ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമിത് മിശ്ര

മുംബൈ: ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം പങ്കുവെച്ചത്. രാജ്യത്തിനായി 22 ടെസ്റ്റുകളിലും 36 ഏകദിനങ്ങളിലും 10 ട്വന്റി20-കളിലും മിശ്ര കളിച്ചു. ടെസ്റ്റിൽ 76 വിക്കറ്റുകൾ നേടി. ഏകദിനത്തിൽ 64 വിക്കറ്റും ട്വന്റി20യിൽ 16 വിക്കറ്റുകളും സ്വന്തമാക്കി.
'ക്രിക്കറ്റിലെ ഈ 25 വർഷങ്ങൾ അവിസ്മരണീയമായിരുന്നു. എന്റെ ആദ്യ പ്രണയവും, ഗുരുവും, ഏറ്റവും വലിയ സന്തോഷവുമെല്ലാം ക്രിക്കറ്റ് ആയിരുന്നു. ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, സപ്പോർട്ട് സ്റ്റാഫ്, എന്റെ സഹപ്രവർത്തകർ, ഇത്രയും കാലം എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ കുടുംബാംഗങ്ങൾ എന്നിവരോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്'– അമിത് മിശ്ര കുറിച്ചു.
2003-ൽ ബംഗ്ലാദേശിനെതിരായ ഏകദിന ത്രിരാഷ്ട്ര പരമ്പരയിലൂടെയാണ് മിശ്ര അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. അഞ്ച് വർഷം കഴിഞ്ഞ് 2008ലായിരുന്നു ടെസ്റ്റിൽ അരങ്ങേറ്റം. മൊഹാലിയിൽ ഓസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു ആദ്യ ടെസ്റ്റ്. മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചു. 2014ൽ ബംഗ്ലദേശിൽ നടന്ന ട്വന്റി20 ലോകകപ്പിലും മിശ്ര ഇന്ത്യയ്ക്കു വേണ്ടി കളിച്ചു. 2017ലാണ് അമിത്ര മിശ്ര അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.
162 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 174 വിക്കറ്റുകൾ വീഴ്ത്തി. ഐപിഎൽ മൂന്ന് ഹാട്രിക് നേടിയ ഏക ബോളറെന്ന റെക്കോർഡും മിശ്രയുടെ പേരിലാണ്.









0 comments