ഫ്രാൻസിന‌് ഡച്ച‌് പ്രഹരം

റോട്ടർഡാം > ലോക ജേതാക്കളായ ഫ്രാൻസിന‌് 15 മത്സരങ്ങൾക്കൊടുവിൽ തോൽവി. കഴിഞ്ഞ ലോകകപ്പിന‌് യോഗ്യത നേടാതിരുന്ന നെതർലൻഡ‌്സാണ‌് യുവേഫ നേഷൻസ‌് ലീഗിൽ ഫ്രഞ്ചുകാരെ അടിയറവു പറയിച്ചത‌്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജയം. ജോർഗിന്യോ വൈനാൾഡം, മെംഫിസ‌് ഡെപെ എന്നിവർ സ‌്കോർ ചെയ‌്തു. മറ്റൊരു മത്സരത്തിൽ സ്ലൊവാക്യ ഉക്രെയ‌്നെയും (4–-1) ഡെന്മാർക്ക‌് വെയിൽസിനെയും (2–-1) തോൽപ്പിച്ചു.
നെതർലൻഡ‌്സും ഫ്രാൻസും അടങ്ങുന്ന ഗ്രൂപ്പ‌് എ1 ൽനിന്ന‌് ജർമനി ഗ്രൂപ്പ‌് ബിയിലേക്ക‌് തരംതാഴ‌്ത്തപ്പെട്ടു. മൂന്നു കളിയിൽനിന്ന‌് ഒരു പോയിന്റ‌് മാത്രമാണ‌് മുൻ ലോക ജേതാക്കൾക്കുള്ളത‌്. ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ജർമനിക്ക‌് ഇത‌് മറ്റൊരു പ്രഹരമായി. പോളണ്ടും ഐസ‌്‌ലൻഡുമാണ‌് എ വിഭാഗത്തിൽനിന്ന‌് തരംതാഴ‌്ത്തപ്പെട്ട മറ്റു ടീമുകൾ. ക്രൊയേഷ്യ, ഇംഗ്ലണ്ട‌് ടീമുകളിലൊന്നും ഈ കൂട്ടത്തിലേക്കു ചേരും.
ലോകജേതാക്കളെ നിഷ‌്പ്രഭരാക്കുന്ന പ്രകടനമാണ‌് ഡച്ചുപട കാഴ‌്ചവച്ചത‌്. തുടക്കം കളി മന്ദഗതിയിലായിരുന്നു. ആക്രമണ ഫുട‌്ബോൾ കാഴ‌്ചവച്ച ഡച്ചുകാർ കളി ചൂടുപിടിപ്പിച്ചു. ഡെപെ, റ്യാൻ ബബേൽ, സ‌്റ്റീവൻ ബെർഗവിൻ എന്നിവരടങ്ങുന്ന ഡച്ച‌് ആക്രമണനിരയും ഫ്രഞ്ച‌് ഗോളി ഹ്യൂഗോ ലോറിസും തമ്മിലുള്ള പേരാട്ടമായിരുന്നു മത്സരം. ലോറിസിന്റെ മികവാണ‌് കുടുതൽ ഗോളുകൾ കുടുങ്ങുന്നതിൽനിന്ന‌് ഫ്രാൻസിനെ രക്ഷിച്ചത‌്. ഡെപെയുടെ ഗോളെന്നുറച്ച മൂന്നു ശ്രമങ്ങൾ ലോറിസ‌് തട്ടിയകറ്റി.
ഒൺടോയ‌്ൻ ഗ്രിസ‌്മാൻ ഫ്രഞ്ച‌് നിരയിൽ ഭേദപ്പെട്ടു കളിച്ചു. എങ്കിലും ഫ്രഞ്ചുകാർ സമീപകാലത്തെ മോശം പ്രകടനമാണ‌് കാഴ‌്ചവച്ചത‌്. പോൾ പൊഗ‌്ബയുടെ അഭാവം തിരിച്ചടിയായി. മധ്യനിര ചലനമറ്റ അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ മുന്നേറ്റക്കാർക്ക‌് ഏറെയൊന്നും ചെയ്യാനായില്ല.
ആദ്യപകുതിക്ക‌് വിസിൽ മുഴങ്ങാൻ ഒരു മിനിറ്റ‌് മാത്രം ബാക്കിയിരിക്കെയായിരുന്നു ഡച്ചുകാരുടെ ആദ്യ ഗോൾ. ഫ്രഞ്ച‌് മധ്യനിരക്കാരൻ സ‌്റ്റീവൻ എൻസോൻസിയുടെ പിഴവ‌് വൈനാൾഡമും കൂട്ടരും മുതലെടുത്തു. ഫ്രങ്ക‌് ഡി ജോങ്ങിന്റെ ക്രോസ‌് എൻസോൻസിയുടെ കാലിൽ തട്ടിത്തെറിച്ചപ്പോൾ കിട്ടിയത‌് ബബേലിന‌്. ബബേലിന്റെ ക്ലോസ‌് റേഞ്ച‌് ഷോട്ട‌് ലോറിസ‌് തട്ടിയിട്ടു. റിബൗണ്ട‌് പിടിച്ചെടുത്ത വൈനാൾഡം അനായാസം വല കുലുക്കി.
രണ്ടാം പകുതിയിൽ ഫ്രാൻസിന‌് തിരിച്ചടിക്കാൻ ആവേശമൊന്നും കണ്ടില്ല. ഡച്ചുകാർ തന്നെ കളി നിയന്ത്രിച്ചു. പ്രതിരോധക്കാരൻ ഡിഗ‌്നെ രണ്ടാം മഞ്ഞക്കാർഡ‌് കണ്ടു പുറത്തുപോയത‌് ഫ്രാൻസിനെ കുടുതൽ പ്രതിസന്ധിയിലാക്കി. പരിക്കുസമയത്ത‌് പെനൽറ്റിയിലൂടെ ഡെപെ രണ്ടാം ഗോൾ നേടി. മൂസ്സ സിസോകോ ഡി ജോങ്ങിനെ വീഴ‌്ത്തിയതിനായിരുന്നു പിഴ. 2008ലെ യൂറോ കപ്പിനു ശേഷം ഫ്രാൻസ‌് ഡച്ചുകാരോട‌് തോൽക്കുന്നത‌് ആദ്യമാണ‌്.









0 comments