print edition കാലം ജയിച്ച ഓൾറൗണ്ടർ

ഗാരി സോബേഴ്‌സ്
ബാർബഡോസ്: ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ എന്ന് അടയാളപ്പെടുത്തിയ ഒരേയൊരു താരമേയുള്ളൂ. അത് ഗാരി സോബേഴ്‌സാണ്. 89–ാം വയസിൽ ഇതിഹാസം വിടപറയുന്നു.
ബാറ്റ് കൊണ്ടും പന്തുകൊണ്ടും കാലങ്ങളോളം വെസ്‌റ്റിൻഡീസുകാരൻ വിസ്‌മയിപ്പിച്ചു. ഇടംകൈ കൊണ്ടുള്ള കവർ ഡ്രൈവുകളും ഹുക്ക് ഷോട്ടുകളും ആ കളിയഴകിന് അടിവരയിട്ടു. 93 ടെസ്‌റ്റിൽ 57.78 ബാറ്റിങ് ശരാശരിയോടെ 8032 റൺ. 235 വിക്കറ്റ്. ടെസ്‌റ്റിൽ ആയിരം റണ്ണും 50 വിക്കറ്റും 50 ക്യാച്ചും പൂർത്തിയാക്കിയ ആദ്യ ക്രിക്കറ്ററാണ്. 1958ൽ പാകിസ്ഥാനെതിരെ ഒരു ഇന്നിങ്‌സിൽ 365 റണ്ണുമായി പുറത്താകാതെനിന്നപ്പോൾ അതുപോലൊരു ഇന്നിങ്‌സ് ലോകം കണ്ടിരുന്നില്ല. 1994ൽ വിൻഡീസിന്റ തന്നെ ബ്രയാൻ ലാറ 375 റണ്ണടിക്കുന്നതുവരെ സോബേഴ്‌സിന്റെ റെക്കോഡ് തെളിഞ്ഞുനിന്നു. ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ സ്‌കോറാണ്.
കളിയുടെ എല്ലാ മേഖലകളിലും അജയ്യനായിരുന്നു സോബേഴ്‌സ്. ബാർബഡോസിലെ പട്ടിണിനിറഞ്ഞ ബാല്യം പിന്നിട്ടാണ് ബാറ്റും പന്തുമായി ഇറങ്ങിയത്. ജനനസമയത്ത് രണ്ട് കൈയിലും ആറ് വീതം വിരലുകളായിരുന്നു. ഗോൾഫും ബാസ്‌കറ്റ്‌ബോളും ഫുട്‌ബോളും തുടങ്ങി കൈവയ്‌ക്കാത്ത മേഖലകളില്ല.
കാലം ജയിച്ച ഓൾ റൗണ്ടറായിരുന്നു വിൻഡീസുകാരൻ. ബാറ്റിലും പന്തിലും മാത്രമല്ല, കളത്തിലെ ഒന്നാന്തരം ഫീൽഡർ കൂടിയായിരുന്നു. പന്തേറിലും വ്യത്യസ്‌തനായി. ഇടംകൈ പേസറും സ്‌പിന്നറുമായി. വിൻഡീസിനെ തുടർച്ചയായി 39 മത്സരങ്ങളിൽ നയിച്ചു. ടെസ്‌റ്റിന്റെ മനോഹാരിതയ്‌ക്കൊപ്പം അതിവേഗ ക്രിക്കറ്റിന്റെ ചടുലതയും സോബേഴ്‌സിനുണ്ടായിരുന്നു. 1968ലെ ഒരു കൗണ്ടി മത്സരത്തിൽ മാൽകം നാഷ് എന്ന് വെയ്‌ൽസ് സ്‌പിന്നറെ ആറ് പന്തിൽ ആറ് സിക്‌സറിനാണ് ശിക്ഷിച്ചത്. തുടർച്ചയായ അഞ്ച് ടെസ്‌റ്റിൽ അഞ്ച് സെഞ്ചുറി സ്വന്തമാക്കി. 1974ൽകളി അവസാനിപ്പിക്കുന്പോഴേക്കും സോബേഴ്‌സ് ചരിത്രമെഴുതി ചേർത്തിരുന്നു.











0 comments