ഈ ഓട്ടോയിലാണ് ആ വിക്കറ്റുകൾ

വിഘ്നേഷ് പുത്തൂരിന്റെ അച്ഛനും അമ്മയും ഓട്ടോയിൽ. ഫോട്ടോ: കെ ഷെമീർ

ജിജോ ജോർജ്
Published on Mar 25, 2025, 12:32 AM | 1 min read
മലപ്പുറം: ഓട്ടോ ഓടിച്ച് മകനെ പരിശീലനത്തിനുകൊണ്ടുപോയ ദിവസങ്ങളിൽ ഒരിക്കൽപോലും സുനിൽകുമാറിന്റെ മനസ്സിൽ കഴിഞ്ഞുപോയ രാത്രിയിലെ നിമിഷങ്ങളുണ്ടായിരുന്നില്ല. ഐപിഎല്ലിൽ അരങ്ങേറ്റം, മൂന്ന് വിക്കറ്റുകൾ, മഹേന്ദ്ര സിങ് ധോണി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളുടെ അഭിനന്ദനം. അരങ്ങേറ്റ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി മൂന്ന് വിക്കറ്റുകൾ നേടിയ മലയാളി താരം വിഘ്നേഷ് പുത്തൂരിന്റെ അച്ഛൻ ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിന്റെ അമ്പരപ്പ് മാറിയിട്ടില്ല. ‘ഐപിഎല്ലിലെ ആദ്യ കളിയിൽ ഇറങ്ങാൻ കഴിയുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല. സീസൺ അവസാനം അവസരം കിട്ടുമെന്നാണ് കരുതിയത്. അവൻ നന്നായി കളിച്ചു’. അമ്മ ബിന്ദുവിനും മകന്റെ നേട്ടം വിശ്വസിക്കാനായിട്ടില്ല. ‘രഞ്ജി ട്രോഫിയെങ്കിലും കളിക്കണം’- എന്നായിരുന്നു വലിയ ആഗ്രഹം.
മത്സരശേഷം ഞായറാഴ്‌ച രാത്രി വിളിച്ചിരുന്നു. അവനും വലിയ സന്തോഷത്തിലാണ്–- ഇരുവരും പറഞ്ഞു.
ഏക മകനായ വിഘ്നേഷിന്റെ വിളിപ്പേര് കണ്ണനെന്നാണ്. ഓട്ടോയ്‌ക്കും അതേ പേരാണ്. അതിലായിരുന്നു കുറേക്കാലം ക്രിക്കറ്റ് പഠിക്കാനും പരിശീലിക്കാനുമുള്ള യാത്ര.
അഭിനന്ദന പ്രവാഹത്തിൽ വീർപ്പുമുട്ടുകയാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കുന്നപ്പള്ളിയിലെ പുത്തൂർ വീട്. പതിനഞ്ച് വർഷമായി പെരിന്തൽമണ്ണ ടൗണിൽ ഓട്ടോറിക്ഷ ഡ്രൈവറായ സുനിൽകുമാർ മകന്റെ ആഗ്രഹങ്ങൾക്കും സാരഥിയായിരുന്നു. സമീപവാസിയായ ഷെരീഫിന്റെ പ്രേരണയിലാണ് പെരിന്തൽമണ്ണയിലെ വിജയൻ മാഷിന്റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിനായി മകനെ ചേർത്തത്.
അവിടുന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ അങ്ങാടിപ്പുറത്തുള്ള മലപ്പുറം ക്രിക്കറ്റ് അക്കാദമിയിലെത്തിയത് വഴിത്തിരിവായി.
മുംബൈ ഇന്ത്യൻസ് ടീമിലേക്കുള്ള വിഘ്‌നേഷിന്റെ വരവും അപ്രതീക്ഷിതമായിരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനായി നടത്തിയ പ്രകടനം കണ്ടാണ് മുംബൈ ഇന്ത്യൻസ് ട്രയൽസിന് വിളിച്ചത്. മൂന്ന് തവണ ട്രയൽസിന് പോയി. ടീമിലേക്ക് വിളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. ലേലത്തിന്റെ അവസാന പത്ത് മിനിറ്റുവരെ വിഘ്നേഷിന്റെ പേരുണ്ടായിരുന്നില്ല. അവസാന നിമിഷമാണ് ടീമിലെടുത്തത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിക്കാൻ അവസരം കിട്ടിയതും യാദൃശ്‌ചികം. രോഹിത് ശർമയ്‌ക്കു പകരം സ്വാധീന താരമായാണ് അരങ്ങേറ്റം.
0 comments