ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിഭാ ഖനിയായി കെസിഎൽ

തിരുവനനന്തപുരം: രണ്ട് വർഷം കൊണ്ട് കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മാറ്റിയെഴുതുകയാണ്. പ്രാദേശികതലത്തിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഒട്ടേറെ താരങ്ങളെ ഐപിഎല്ലിലേക്കും ദേശീയ ശ്രദ്ധയിലേക്കും എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചു. ഇന്ത്യൻ ക്രിക്കറ്റിലേക്ക് കഴിവുറ്റ താരങ്ങളെ സംഭാവന ചെയ്യുന്ന പ്രധാന വേദിയായി കെസിഎൽ അതിവേഗം വളരുകയാണ്.
സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധ നേടാനുമുള്ള വലിയൊരു വേദിയാണ് കെസിഎൽ. ആദ്യ സീസണിൽ തന്നെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഐപിഎല്ലിലെത്തിയ വിഘ്നേഷ് പുത്തൂരാണ് ഏറ്റവും മികച്ച ഉദാഹരണം. ഇടംകയ്യൻ ലെഗ്സ്പിന്നറുടെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യൻസ് സ്കൗട്ടിങ് സംഘം താരത്തെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കുകയായിരുന്നു. പരിശീലന സെഷനുകളിലെ മികച്ച പ്രകടനം പിന്നീട് വിഘ്നേഷിനെ മുംബൈയുടെ ഐപിഎൽ ടീമിലുമെത്തിച്ചു. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ മൂന്ന് വിക്കറ്റുകളുമായി വിഘ്നേഷ് മികവ് തെളിയിക്കുകയും ചെയ്തു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ഐപിഎല്ലിലേക്ക് വാതിൽ തുറന്ന താരങ്ങൾ ഏറെയുണ്ടെങ്കിലും സംസ്ഥാന ടീമിലെത്താൻ കഴിയാതെ പോകുന്ന കഴിവുറ്റ കളിക്കാർക്ക് കെസിഎൽ പോലുള്ള ലീഗുകൾ വലിയ അവസരങ്ങളാണ് തുറന്നു വയ്ക്കുന്നത്. ക്ലബ്ബ്, ജില്ലാ തലത്തിൽ തിളങ്ങി കെസിഎല്ലിലെത്തുന്ന താരങ്ങൾക്ക് ടാലന്റ് സ്കൗട്ടുകൾക്ക് മുന്നിൽ മികവ് തെളിയിക്കാനായാൽ, ഐപിഎല്ലിലേക്കുള്ള നേരിട്ടുള്ള വഴി കൂടിയാണ് തെളിയുന്നത്. കൂടുതൽ റൺസും വിക്കറ്റും നേടുന്നവർക്ക് പുറമെ ട്വന്റി20 ക്രിക്കറ്റിന് അനുയോജ്യമായ പവർ ഹിറ്റിംഗ്, മിസ്റ്ററി സ്പിൻ, ഡെത്ത് ഓവർ ബൗളിങ് എന്നിവയിൽ പ്രത്യേക കഴിവുള്ളവരെ കണ്ടെത്താനും സ്കൗട്ടുകൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
കഴിഞ്ഞ സീസണുകളിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ഐപിഎൽ വമ്പന്മാരുടെ ടാലന്റ് സ്കൗട്ടുകൾ കെസിഎൽ മത്സരങ്ങൾ നേരിട്ടു കാണാൻ എത്തിയിരുന്നു. മുംബൈയ്ക്കായി കിരൺ മോറെയും ആദിത്യ താരെയും എത്തിയപ്പോൾ ബംഗളൂരുവിനായി ഗണേഷ് സതീഷ്, സുമന്ത് കൊല്ല, അശ്വിൻ വെങ്കട്ടരാമൻ എന്നിവരും രാജസ്ഥാനായി മൽകേഷ് ഗാന്ധിയുമെത്തി.
ഇവരുടെ റിപ്പോട്ടുകളുടെ അടിസ്ഥാനത്തിൽ ഏദൻ ആപ്പിൾ ടോം, ശ്രീഹരി നായർ, പവൻ രാജ്, എൻ പി ബേസിൽ, സൽമാൻ നിസാർ, ആദിത്യ ബൈജു, മുഹമ്മദ് ഇനാൻ, അബ്ദുൾ ബാസിത്ത് തുടങ്ങിയ പത്തോളം മലയാളി താരങ്ങൾക്ക് വിവിധ ഐപിഎൽ ടീമുകളുടെ ട്രയൽസിലേക്ക് വിളിയെത്തി. ഐപിഎൽ ടീമുകൾക്കൊപ്പം സഞ്ചരിക്കാനും നെറ്റ്‌സിൽ പന്തെറിയാനുമുള്ള അവസരവും പല താരങ്ങൾക്കും ലഭിച്ചു. ഏദൻ ആപ്പിൾ ടോം ഗുജറാത്ത് ടൈറ്റൻസിനു വേണ്ടിയും ശ്രീഹരി നായർ ലഖ്നൗ സൂപ്പർ ജയന്റ്സിനു വേണ്ടിയും പവൻ രാജ് ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയും നെറ്റ് ബൗളർമാരായി സേവനമനുഷ്ഠിച്ചു.










0 comments