മാടക്കത്തറ പഞ്ചായത്തിൽ നൂതനപദ്ധതി
കാൻസർ രോഗികൾക്ക് കൈത്താങ്ങായി 15,000 രൂപ

മാടക്കത്തറ
സംസ്ഥാനത്ത് ആദ്യമായി കാൻസർ രോഗികളുടെ ചികിത്സാ ചെലവിന് കൈത്താങ്ങാകാൻ മാടക്കത്തറ പഞ്ചായത്തിന്റെ നൂതന പദ്ധതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് ഒറ്റത്തവണയായി 15,000 രൂപ ധനസഹായം നൽകും. എൽഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച ഇൗ കാരുണ്യ പദ്ധതി കലക്ടർ അധ്യക്ഷയായ നൂതന സമിതിയുടെ അംഗീകാരവും നേടി. ഡയലാസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് 4,000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതി നേരത്തേ പഞ്ചായത്തിൽ നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാൻസർ രോഗികൾക്കുള്ള കൈത്താങ്ങ്. കീമോതെറാപ്പി, റേഡിയേഷൻ, സർജറി, ഇമ്യൂണോതെറാപ്പി എന്നിവയ്‌ക്ക് വിധേയരാകുന്നവരെയാണ് പരിഗണിക്കുന്നത്. രോഗനിർണയം നടത്തി ആറുമാസത്തിനുള്ളിൽ ചികിത്സ നടത്തിയവരായിരിക്കണം ഗുണഭോക്താക്കൾ. ചികിത്സ തുടരുന്നുണ്ടെന്ന് മെഡിക്കൽ ഓങ്കോളജിസ്റ്റ് അല്ലെങ്കിൽ സർജിക്കൽ ഓങ്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. മുൻഗണനാ റേഷൻ കാർഡുള്ളവർക്കാണ് ആനുകൂല്യം. ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ്, റീജണൽ കാൻസർ സെന്റർ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നടത്തുന്നവരെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അർഹരായവർക്ക് 15,000 രൂപ ഒറ്റത്തവണയായി നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കും. പദ്ധതിയുടെ ആകെ ചെലവിന്റെ 75 ശതമാനം പഞ്ചായത്ത് തനത് ഫണ്ടിൽനിന്നും ബാക്കി 25 ശതമാനം ജനകീയ പങ്കാളിത്തം, സ്പോൺസർഷിപ് എന്നിവ വഴിയുമാണ് കണ്ടെത്തുന്നത്. വാർഷിക പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര പറഞ്ഞു. അർഹരായവർക്ക് മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.








0 comments