Deshabhimani

കളംവിട്ട് തല; ധോണി ഇനി കളത്തിലേക്കില്ല; ചെന്നൈയുടെ മെന്ററാകും

ms dhoni retirment.
വെബ് ഡെസ്ക്

Published on Nov 17, 2026, 03:22 PM | 1 min read

ചെന്നൈ: ഇതിഹാസതാരം മഹേന്ദ്ര സിങ് ധോണി ഐപിഎൽ കരിയറിനോടും വിട പറഞ്ഞു. പരിക്കുകാരണം കളത്തിൽ നിന്നും വിട്ടുനിൽക്കുന്ന ധോണി ചെന്നൈ സൂപ്പർ കിങ്‌സിനോട് വിടപറഞ്ഞു. മുൻ ക്യാപ്‌റ്റൻ ചെന്നൈയുടെ മെൻ്ററായി തുടർന്നേക്കും.


ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ധോണിക്ക് പരിക്കേറ്റത്. തുടർന്ന് നാൽപ്പത്തിനാലുകാരന് ശാരീരികക്ഷമത വീണ്ടെടുക്കാനായില്ല. തുടർന്നാണ് വിരമിക്കൽ പ്രഖ്യാപനം.





അവസാനിക്കുന്നത് 18 വർഷത്തെ ബന്ധം


ചെന്നൈ സൂപ്പർ കിങ്‌സിനായി പതിനെട്ട് വർഷമാണ് ധോണി കളത്തിലിറങ്ങിയത്. 2008 ഏപ്രിൽ 19ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലാണ് ധോണി ആദ്യമായി ചെന്നൈ കുപ്പായത്തിൽ അരങ്ങേറിയത്. തുടർന്ന് ക്യാപ്റ്റനായി അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 2010ലാണ് ആദ്യ കിരീടം ചൂടിയത്. പിന്നാലെ 2011, 2018, 2021, 2023 സീസണുകളിൽ ധോണിയുടെ കീഴിൽ ടീം കിരീടം ചൂടി. 278 മത്സരങ്ങളിൽ നിന്നായി 5439 റൺസും സ്വന്തമാക്കി. 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളുമായി കീപ്പിങ്ങിലും തന്റെ മികവ് തുടർന്നു.



ഏഴാംനമ്പർ വിരമിക്കുമോ


ചെന്നൈ സൂപ്പർ കിങ്‌സിനോട് ധോണി വിടപറഞ്ഞതോടെ താരത്തിന്റെ ഏഴാം നമ്പറും വിരമിക്കുമോ എന്ന ചർച്ചയും ഇതിനോടകം തുടങ്ങി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമച്ചതിന് പിന്നാലെ ഏഴാംനമ്പർ ജേഴ്‌സി ആരും ഉപയോഗിച്ചിട്ടില്ല. 2020 ആഗസ്‌ത്‌ 15നാണ്‌ ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചത്‌. 2011ലെ ഏകദിന ലോകകപ്പ്‌ കിരീടം സമ്മാനിച്ച ക്യാപ്‌റ്റനാണ്‌ ധോണി. 2007ലെ ട്വന്റി20 ലോകകപ്പിലും ഇന്ത്യയെ ചാമ്പ്യൻമാരാക്കി. ഐസിസി ചാമ്പ്യൻസ്‌ ട്രോഫിയും ഒരുതവണ നേടി. സച്ചിൻ ടെൻഡുൽക്കറോടുള്ള ബഹുമാനാർഥം 10–-ാംനമ്പർ ജേഴ്‌സിയും പിൻവലിച്ചിരുന്നു. എന്നാൽ, 2017ൽ ശാർദുൽ ഠാക്കൂർ അരങ്ങേറ്റക്കളിയിൽ 10–-ാംനമ്പർ കുപ്പായമാണ്‌ ഇട്ടത്‌. വിമർശമുയർന്നതോടെ ഉപേക്ഷിച്ചു. ശേഷം ഇന്ത്യൻ ടീമിൽ 10–-ാംനമ്പറുണ്ടായിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home