തിരിച്ചടിക്കുമോ ഇന്ത്യ

അഡ‌്‌ലെയ‌്ഡ‌്
ഓസ‌്ട്രേലിയക്കെതിരായ ഏകദിന പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യ ഇന്നിറങ്ങും. അഡ‌്‌ലെയ‌്ഡിലാണ‌് മൂന്നുമത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാംഏകദിനം. ഒപ്പമെത്താൻ വിരാട‌് കോഹ‌്‌ലിയും സംഘവും പരമ്പര പിടിക്കാൻ ആതിഥേയരും ഒരുങ്ങുമ്പോൾ മത്സരം കനക്കും. ജയിച്ചില്ലെങ്കില്‍ ഇന്ത്യക്ക‌് പരമ്പര നഷ്ടമാകും.
ആദ്യമത്സരം 34 റണ്ണിനാണ‌് ഇന്ത്യ തോറ്റത്. ബാറ്റിങ് നിരയുടെ പരാജയമാണ‌് ഇന്ത്യയെ തോൽവിയിലേക്ക‌് നയിച്ചത‌്. സെഞ്ചുറി നേടിയ രോഹിത‌് ശർമയും അരസെഞ്ചുറിയുമായി മഹേന്ദ്രസിങ് ധോണിയും മാത്രമാണ‌് ഇന്ത്യൻ ബാറ്റിങ‌്നിരയിൽ പിടിച്ചുനിന്നത‌്.
ട്വന്റി–-20 പരമ്പരയിലും ആദ്യമത്സരം തോറ്റതിനുശേഷം ഇന്ത്യ തിരിച്ചുപിടിക്കുകയായിരുന്നു. ടെസ‌്റ്റ‌് പരമ്പര കൈവിട്ട ഓസീസ‌് ശക്തമായ തിരിച്ചുവരവാണ‌് സിഡ‌്നിയിൽ നടത്തിയത‌്. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്താൻ കങ്കാരുപ്പടയ‌്ക്കായി.
യുവതാരങ്ങളായ ജൈ റിച്ചാർഡ‌്സണിന്റെയും ജാസൺ ബെഹ്രൻഡോർഫിന്റെയും ഉശിരൻപ്രകടനം ഓസീസിന്റെ പേസ‌് വിഭാഗം ശക്തമാണെന്ന‌് തെളിയിച്ചു. മിച്ചെൽ സ‌്റ്റാർക‌്, പാറ്റ‌് കമ്മിൻസ‌്, ജോഷ‌് ഹാസെൽവുഡ‌് ത്രയത്തിനു വിപരീതമായി സ‌്റ്റമ്പിനെ ലക്ഷ്യമാക്കി തന്നെയാണ‌് ഏകദിനത്തിൽ ഓസീസ‌് പേസർമാർ പന്തെറിഞ്ഞത‌്.
ഓപ്പണിങ്ങിൽ നായകൻ ആരോൺ ഫിഞ്ചിന‌് മാത്രമാണ‌് ആദ്യകളിയിൽ ഓസീസ‌് ബാറ്റ‌്സ‌്മാൻമാരിൽ താളം കണ്ടെത്താൻ കഴിയാഞ്ഞത‌്. മധ്യനിരക്കാർ ഉശിരൻ പ്രകടനം പുറത്തെടുത്തു. ഏഴാം നമ്പറിൽ ഇറങ്ങിയ ഗ്ലെൻ മാക‌്സ‌്‌വെൽ വരെ ശക്തമായി നിലകൊണ്ടു. ഉസ‌്മാൻ ഖവാജ, ഷോൺ മാർഷ‌്, പീറ്റർ ഹാൻഡ‌്സ‌്കോമ്പ‌്, മാർകസ‌് സ‌്റ്റോയിനിസ‌് എന്നിവരുടെ മികവാണ‌് മികച്ച സ‌്കോർ കുറിക്കാൻ ഓസീസിനെ സഹായിച്ചത‌്. പരിക്കേറ്റ മിച്ചെൽ മാർഷ‌് മടങ്ങിയെത്തുമെന്ന‌് വൈസ‌് ക്യാപ‌്റ്റൻ അലക‌്സ‌് കാരി സൂചന നൽകി. ശാരീരിക അസ്വസ്ഥതകൾ കാരണം മാർഷ‌് ആദ്യഏകദിനത്തിൽ കളിച്ചിരുന്നില്ല.
അഡ‌്‌ലെയ‌്ഡിൽ മാറ്റങ്ങളുമായിട്ടാകും ഇന്ത്യ ഇറങ്ങുക. മധ്യനിരയില്‍ കേദാര്‍ ജാദവിന് അവസരം ലഭിച്ചേക്കും. ദിനേശ് കാര്‍ത്തിക്കിനോ അമ്പാട്ടി റായുഡുവിനോ സ്ഥാനം നഷ്ടമായേക്കും. ആദ്യഏകദിനത്തിൽ ഇരുവർക്കും തിളങ്ങാനായിരുന്നില്ല. നേരിട്ട രണ്ടാംപന്തിൽ റണ്ണെടുക്കുംമുമ്പ‌് റായുഡു പുറത്തായി. 12 റൺ മാത്രമായിരുന്നു കാർത്തിക്കിന്റെ സാമ്പദ്യം.
റായുഡുവിന്റെ ബൗളിങ‌് ആക്ഷൻ സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ പാര്‍ട് ടൈം ബൗളറായും ജാദവിനെ ഉപയോഗപ്പെടുത്താം. പുതുതായി ടീമിലെത്തിയ വിജയ‌് ശങ്കറിനെ അന്തിമ പതിനൊന്നിലേക്ക‌് പരിഗണിക്കാൻ സാധ്യതയില്ല. ടീമിൽ ആർക്കും പരിക്കില്ല.
ബൗളിങ്ങിലും മാറ്റത്തിന‌് കോഹ‌്‌ലി തയ്യാറായേക്കും. ആദ്യകളിയിൽ റണ്‍ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട പേസര്‍ ഖലീല്‍ അഹമ്മദിനെ ഒഴിവാക്കാനാണ് സാധ്യത. എട്ട‌് ഓവറില്‍ 55 റണ്ണാണ‌് ഈ ഇടംകൈയന്‍ വഴങ്ങിയത്. ഖലീലിന് പകരം മുഹമ്മദ് സിറാജോ സ‌്പിന്നർ യുസ‌്‌വേന്ദ്ര ചഹാലോ ടീമിലെത്തും. ഇതിനുമുമ്പ‌് അഡ്‌ലെയ്ഡില്‍ കളിച്ച മത്സരങ്ങളിൽ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം. അഞ്ച് ഏകദിനങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
മേഘാവൃതമായിരിക്കും അഡ‌്‌ലെയ‌്ഡ‌് എന്നാണ‌് കാലാവസ്ഥാ റിപ്പോർട്ട‌്. അതിനാൽത്തന്നെ പേസർമാർക്ക‌് പിച്ചിൽനിന്ന‌് സഹായം കിട്ടിയേക്കും.
ഇന്ത്യൻ ടീം (ഇവരിൽനിന്ന‌്): വിരാട‌് കോഹ‌്‌ലി, രോഹിത്ത‌് ശർമ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, ദിനേശ‌് കാർത്തിക‌്, കേദാർ ജാദവ‌്, മഹേന്ദ്രസിങ‌് ധോണി, രവീന്ദ്ര ജഡേജ, കുൽദീപ‌് യാദവ‌്, യുസ‌്‌വേന്ദ്ര ചഹാൽ, ഭുവനേശ്വർകുമാർ, മുഹമ്മദ‌് ഷമി, ഖലീൽ അഹമ്മദ‌്, മുഹമ്മദ‌് സിറാജ‌്.
ഓസീസ്: ആരോൺ ഫിഞ്ച‌്, ഉസ‌്മാൻ ഖവാജ, ഷോൺ മാർഷ‌്, പീറ്റർ ഹാൻഡ‌്സ‌്കോമ്പ‌്, ഗ്ലെൻ മാക‌്സ‌്‌വെൽ, മാർകസ‌് സ‌്റ്റോയിനിസ‌്, മിച്ചെൽ മാർഷ‌്, അലക‌്സ‌് കാരി, ജൈ റിച്ചർഡ‌്സൺ, ബില്ലി സ‌്റ്റാൻലകി, ജാസൺ ബെഹ്രൻഡോർഫ‌്, പീറ്റർ സിഡിൽ, നതാൻ ല്യോൺ, ആദം സാമ്പ.









0 comments