56 മിനിറ്റ്, 53 പന്തുകൾ ഓവൽ ത്രില്ലർ

ഓവൽ: മങ്ങിയ ആകാശം. മേഘങ്ങൾ പെയ്യാനായി കാത്തുനിൽക്കുന്നപോലെ. ഓവലിൽ തണുത്ത കാറ്റ് വീശി. കാണികൾ നിറഞ്ഞു. കളിക്കാർ നിരന്നു. വലിയ സ്ക്രീനിൽ തെളിഞ്ഞു ‘ഇംഗ്ലണ്ടിന് ജയിക്കാൻ 35 റൺ, ഇന്ത്യക്ക് നാല് വിക്കറ്റ്’. ഓരോ പന്തിലും ആകാംക്ഷ. ഓരോ റണ്ണിനും നെഞ്ചിടിപ്പ്. 56 മിനിറ്റ്. 53 പന്തുകൾ. ഉദ്വേഗ നിമിഷങ്ങൾ. പ്രായശ്ചിത്തമെന്നോ വീണ്ടെടുപ്പെന്നോ പറയാനാകാത്ത മുഹമ്മദ് സിറാജിന്റെ അക്ഷീണമായ പ്രയത്നമായിരുന്നു അതിൽ ഒന്നാമത്. പിന്നെ ഒറ്റക്കൈയിൽ ബാറ്റുമായി ഇറങ്ങിയ ക്രിസ് വോക്സിന്റെ പോരാട്ടവീര്യവും.
ഒടുവിൽ ആറ് റണ്ണിന്റെ അതിമനോഹര ജയം ഇന്ത്യ കുറിച്ചു. 374 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് അവസാനദിനം നാല് വിക്കറ്റ് ശേഷിക്കെ വേണ്ടത് 35 റൺ. സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ ആതിഥേയർ തകർന്നു. നാലെണ്ണവുമായി പ്രസിദ്ധ് കൃഷ്ണയും തിളങ്ങി. അഞ്ചാംദിനം 8.5 ഓവറിൽ ഇംഗ്ലണ്ടിന്റെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമായി. സ്കോർ: ഇന്ത്യ 224, 396; ഇംഗ്ലണ്ട് 247, 367. ജയത്തോടെ ടെൻഡുൽക്കർ–ആൻഡേഴ്സൺ ട്രോഫി ഇരു ടീമുകളും പങ്കിട്ടു. 2–2നാണ് പരമ്പര അവസാനിച്ചത്.
ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇംഗ്ലണ്ട് ഇതുപോലൊരു ആന്റി ക്ലൈമാക്സ്. സെഞ്ചുറികളുമായി ഹാരി ബ്രൂക്കും ജോ റൂട്ടും കളംവാണപ്പോൾ നാലാംദിനംതന്നെ അനായാസ ജയം കണക്കുകൂട്ടി. മൂന്നിന് 301 റണ്ണെന്ന നിലയിലായിരുന്നു ആതിഥേയർ. ഏഴ് വിക്കറ്റ് കൈയിലിരിക്കെ 73 റൺമാത്രം പിന്നിൽ. ചായക്ക് പിരിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യൻ പേസർമാർ ഭാവം മാറിയാണെത്തിയത്. അപ്പോഴേക്കും മഴ പെയ്തതിനാൽ കളി അവസാനിപ്പിച്ചു.
ജാമി സ്മിത്തും ജാമി ഒവർട്ടണും വിജയപ്രതീക്ഷയുമായാണ് ക്രീസിലെത്തിയത്. പ്രസിദ്ധ് തലേദിനത്തെ ഓവർ പൂർത്തിയാക്കാൻ തയ്യാറെടുത്തു. ആദ്യപന്ത് ഒവർട്ടൺ ബൗണ്ടറി പായിച്ചു. അടുത്ത പന്തും -േഫാറായി. ലക്ഷ്യം 27 റണ്ണായി ചുരുങ്ങി. അടുത്ത ഓവർ സിറാജിന്റേത്. ആദ്യ രണ്ട് പന്തും സ്മിത്തിന്റെ (2) ബാറ്റിനരികെ മൂളിപ്പറന്നു. മൂന്നാമത്തേത് ബാറ്റിൽതട്ടി വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന്റെ കൈകളിൽ. ഇന്ത്യ ജയം മണത്തു. അടുത്ത പന്തിൽ ഗസ് അറ്റ്കിൻസൺ നൽകിയ അവസരം കെ എൽ രാഹുലിന് കൈയിലൊതുക്കാനായില്ല. അവസാന പന്തിൽ രണ്ട് റൺ കൂടി. ലക്ഷ്യം 25.
അറ്റ്കിൻസൺ പതുക്കെ താളംകണ്ടെത്തി. പ്രസിദ്ധിന്റെ ഓവറിൽ നാല് റൺകൂടി കിട്ടി. ഇംഗ്ലണ്ട് അടുത്തു. സിറാജ് ഓരോ പന്തിലും അപകടം വിതച്ചു. ഒവർട്ടണെ (9) വിക്കറ്റിനുമുന്നിൽ കുരുക്കി ഗർജിച്ചു. സമവാക്യം 20 റണ്ണും രണ്ട് വിക്കറ്റുമായി. രണ്ടോവർ അറ്റ്കിൻസണൊപ്പം ജോഷ് ടങ് അതിജീവിച്ചു. പ്രസിദ്ധിന്റെ അടുത്ത ഓവറിന്റെ അവസാന പന്തിൽ ടങ്ങിന്റെ (0) വിക്കറ്റ് തെറിച്ചു.
ഒറ്റക്കൈയിൽ ബാറ്റുമായി വോക്സ് എത്തി. സിറാജിന്റെ അടുത്ത ഓവറിന്റെ ആദ്യ പന്ത് സിക്സർ പറത്തി അറ്റ്കിൻസൺ ഭയപ്പെടുത്തി. ആ പന്ത് വരയ്ക്കരികെ ആകാശ് ദീപിന്റെ കൈയിലൂടെ ഉൗർന്നുപോകുകയായിരുന്നു. ലക്ഷ്യം 11 റണ്ണായി കുറഞ്ഞു. ഓവറിലെ അവസാന പന്തിൽ ഒരു ബൈ കിട്ടി. അടുത്ത ഓവറിൽ മൂന്ന്. സിറാജ് വീണ്ടും പന്തെറിയാനെത്തുമ്പോൾ ഏഴ് റണ്ണ് അരികെയായിരുന്നു ഇംഗ്ലണ്ട്. പക്ഷേ, സിറാജിന്റെ യോർക്കർ അറ്റ്കിൻസനെ തീർത്തു. ഇന്ത്യ ആർത്തു.








0 comments