അവസാനം പരിഹാരം; ദക്ഷിണാഫ്രിക്ക, വിൻഡീസ് താരങ്ങൾ ഇന്ത്യ വിട്ടു

ICC - International Cricket Council|facebook.com/photo
കൊൽക്കത്ത: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യാത്രാപ്രതിസന്ധിമൂലം ഇന്ത്യയിൽ കുടുങ്ങിയ ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ് ടീമുകൾ മടങ്ങി. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യയിലെത്തി, ഒരാഴ്ചയായി കൊൽക്കത്തയിൽ കുടുങ്ങി ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ് ടീമുകളിലെ അവസാന ബാച്ചും മടങ്ങിയെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു.
വിൻഡീസ് ടീമിലെ 16 അംഗങ്ങളും ദക്ഷിണാഫ്രിക്കൻ സംഘത്തിലെ 29 പേരുമാണ് അവസാനമായി മടങ്ങിയത്. യുദ്ധത്തെത്തുടർന്ന് ദുബായ് ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളും വ്യോമപാതകളും അടച്ചതാണ് താരങ്ങളുടെ യാത്ര മുടങ്ങാൻ കാരണമായത്. മാർച്ച് ഒന്നിനും നാലിനുമാണ് വിൻഡീസ്, ദക്ഷിണാഫ്രിക്കൻ ടീമുകൾ അവസാന മത്സരങ്ങൾ കളിച്ചത്. വിൻഡീസ് സൂപ്പർ എട്ടിലും ദ.ആഫ്രിക്ക സെമിയിലുമാണ് വീണത്.
പ്രതിസന്ധി തുടരുമ്പോൾ ഇംഗ്ലണ്ട് ടീമിന് മാത്രമായി യാത്രാ സൗകര്യങ്ങൾ ഒരുക്കിയ ഐസിസി നിലപാടിനെതിരെ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൺ ഡി കോക്കും ഡേവിഡ് മില്ലറും രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യയോട് തോറ്റ ഇംഗ്ലണ്ട് ടീം ശനിയാഴ്ച വൈകുന്നേരം മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പ്രത്യേക ചാർട്ടർ വിമാനത്തിൽ പുറപ്പെട്ടു. അതിന് മുമ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായ വിൻഡീസിനും ദ.ആഫ്രിക്കയ്ക്കും വിമാനങ്ങൾ ലഭ്യമായതുമില്ല. ഇതോടെയാണ് ഐസിസിക്കെതിരെ താരങ്ങൾ രംഗത്തെത്തിയത്.










0 comments