ad
Deshabhimani

തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി വിജയം തുടർന്ന് ആലപ്പി റിപ്പിൾസ്

KCL.jpg
വെബ് ഡെസ്ക്

Published on Aug 23, 2026, 12:46 AM | 2 min read

തിരുവനന്തപുരം: കെസിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി ആലപ്പി റിപ്പിൾസ്. തൃശൂർ ടൈറ്റൻസിനെ പത്ത് റൺസിനാണ് റിപ്പിൾസ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. എന്നാൽ മഴയെ തുടർന്ന് തൃശൂരിന്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 15 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് 15 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണ് നേടാനായത്. തകർപ്പൻ അർദ്ധസെഞ്ചുറിയുമായി ആലപ്പിയ്ക്ക് വിജയമൊരുക്കിയ മൊഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.


ആലപ്പി റിപ്പിൾസ് - 20 ഓവറിൽ 193/8, തൃശൂർ ടൈറ്റൻസ് - 15 ഓവറിൽ 137/6 (വിജയലക്ഷ്യം: 148)


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പിയ്ക്ക് ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ ജലജ് സക്സേനയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ മൊഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും ആഞ്ഞടിച്ചതോടെ അഞ്ചാം ഓവറിൽ തന്നെ ആലപ്പിയുടെ സ്കോർ 50 കടന്നു. രണ്ടാം വിക്കറ്റിൽ 67 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 41 റൺസെടുത്ത സച്ചിൻ ബേബിയെ പുറത്താക്കി ബിജു നാരായണൻ കൂട്ടുകെട്ടിന് അവസാനമിട്ടെങ്കിലും ആലപ്പിയുടെ റണ്ണൊഴുക്ക് തടയാനായില്ല.


അക്ഷയ് ടി.കെ. ഒരു റണ്ണുമായി മടങ്ങിയെങ്കിലും, അസറുദ്ദീന് കൂട്ടായി കെ.എ. അരുൺ എത്തിയതോടെ സ്കോർ ബോർഡ് അതിവേഗം മുന്നോട്ടു നീങ്ങി. 25 റൺസെടുത്ത അരുൺ, എം.എസ്. അഖിലിന് വിക്കറ്റ് നൽകി മടങ്ങി. മറുവശത്ത് തകർത്തടിച്ച അസറുദ്ദീൻ 30 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. 41 പന്തുകളിൽ 73 റൺസെടുത്ത അസറുദ്ദീൻ ആദിത്യ വിനോദിന്റെ പന്തിൽ മൊഹമ്മദ് ഇനാൻ ക്യാച്ചെടുത്താണ് പുറത്തായത്. മൂന്ന് ഫോറും ആറ് സിക്സറും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്സ്. 16 റൺസെടുത്ത അഭിജിത് പ്രവീണിന്റെയും 12 റൺസെടുത്ത സിബിൻ ഗിരീഷിന്റെയും പ്രകടനമാണ് ആലപ്പിയുടെ സ്കോർ 193ൽ എത്തിച്ചത്. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും എം.എസ്. അഖിലും ആദിത്യ വിനോദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസിന് അഹമ്മദ് ഇമ്രാനും കെ.ആർ. രോഹിതും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 4.2 ഓവറിൽ ഈ സഖ്യം 44 റൺസ് വാരിക്കൂട്ടി. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും വീണത് ടൈറ്റൻസിന് തിരിച്ചടിയായി; ഇമ്രാൻ 25 റൺസും രോഹിത് 18 റൺസുമെടുത്ത് മടങ്ങി. പിന്നാലെയെത്തിയ നിഖിൽ തോട്ടത്തിനും (5) അധികനേരം പിടിച്ചു നില്ക്കാനായില്ല.


ഇതിനിടെ വില്ലനായി മഴയെത്തിയതോടെ തൃശൂരിന്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 15 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. ഷോൺ റോജറും ക്യാപ്റ്റൻ എം.എസ്. അഖിലും കൂറ്റൻ സിക്സറുകളുമായി തൃശൂർ ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും അധികനേരം ആയുസ്സുണ്ടായില്ല. ഷോൺ റോജർ 28ഉം അഖിൽ 15 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ കൗമാരതാരം മുഹമ്മദ് ഇനാൻ തകർത്തടിച്ചെങ്കിലും വിജയത്തിന് പത്ത് റൺസകലെ തൃശൂർ പൊരുതി വീണു. ഇനാൻ ഒൻപത് പന്തുകളിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 25 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ജലജ് സക്സേനയും അഭിജിത് പ്രവീണും അഖിൽദേവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home