കൊച്ചി ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ വമ്പൻ തട്ടിപ്പ്

കൊച്ചി: കൊച്ചി ഇന്ത്യൻ ബാങ്കിൽ 29 കോടി തട്ടിപ്പ് നടന്നതായി പരാതി. ബാങ്കിന്റെ തന്നെ ഡയറക്ട് സെല്ലിങ് ഏജന്റ് കമ്പനിയായ മൈമോ ഫിനാൻഷ്യൽ സർവീസസ് തന്നെയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ലോണുകളെല്ലാം കൈകാര്യം ചെയ്യുന്നതിനായി ബാങ്ക് തന്നെ വിശ്വസ്തതയോടെ ഏൽപ്പിക്കുന്ന ഏജന്റ് കൂടിയാണിത്. 25 പേരുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി എൻആർഎ ലോണുകൾ എടുത്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ മൈമോ ഫിനാൻഷ്യൽ സർവീസസ് കമ്പനിക്കെതിരെയും കമ്പനി ഡയറക്ടർമാരായ മിഥുൻ മൈക്കിൾ, മേബിൾ മേരി എന്നിവർക്കെതിരെയും എറണാകുളം പൊലീസ് കേസെടുത്തു. കൂടാതെ ലോണെടുത്ത 25 പേർക്കെതിരെയും നിലവിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. മൈമോ ഫിനാൻഷ്യൽ കമ്പനിയുടെ ബന്ധപ്പെട്ട് നിൽക്കുന്നവരുടെ പേരിലാണ് അധികവും വ്യാജ രേഖകൾ ചമച്ചത്. രേഖകളിൽ പലതും റിയാദ് ഇന്ത്യൻ കോൺസുലേറ്റിന്റെയും മസ്ക്കറ്റ് ഇന്ത്യൻ എംബസിയുടെയും അറ്റസ്റ്റ് ചെയ്ത രേഖകൾ വരെ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഈ രേഖകൾ പരിശോധിച്ചാണ് ലോൺ അനുവദിച്ചിട്ടുള്ളത്. എന്നാൽ ലോൺ എടുത്തതിന് ശേഷം തിരിച്ചടവുകൾ വന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഖകൾ വ്യാജമാണെന്നും കോടികളുടെ തട്ടിപ്പിന് ഇരയായതായും കണ്ടെത്തിയത്. തുടർന്ന് ബാങ്കിന്റെ സോണൽ ഓഫീസിൽ നിന്നും പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ എംബസി ജീവനക്കാർക്കോ ബാങ്കിലെ ഉദ്യോഗസ്ഥർക്കോ പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. മൈമോ ഫിനാൻഷ്യൽ സർവീസസ് മുൻപ് സഹകരിച്ചിട്ടുള്ള സ്ഥാപനങ്ങളിലും അന്വേഷണം വ്യാപിപ്പിക്കും. സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിച്ചു വരുന്നത്.









0 comments