വിസ കിട്ടിയില്ല, മോഹൻലാലിന്റെ 'സിഡ്നി ഷോ' മാറ്റിവച്ചു

കൊച്ചി: മോഹൻലാലിന്റെ സിഡ്നിയിൽ നടത്താനിരുന്ന സ്റ്റേജ് ഷോ മാറ്റിവച്ചു. ഓസ്ട്രേലിയൻ സർക്കാർ വിസ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്. അവിചാരിതമായി പരിപാടി റദ്ദാക്കേണ്ടി വന്നതിൽ താരം ഖേദം പ്രകടിപ്പിച്ചു. സിംഗപ്പൂരിൽ നിന്ന് റെക്കോർഡുചെയ്‌ത ഒരു വീഡിയോയിലാണ് മോഹൻലാൽ സംഘാടകരോടും ഷോയിൽ പങ്കെടുക്കുന്നവരോടും ക്ഷമ ചോദിച്ചത്. താൻ ഒരുപാട് സ്റ്റേജ് പരിപാടികൾ നടത്തിയിട്ടുണ്ടെന്നും, എന്നാൽ ആദ്യമായാണ് ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നതെന്നും മോഹൻലാൽ വീഡിയോയിൽ പറഞ്ഞു.
'ഞാൻ സിനിമയിൽ വന്നിട്ട് ഏകദേശം 50 വർഷമായി. ഒരുപക്ഷേ ഏറ്റവും കൂടുതൽ സ്റ്റേജ് ഷോകൾ നടത്തിയിട്ടുള്ള ഇന്ത്യൻ നടൻ ഞാനായിരിക്കാം. ഈ വർഷം തന്നെ അമേരിക്ക, ജർമനി, യുകെ, അയർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ പരിപാടി ചെയ്തിരുന്നു. ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു ക്ലറിക്കലോ സാങ്കേതികമോ ആയ പിഴവുകൾകൊണ്ടാണോ വിസ ലഭിക്കാതിരുന്നതെന്ന് അറിയില്ല. എല്ലാ തരത്തിലും വിസ ലഭിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്ത് പറയണമെന്ന് അറിയില്ല. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇപ്പോഴുള്ള ഞങ്ങളുടെ ടീമുമായി എത്തി ഉറപ്പാടും അടുത്ത് തന്നെ ഞങ്ങൾ ഒരു പരിപാടി നടത്തുന്നതായിരിക്കും' - മോഹൻലാൽ പറഞ്ഞു.
'ടീമിലുള്ള മറ്റ് അംഗങ്ങൾക്കെല്ലാം നേരത്തെ വിസ ലഭിച്ചിരുന്നു. മോഹൻലാലിന് വിസ ലഭിക്കാതായതോടെ ടീം അഗങ്ങൾ പ്രതിസന്ധിയിലാവുകയായിരുന്നു. കേരളത്തിൽ നിന്നും സിംഗപ്പൂർവഴി സിഡ്നിയിലേക്ക് യാത്രതിരിക്കാനിരിക്കുകയായിരുന്നു മോഹൻലാൽ. വിസ അനുമതി നിഷേധിച്ചതോടെ മോഹൻലാൽ സിംഗപ്പൂരിൽ തുടരുകയാണ്.









0 comments