ടെസ്റ്റ് മത്സരങ്ങൾക്കായി തിരയുന്ന ടെസ്റ്റ് പദവിയുള്ള ഒരു രാഷ്ട്രം; അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ക്രിക്കറ്റ് യാഥാർത്ഥ്യം ഇത്ര കടുപ്പമോ?

2017 ൽ ടെസ്റ്റ് ക്രിക്കറ്റ്റ് യോഗ്യത ലഭിച്ച അഫ്ഗാൻ ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്|Photo Credit: Getty Images
ന്യൂ ചണ്ഡീഗഢ്: ക്രിക്കറ്റിലെ വൻശക്തികളുടെ കടുത്ത അവഗണനയ്ക്കും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വിവേചന നിലപാടുകൾക്കുമെതിരെ ബാറ്റും പന്തും കൊണ്ട് പ്രതിരോധം തീർക്കാൻ അഫ്ഗാനിസ്ഥാൻ വീണ്ടും പാഡണിയുന്നു.
ഇന്ത്യ-അഫ്ഗാനിസ്ഥാൻ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം നാളെ ന്യൂ ചണ്ഡീഗഢിൽ ആരംഭിക്കുമ്പോൾ, അത് കേവലമൊരു ക്രിക്കറ്റ് മത്സരം മാത്രമല്ല; വരേണ്യ രാജ്യങ്ങൾ മാത്രം നിയന്ത്രിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് ലോകത്ത് അതിജീവനത്തിനായുള്ള ഒരു പോരാട്ടത്തിന്റെ തുടർച്ച കൂടിയാണ്.
2018 ജൂൺ 14-ന് ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ, ഇന്ത്യൻ ഓപ്പണർ മുരളി വിജയ്‌ക്കെതിരെ പന്തെറിയാൻ യമീൻ അഹമ്മദ്‌സായി എന്ന അഫ്ഗാൻ പേസർ റണ്ണപ്പ് ആരംഭിച്ചപ്പോൾ, അഫ്ഗാൻ ക്രിക്കറ്റ് ആരാധകർക്ക് അത് അഭിമാന നിമിഷമായിരുന്നു
അഫ്ഗാനിസ്ഥാൻ എന്ന യുദ്ധക്കെടുതികളുടെ രാജ്യം ക്രിക്കറ്റിന്റെ എലൈറ്റ് സിംഹാസനമായ 'ടെസ്റ്റ് പദവിയിലേക്ക്' നടന്നു കയറിയ ചരിത്രമായിരുന്നു അത്.
അന്ന് കേവലം രണ്ട് ദിവസം കൊണ്ട് ഇന്ത്യയ്ക്ക് മുന്നിൽ ഇന്നിങ്സ് തോൽവി വഴങ്ങി അഫ്ഗാൻ തലകുനിച്ചെങ്കിലും, ആ കനൽ മനസ്സിലിട്ടാണ് അവർ ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ യാത്ര തുടർന്നത്.
സ്വപ്നതുല്യമായ തുടക്കം, പിന്നീട് കടുത്ത അവഗണന
ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷം ആദ്യ രണ്ട് വർഷങ്ങൾ അഫ്ഗാനിസ്ഥാൻ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഡെഹ്‌റാദൂണിൽ അയർലൻഡിനെ ഏഴ് വിക്കറ്റിനും, ചട്ടോഗ്രാമിൽ ബംഗ്ലാദേശിനെ 224 റൺസിനും തകർത്തു. കളിച്ച ആദ്യ ആറ് ടെസ്റ്റുകളിൽ നിന്ന് മൂന്ന് വിജയങ്ങൾ!
ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്‌ട്രേലിയയ്ക്ക് മാത്രം അവകാശപ്പെടാൻ ഉണ്ടായിരുന്ന ആ സ്വപ്നതുല്യമായ തുടക്കം അഫ്ഗാൻ കുറിച്ചു. എന്നാൽ, പിന്നീടാണ് ആ വേഗത നഷ്ടമായത്.
ടെസ്റ്റ് പദവി ലഭിച്ചിട്ട് എട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അഫ്ഗാന് കളിക്കാൻ കഴിഞ്ഞത് വെറും 12 ടെസ്റ്റുകൾ മാത്രമാണ്! ഇത് ക്രിക്കറ്റ് ലോകത്തെ വലിയ വിവേചനത്തിന്റെ നേർച്ചിത്രമാണ്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്തതിനാൽ ഓരോ മത്സരങ്ങൾക്കുമായി ഐസിസിക്ക് മുന്നിൽ അഫ്ഗാനിസ്ഥാന് യാചിക്കേണ്ടി വരുന്ന അവസ്ഥയാണ്.
വൻകിട രാജ്യങ്ങൾ വൈറ്റ് ബോൾ ക്രിക്കറ്റിലെ പണക്കൊഴുപ്പിലും ലീഗുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അഫ്ഗാന് അർഹതപ്പെട്ട റെഡ് ബോൾ മത്സരങ്ങൾ നിരന്തരം നിഷേധിക്കപ്പെട്ടു.
2022-ൽ ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാൻ അഫ്ഗാന് അവസരം ലഭിച്ചില്ല. ക്രിക്കറ്റിലെ വമ്പന്മാരായ ദക്ഷിണാഫ്രിക്കയോ, ഓസ്‌ട്രേലിയയോ, ഇംഗ്ലണ്ടോ ഇന്നും അവരുമായി ഒരു ഒഫീഷ്യൽ റെഡ് ബോൾ മത്സരം കളിക്കാൻ വിമുഖത കാണിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിൽ ഇത്തരം കടുത്ത അവഗണനകൾ നേരിടുമ്പോഴും, വെറും 12 ടെസ്റ്റുകളുടെ മാത്രം പരിചയസമ്പത്തുമായാണ് അഫ്ഗാൻ ഇന്ന് ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്.
'ഞങ്ങൾ ഒളിച്ചോടില്ല, പൊരുതി ജയിക്കും!'
റാഷിദ് ഖാനും ഇബ്രാഹിം സദ്രാനും പോലെയുള്ള സൂപ്പർ താരങ്ങൾ പരിക്കേറ്റ് പുറത്തിരുന്നിട്ടും അഫ്ഗാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയുടെ വാക്കുകൾ പ്രതീക്ഷയുടേതാണ്: "ഞങ്ങൾ വെല്ലുവിളികളെ ഭയന്ന് ഒളിച്ചോടുന്നവരല്ല, പിന്നോട്ട് പോകുന്നവരുമല്ല.
ഇന്ത്യ ശക്തരാണ്, എന്നാൽ ഈ ടെസ്റ്റിൽ ഞങ്ങൾ പൊരുതും, വിജയത്തിനായി മാത്രം കളിക്കും." 11 ടെസ്റ്റുകളിൽ നിന്ന് രണ്ട് ഇരട്ട സെഞ്ച്വറികൾ അടിച്ചുകൂട്ടിയ തന്റെയും റഹ്മത് ഷായുടെയും ക്ഷമയും അച്ചടക്കവും ടീമിന് കരുത്താകുമെന്ന് ഷാഹിദി വിശ്വസിക്കുന്നു.
അന്താരാഷ്ട്ര തലത്തിലെ അവഗണന അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധികളെയും രൂക്ഷമാക്കുന്നുണ്ട്. ഐസിസി വർഷത്തിൽ കൃത്യമായി ടെസ്റ്റ് മത്സരങ്ങൾ അനുവദിക്കാത്തതിനാൽ യുവതാരങ്ങൾ വലിയ രീതിയിൽ ട്വന്റി 20 ലീഗുകളിലേക്ക് ആകർഷിക്കപ്പെടുകയാണ്.
ഇതിന് തടയിടാൻ വിദേശ ലീഗുകളിൽ കളിക്കുന്നത് വർഷത്തിൽ മൂന്നായി അഫ്ഗാൻ ബോർഡ് പരിമിതപ്പെടുത്തിക്കഴിഞ്ഞു. "എല്ലാവർക്കും അടുത്ത റാഷിദോ നൂറോ ആകാനാണ് ആഗ്രഹം.
എന്നാൽ ഫാസ്റ്റ് ബൗളർമാർ ആഭ്യന്തര ക്രിക്കറ്റിൽ വിക്കറ്റുകൾ കൊയ്യുമ്പോൾ മാത്രമേ കുട്ടികൾക്ക് റെഡ് ബോൾ ക്രിക്കറ്റിനോട് പ്രണയം തോന്നൂ," റൈസ് അഹമ്മദ്‌സായി വ്യക്തമാക്കുന്നു.
അതിജീവനത്തിന്റെ പോരാട്ടം
ലോകം തഴഞ്ഞിട്ടും തളരാതെ കടുത്ത തയാറെടുപ്പുകളിലാണ് അഫ്ഗാൻ പട ഇന്ത്യയിലേക്ക് വണ്ടി കയറിയത്. കാബൂളിലെ കഠിനമായ സ്കിൽ ക്യാമ്പിലും ജലാലാബാദിലെ പരിശീലന മത്സരങ്ങളിലും അവർ തങ്ങളുടെ പോരാട്ട വീര്യം റെഡ് ബോൾ ക്രിക്കറ്റിനായി സജ്ജമാക്കി കഴിഞ്ഞു.
ഐസിസിയുടെയും മറ്റ് ക്രിക്കറ്റ് ബോർഡുകളുടെയും വിവേചനപരമായ നിലപാടുകൾക്കെല്ലാം തങ്ങളുടെ ബാറ്റും പന്തും കൊണ്ട് മറുപടി നൽകാനാണ് അവർ ചണ്ഡീഗഢിൽ പാഡണിയുന്നത്. അഫ്ഗാൻ ക്രിക്കറ്റിന്റെ നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന് കൂടിയാകും നാളെ ചണ്ഡീഗഢ് സാക്ഷ്യം വഹിക്കുക.










0 comments