കെഎംഎംഎല്ലിലെ പ്രതിസന്ധി; സ്വകാര്യമേഖലയ്ക്കായി പൊതുമേഖല സ്ഥാപനങ്ങളെ തകർക്കാൻ യുഡിഎഫ്

കൊല്ലം : എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിൽ വൻലാഭം നേടി കേരളത്തിന്റെ അഭിമാനമായ ചവറയിലെ കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രവർത്തനം പ്രതിസന്ധിയിൽ. ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്നും ധാതുമണൽ എത്താത്തതിനെ തുടർന്നാണ് കെഎംഎംഎല്ലിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായത്. എന്നാൽ സർക്കാരിന് ഇതുവരെ വൻ ലാഭമുണ്ടാക്കി നൽകിയ, ഇനിയും ഖജനാവിലേക്ക് ലാഭമുണ്ടാക്കാൻ സാധിക്കുന്ന സ്ഥാപനത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടിട്ടും മുഖ്യമന്ത്രിയോ സർക്കാരോ തിരിഞ്ഞുനോക്കുന്നില്ല. ഐഎൻടിയുസി യൂണിയൻ പ്രസിഡന്റു കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ അടുത്തിടെ ഓഫീസ് ഉദ്ഘാടനത്തിനായി കൊല്ലത്തെത്തിയപ്പോഴും തൊഴിലാളികൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ യാതൊരു ഫലവുമുണ്ടായില്ല. ലാഭത്തിൽ പ്രവർത്തിക്കുന്ന വൻകിട പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്കായി തകർക്കാനുള്ള യുഡിഎഫിന്റെ നീക്കത്തിന്റെ ഇരയാവുകയാണ് കെഎംഎംൽ.
യുഡിഎഫ് ഭരണകാലത്ത് കെഎംഎംഎൽ എട്ടുകോടി രൂപയ്ക്ക് വിൽക്കാൻ പരസ്യം നൽകിയിരുന്നു. ഇവിടെ നിന്ന് എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണ ഇടപെടലിനെത്തുടർന്നാണ് കഴിഞ്ഞ പത്തുവർഷമായി കെഎംഎംഎൽ ലാഭത്തിലായത്. 2025–2026ൽ 889കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിയിലുണ്ടായത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ 48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും അധികം പ്രവർത്തന ലാഭം ഉണ്ടാക്കിയത് കെഎംഎംഎൽ ആയിരുന്നു. 2024- 25 സാമ്പത്തിക വർഷം കെഎംഎംഎൽ 1036 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്.
എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണവും വ്യവസായവകുപ്പിന്റെ ക്യത്യമായ ചുവടുവയ്‌പുകളുമാണ് കെഎംഎംഎല്ലിനെ ലാഭത്തിലേക്ക് ഉയർത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019ൽ മിനറൽ സെപ്പറേഷൻ യൂണിറ്റിൽ നടത്തിയ നവീകരണം മികച്ചനേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. ഒപ്പം സർക്കാർ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയിൽനിന്ന് കരിമണൽ എത്തിച്ചത് അസംസ്കൃതവസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉൽപ്പാദനത്തിന് സഹായകമാകുകയും ചെയ്തു.
എന്നാൽ കരിമണൽ ആവശ്യത്തിന് ലഭ്യമാണെന്നിരിക്കെ സ്ഥാപനത്തിലേക്ക് എത്തിക്കാതെ സ്ഥാപനത്തെ നശിപ്പിക്കുകയാണ് യുഡിഎഫ്. കമ്പനിയിൽ ധാതുമണൽ വേർതിരിക്കുന്ന എംഎസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ഇനി അവശേഷിക്കുന്നത് രണ്ടു മാസത്തേക്കുള്ള മണ്ണുമാത്രമാണ്. ധാതുമണൽ ലഭിച്ചില്ലെങ്കിൽ എംഎസ് യൂണിറ്റ് അടച്ചിടേണ്ടിവരുംതോട്ടപ്പള്ളിയിൽ ആയിരക്കണക്കിന് ടൺ മണ്ണ് കെട്ടിക്കിടന്ന് ആലപ്പുഴ വെള്ളത്തിലാകുമ്പാഴാണ് ഇത് ഉപയോഗിക്കാൻ കെഎംഎംഎല്ലിനെ അനുവദിക്കാത്തത്. സ്വകാര്യമേഖലയ്‌ക്ക് മണ്ണ് അനിയന്ത്രിതമായി കടത്താനായാണ് സർക്കാരിന്റെ നീക്കം. കാലവർഷം എത്തുംമുമ്പേ മണൽ നീക്കത്തിനുള്ള നടപടികൾ വർഷങ്ങളായി കൃത്യമായി നടന്നിരുന്നു. എന്നാൽ ഇൗവർഷം ഇതുവരെ തോട്ടപ്പള്ളിയിൽനിന്നും കെഎംഎംഎല്ലിന് മണ്ണ് ലഭിച്ചിട്ടില്ല.
എംഎസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഒരു വർഷം ആറു ലക്ഷം ടൺ ധാതുമണലും ഒരുമാസം 50,000 ടൺ ധാതുമണലും (റാസാന്റ്) ആവശ്യമാണ്. പൊന്മനയിലെയും തോട്ടപ്പള്ളിയിലെയും ധാതുമണൽ ശേഖരമാണ് കെഎംഎംഎല്ലിനെ പിടിച്ചുനിർത്തിയിരുന്നത്. പൊന്മനയിൽ മാത്രം ഖനനംനടത്തി കെഎംഎംഎല്ലിന് അധികം മുന്നോട്ടുപോകാനാകില്ല. ഡിസാസ്‌റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായാണ് തോട്ടപ്പള്ളി സ്‌പിൽവേയിലെ പൊഴിയിൽനിന്നും മണ്ണ് നീക്കാൻ മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.
മണ്ണിൽനിന്നും ധാതുക്കൾ വേർതിരിക്കാനുള്ള അവകാശം കേന്ദ്ര നിയമപ്രകാരം കെഎംഎംഎല്ലിനും ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിനും (ഐആർഇ) മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 2020–25 കാലത്ത് ഏകദേശം 15 ലക്ഷം ടൺ മണ്ണ് തോട്ടപ്പള്ളിയിൽ നിന്നും എത്തിച്ചിരുന്നു. ഇറിഗേഷൻ വകുപ്പ് വഴി സംസ്ഥാന സർക്കാരിന് ഏകദേശം 62 കോടി രൂപ ലഭിച്ചിട്ടുണ്ട്. തോട്ടപ്പള്ളിയിൽ ഒരു എംക്യൂബ് മണ്ണിന് 2020ൽ ഇറിഗേഷൻ വകുപ്പ് നിശ്‌ചയിച്ച വില 464 രൂപയും 2025ൽ 956 രൂപയുമാണ്. കുട്ടനാട്ടിൽ വെള്ളപ്പൊക്കമായതോടെ കഴിഞ്ഞ ദിവസം സ്‌പിൽവേ തുറന്ന് കുറെ മണ്ണ് കടലിലേക്ക് ഒഴുക്കി. കെഎംഎംഎൽ പിടിച്ചുനിന്നത് തോട്ടപ്പള്ളിയിലെ ധാതുമണലിനെ ആശ്രയിച്ചാണ്. അതിനാണ് യുഡിഎഫ് ഇപ്പോൾ തടസമാകുന്നത്.
ചാന്ദ്രയാനിലും കൈയൊപ്പ്
കെഎംഎംഎല്ലിൽനിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് മെറ്റൽ ഉപയോഗിച്ചുണ്ടാക്കിയ ലോഹക്കൂട്ടുകളാണ് ചന്ദ്രയാൻ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കൽ കമ്പോണന്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ടൈറ്റാനിയം സ്പോഞ്ച് ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണ് കെഎംഎംഎല്ലിലേത്.
സിന്തറ്റിക് റൂട്ടൈൽ പുറത്തുനിന്ന് വാങ്ങുന്നു
കെഎംഎംഎല്ലിൽ ടൈറ്റാനിയം ഡയോക്‌സൈഡ് ഉൽപ്പാദനത്തിലെ കുറവ് പരിഹരിക്കാൻ പുറത്തുനിന്ന് 8,9,44 മെട്രിക് ടൺ സിന്തറ്റിക് റൂട്ടൈൽ (ബനിഫിഷ്യേറ്റ് ഇൽമനൈറ്റ് ) പുറത്തുനിന്ന് വാങ്ങുന്നു. ധാതുമണലിൽനിന്നാണ് ബനിഫിഷ്യേറ്റ് ഇൽമനൈറ്റ് വേർതിരിച്ചെടുക്കുന്നത്. ഉൽപ്പാദനകുറവ് മൂലം കമ്പനി കടുത്ത സാമ്പത്തിക നഷ്‌ടം നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇൽമനൈറ്റ് ഉൽപ്പാദിപ്പിക്കാൻ സാധിക്കാത്തതിനാൽ നിർമാണയൂണിറ്റുകളുടെ പ്രവർത്തനം പകുതിയാക്കി . പ്രതിദിനം 50 ടൺ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഉൽപ്പാദനനഷ്‌ടമാണുണ്ടാകുന്നത്. 40 ലക്ഷം രൂപയാണ് ഒരു ദിവസത്തെ സാമ്പത്തിക നഷ്‌ടം.
നീണ്ടകര മുതൽ ആലപ്പാടു വരെ എട്ട് ബ്ലോക്കായി തിരിച്ചാണ് കെഎംഎംഎല്ലിനും ഐആർഇക്കും ധാതുമണൽ ഖനനം നടത്താൻ അവകാശമുള്ളത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ബ്ലോക്കുകൾ കെഎംഎംഎല്ലിനും രണ്ട്, നാല്, ആറ്, എട്ട് ബ്ലോക്കുകൾ ഐആർഇക്കും ആണ്. കെഎംഎംഎൽ പിടിച്ചുനിന്നത് തോട്ടപ്പള്ളിയിലെ ധാതുമണലിനെ ആശ്രയിച്ചാണ്. അതിനാണ് യുഡിഎഫ് തടസ്സമൊരുക്കിയത്. ധാതുമണലിൽനിന്നും എംഎസ് യൂണിറ്റിൽ വേർതിരിക്കുന്നത് ഇൽമനൈറ്റ്, സിർക്കോൺ, റൂട്ടൈൽ, സിലിമനൈറ്റ് എന്നിവയാണ്. ഇതിൽ ഇൽമനൈറ്റ് കെഎംഎംഎല്ലിലെ ടിപി യൂണിറ്റിന് നൽകുന്നു. ബാക്കിയുള്ള ധാതുക്കൾ പുറത്ത് കെഎംഎംഎൽ വിൽക്കുന്നു.
ഇൽമനൈറ്റിൽ നിന്നാണ് ടിപി യൂണിറ്റ് ടൈറ്റാനിയം പിഗ്‌മെന്റ് ഉൽപ്പാദിപ്പിക്കുന്നത്. ഒരുവർഷം 75000 ടൺ ഇൽമനൈറ്റ് ടിപി യൂണിറ്റിന് ആവശ്യമാണ്. എന്നാൽ, എംഎസ് യൂണിറ്റിൽ നിന്നും നൽകുന്നത് 50000 ടൺ മാത്രം. ബാക്കി 25,000 ടൺ 75 കോടി രൂപ നൽകി കെഎംഎംഎൽ ഐആർഇയിൽനിന്നും വാങ്ങുകയാണ്. നീണ്ടകര പരിമണത്തുനിന്നും ഖനനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തുടർ നടപടി വൈകുന്നതും കെഎംഎംഎല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കും. ധാതുമണലിൽനിന്നും ഇൽമനൈറ്റ്, സിർക്കോൺ, റൂട്ടൈൽ, സിലിമനൈറ്റ് എന്നിവ വേർതിരിക്കുന്നതിലൂടയും മൈനിങ് ജിയോളജി വഴി സർക്കാരിന് റോയൽറ്റിയായി ഒരുവർഷം മൂന്നുകോടി രൂപ ലഭിക്കുന്നുണ്ട്. ധാതുമണൽ വേർതിരിക്കുന്നതിലൂടെ പുറത്തുവരുന്ന മോണോസൈറ്റ് പ്രയോജനപ്പെടുത്തി ക്രാക്കിങ്ങിലൂടെ ഓക്‌സൈഡ് ഉൽപ്പാദിപ്പിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറാക്കിയ പദ്ധതിക്കും പുതിയ സർക്കാർ പച്ചക്കൊടി കാട്ടുന്നില്ല.










0 comments