വിമാനക്കമ്പനികളുടെ കൊള്ള; പ്രവാസികളെ രക്ഷിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കുന്നില്ല: ഇ പി ജയരാജൻ

തിരൂർ : വിമാനക്കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുന്നതിൽനിന്ന് രക്ഷിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽനിന്നടക്കം വിദേശ സർവീസുകൾ നടത്താനുള്ള അനുമതി നൽകാതെ പ്രവാസികളെ ദ്രോഹിക്കുകയാണ് കേന്ദ്രസർക്കാർ. തിരൂരിൽ കേരള പ്രവാസി സംഘം സംസ്ഥാന സമ്മേേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമാനക്കമ്പനികൾക്ക് യാത്രക്കാരെ കൊള്ളയടിക്കാൻ അവസരമൊരുക്കുകയാണ് സർക്കാർ. സീസൺ നോക്കിയാണ് ചാർജ് കൊള്ള നടത്തുന്നത്. അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിൽ തോന്നിയപോലെയാണ് ചാർജ്. എന്നാൽ ഇങ്ങനെ കൊള്ള നടത്തുമ്പോഴും വിമാനങ്ങളിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ഇവർ തയ്യാറാകുന്നില്ല. ഇക്കാര്യത്തിലും സർക്കാരുകൾ ഇടപെടുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമെത്തിക്കുന്ന വിഭാഗമാണ് പ്രവാസികൾ. എന്നാൽ ഇവരുടെ ജീവിതം സുരക്ഷിതമാക്കുന്ന പദ്ധതികളൊന്നും കേന്ദ്രസർക്കാർ നടപ്പാക്കുന്നില്ല. കേരളത്തിൽ എൽഡിഎഫ് സർക്കാരാണ് പ്രവാസികൾക്ക് സുരക്ഷയൊരുക്കുന്ന പദ്ധതികൾ നടപ്പാക്കിയതെന്നും ഇപി പറഞ്ഞു.
തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ ഉദ്‌ഘാടനസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ വി പി അനിൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.










0 comments