്നാണ് നിയമം 37.1.1 വ്യക്തമാക്കുന്നത്.


ഓട്ടത്തിനിടയിൽ ബാറ്റർ ദിശ മാറ്റുകയോ, പിച്ചിന് നടുവിലൂടെ ഓടുകയോ, വേഗത്തിൽ ക്രീസിലെത്താൻ കഴിയുന്ന സ്വാഭാവിക പാത ഒഴിവാക്കി മറ്റൊരു വഴി തിരഞ്ഞെടുക്കുകയോ ചെയ്താൽ അത് മനപൂർവ്വമുള്ള പ്രവൃത്തിയായി കണക്കാക്കുമെന്ന് എംസിസി വിശദീകരിച്ചു.


തുടക്കത്തിൽ പിച്ചിന്റെ ഒരു വശത്തുകൂടി ഓടിയ രഘുവംശി, പന്ത് വരുന്നത് കണ്ടപ്പോൾ പിച്ചിന് നടുവിലൂടെ തിരികെ ഓടി പന്തിന്റെയും സ്റ്റമ്പിന്റെയും നേർരേഖയിൽ വന്നത് മനപൂർവ്വമാണെന്ന് എംസിസി ചൂണ്ടിക്കാട്ടി. താരം ക്രീസിലെത്തുമായിരുന്നോ ഇല്ലയോ എന്നത് ഈ നിയമത്തിൽ പ്രസക്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു.


അമ്പയറുടെ തീരുമാനത്തിൽ കെകെആർ പരിശീലകൻ അഭിഷേക് നായരും രഘുവംശിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പവലിയനിലേക്ക് മടങ്ങുന്നതിനിടെ ബാറ്റും ഹെൽമെറ്റും വലിച്ചെറിഞ്ഞ രഘുവംശിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയായി ലഭിച്ചു. ആവേശകരമായ മത്സരം സൂപ്പർ ഓവറിൽ കൊൽക്കത്ത വിജയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home