ഒട്ടും മയമില്ല; യുഎഇയെ അടിച്ച് തകർത്ത് കിവീസ്; പത്ത് വിക്കറ്റ് ജയം

ചെന്നൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ യുഎഇയെ അടിച്ചൊതുക്കി ന്യൂസിലൻഡ്. പത്ത് വിക്കറ്റിന്‍റെ കൂറ്റൻ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്. മറുപടിക്കിറങ്ങിയ കിവീസ് 28 പന്തുകൾ ബാക്കി നിൽക്കെ വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് അനായാസ വിജയം നേടിയത്. സ്കോർ: യുഎഇ 173/6. ന്യൂസിലൻഡ് 175/0 (15.2)
അർധസെഞ്ചുറിയുമായി തിളങ്ങിയ ടിം സീഫെർട്ടും ഫിൻ അലെനും ചേർന്നാണ് യുഎഇ ബൗളര്‍മാരെ നിലം പരിശാക്കിയത്. 42പന്തിൽ നിന്ന് 89 റൺസെടുത്ത ടിം സീഫെർട്ട് 12 ഫോറും 3 സിക്സും പറത്തി. 50 പന്ത് നേരിട്ട ഫിൻ അലെൻ അഞ്ച് വീതം ഫോറും സിക്സുമായി 84 റൺസാണ് അടിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് യുഎഇയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ആര്യാന്‍ഷ് ശര്‍മയെ (6 പന്തിൽ 8) വേഗം നഷ്ടപ്പെട്ടെങ്കിലും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ മുഹമ്മദ് വസീമും (45 പന്തിൽ 66) അലിഷാൻ ഷറഫുവും (47 പന്തിൽ 55) ചേർന്ന് യുഎഇയ്ക്ക് അടിത്തറയിട്ടു. പുറത്താകാതെ നിന്ന ക്യാപ്റ്റൻ നാല് ഫോറും മൂന്ന് സിക്സും പറത്തി. മൂന്നാം മിക്കറ്റിൽ ഇരുവരും ചേർന്ന് 107 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അവസാന ഓവറുകളിൽ വേണ്ടത്ര റൺ കണ്ടെത്താനാകാത്തത് ടീമിന് തിരിച്ചടിയായി. മായങ്ക് കുമാര്‍ (13 പന്തിൽ 21) മാത്രമാണ് പിന്നീട് എത്തിയവരിൽ പിടിച്ചു നിന്നത്.
ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.










0 comments