വിഷുപ്പടക്കമായി അഭിഷേക് ശർമ

ഹൈദരാബാദ്: വിഷു നേരത്തെ എത്തിയപോലെയായിരുന്നു അഭിഷേക് ശർമയുടെ ബാറ്റിങ്. പൊട്ടിത്തെറിച്ച ഇന്നിങ്സ്. അമിട്ടും മാലപ്പടക്കവും പോലെ സിക്‌സറും ഫോറും ചിതറി. കളത്തിനകത്തും പുറത്തും പലതും പൊട്ടിവിരിഞ്ഞു. ക്രിക്കറ്റ് ആരാധകർ കണ്ണും കാതും തുറന്നുവച്ച രാത്രിയിൽ ഇരുപത്തിനാലുകാരൻ ചരിത്രമെഴുതി. സെഞ്ചുറി നേടിയശേഷം അഭിഷേക് ഉയർത്തിക്കാട്ടിയ കടലാസിൽ ഇങ്ങനെ കുറിച്ചിരുന്നു–- ‘THIS ONE IS FOR ORNANGE ARMY’. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ഓറഞ്ച് കുപ്പായക്കാരെ ത്രസിപ്പിച്ച ഇന്നിങ്സായിരുന്നു. 10 സിക്‌സറും 14 ഫോറും ഉൾപ്പെട്ട തകർപ്പൻ സെഞ്ചുറി. 55 പന്തിൽ 141 റൺ. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ. വെസ്‌റ്റിൻഡീസിന്റെ കൂറ്റനടിക്കാരൻ ‘യൂണിവേഴ്‌സൽ ബോസ്’ എന്നറിയപ്പെടുന്ന ക്രിസ്‌ഗെയ്‌ലും ന്യൂസിലൻഡിന്റെ ബ്രൻഡൻ മക്കല്ലവും മാത്രമാണ് അഭിഷേകിന്റെ മുന്നിൽ ബാക്കിയായത്.
2013ൽ ക്രിസ് ഗെയ്‌ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി പുറത്താവാതെ നേടിയ 175 റണ്ണാണ് ഏറ്റവും ഉയർന്ന സ്‌കോർ. മക്കല്ലം 2008ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കുറിച്ച 158 റണ്ണാണ് രണ്ടാമത്. ക്രിക്കറ്റ് താരമായിരുന്ന അച്ഛൻ രാജ്‌കുമാർ ശർമയെയും അമ്മ മഞ്ജു ശർമയെയും സാക്ഷിയാക്കിയാണ് വിഷുവിന് പടക്കം പൊട്ടിക്കുന്ന ലാഘവത്തോടെ അഭിഷേക് റണ്ണൊഴുക്കിയത്. ഈ സീസണിൽ പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല. 24, 6, 1, 2, 18 എന്നിങ്ങനെയായിരുന്നു അഞ്ച് കളിയിലെ സ്‌കോർ. സ്വന്തം ടീമായ ഹൈദരാബാദാവട്ടെ ആദ്യ കളി ജയിച്ചശേഷം ബാക്കി നാലും തോറ്റു.
സമ്മർദത്തോടെയാണ് ക്രീസിലെത്തിയതെന്ന് അഭിഷേക് പറഞ്ഞു. ‘സമ്മർദമില്ലായിരുന്നുവെന്ന് പറഞ്ഞാൽ അത് കളവാകും. റണ്ണടിക്കാനും പറ്റുന്നില്ല, ടീം തോൽക്കുകയും ചെയ്യുന്നു. നാല് ദിവസമായി പനിയുണ്ടായിരുന്നു. കളിയുടെ ദിവസം രാവിലെ എണീറ്റപ്പോൾ നല്ല ഉന്മേഷം തോന്നി. ആത്മവിശ്വാസം നൽകുന്നതിൽ യുവ്‌രാജ് സിങ്ങിനും സൂര്യകുമാർ യാദവിനും നല്ല പങ്കുണ്ട്. ഇവരുമായി ഫോണിൽ നല്ല ടച്ചുണ്ടായിരുന്നു. എണീക്കുന്ന സമയത്ത് എന്തെങ്കിലും കുറിക്കുന്ന സ്വഭാവമുണ്ട്. അങ്ങനെയാണ് ടീമിനെ പിന്തുണയ്ക്കുന്ന ഓറഞ്ച് ആർമിയെക്കുറിച്ച് കടലാസിൽ എഴുതിയത്. അത് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കുകയും ചെയ്‌തു. സെഞ്ചുറിക്കുശേഷം നേട്ടം അവർക്ക് സമർപ്പിക്കാൻ തോന്നി. അതാണ് കടലാസ് ഉയർത്തിക്കാണിച്ചത്’–-അഭിഷേക് പറഞ്ഞു.
ഇടംകൈയൻ ബാറ്ററും സ്‌പിൻ ബൗളറുമായ പഞ്ചാബുകാരന്റെ ജനനം അമൃത്‌സറിലാണ്. ഇത് എട്ടാമത്തെ ഐപിഎൽ സീസണാണ്. 2018ൽ ഡൽഹി ഡെയർ ഡെവിൾസിനായി അരങ്ങേറ്റം. അന്ന് 55 ലക്ഷം രൂപക്കാണ് ടീമിലെത്തിയത്. പിന്നീട് ഏഴ് സീസണും ഹൈദരാബാദിനൊപ്പമാണ്. കഴിഞ്ഞ വർഷം ലേലത്തുക 6.50 കോടിയായി. ഇക്കുറി 14 കോടിയാണ് ഓൾറൗണ്ടറുടെ വില.
ഐപിഎല്ലിൽ 69 കളിയിൽ 1569 റണ്ണുണ്ട്. ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും. 11 വിക്കറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 484 റണ്ണടിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി20 ടീമിൽ കഴിഞ്ഞ വർഷം ഇടംപിടിച്ചു. 17 കളിയിൽ 535 റണ്ണുണ്ട്. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 54 പന്തിൽ നേടിയ 135 റണ്ണാണ് ഉയർന്ന സ്‌കോർ.









0 comments