വിൻഡീസ‌് ഇന്ത്യയെ തളച്ചു; അവസാന പന്തില്‍ സമനില

വിശാഖപട്ടണം > അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച‌് പോരാട്ടം തുല്യതയിൽ അവസാനിച്ചു. ഇന്ത്യയുടെ കൂറ്റൻ സ‌്കോർ പിന്തുടർന്ന വെസ‌്റ്റിൻഡീസ‌് അവസാന പന്തിലെ ബൗണ്ടറിയിൽ സ‌്കോർ തുല്യമാക്കി. പരിചയക്കുറവ‌് ബാധിക്കാതെ പോരാട്ടവീര്യം പുറത്തെടുത്ത വിൻഡീസിന്റെ യുവനിരയ‌്ക്ക‌് ജയത്തോളം മധുരമുള്ള നേട്ടമായി മത്സരം. ലോക റെക്കോഡും 150 റണ്ണിലധികവും കുറിച്ച ഇന്ത്യൻ നായകൻ വിരാട‌് കോഹ‌്‌ലിക്ക‌് ഈ മത്സരം എക്കാലവും ഓർമിക്കാവുന്നതായി.
നായകന്റെ അതിഗംഭീര പ്രകടനത്തിൽ മികച്ച സ‌്കോർ കുറിച്ച‌് വിജയപ്രതീക്ഷയിലായിരുന്നു ഇന്ത്യ. അതിവേഗം പതിനായിരം റൺ കുറിക്കുന്ന ബാറ്റ‌്സ‌്മാൻ എന്ന റെക്കോഡ‌് നേടിയ കോഹ‌്‌ലിയായിരുന്നു ഇന്ത്യയുടെ കൂറ്റൻ സ‌്കോറിനു പിന്നിൽ. അമ്പട്ടി റായ‌്ഡു(73) നായകന‌് മികച്ച പിന്തുണ നൽകി. വേഗം കുറഞ്ഞ പിച്ചിൽ ബാറ്റിങ്ങ‌് അത്ര എളുപ്പമായിരുന്നില്ലെങ്കിലും ഈ കൂട്ടുകെട്ട‌് നല്ല സ‌്കോർ നേടാൻ സഹായിച്ചു. എന്നാൽ , മറ്റു കളിക്കാരിൽനിന്ന‌് വലിയ സംഭാനയില്ലാത്തത‌് തിരിച്ചടിയായി.
പേസർമാർക്കും സ‌്പിന്നർമാർക്കും വിൻഡീസിനെ പരീക്ഷിക്കാനായില്ല. കുൽദീപ‌് യാദവിനെ ഉൾപ്പെടുത്തി മുന്ന‌് സ‌്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യ വിൻഡീസിനെ പൂട്ടുമെന്ന‌് കരുതി. എന്നാൽ, വിൻഡീസിന്റെ യുവതാരങ്ങളായ ഷായ‌് ഹോപും (123) ഷിംറോൺ ഹെറ്റ‌്മിയറും സ‌്പിന്നർമാരെ ഭയംകൂടാതെ നേരിട്ടു. ഇതോടെ ഇന്ത്യയുടെ പ്രതീക്ഷ തകർന്നു. അവസാന ഓവറിൽ 14 റൺ വേണമായിരുന്നു വിൻഡീസിന‌് ജയിക്കാൻ. ഹൊപും ആഷ‌്‌ലി നഴ‌്സുമായിരുന്നു ക്രീസിൽ. ഉമേഷ‌് യാദവിന്റെ ഓവറിൽ 13 റൺ നേടിയ സഖ്യം മത്സരം സമനിലയാക്കി.
ഇന്ത്യൻ ഇന്നിങ്ങ‌്സിൽ നായകൻ വിരാട‌് കോഹ‌്‌ലിയെയാണ‌് എല്ലാവരും ഉറ്റുനോക്കിയത‌്. 81 റൺ നേടിയാൽ അതിവേഗം പതിനായിരം തികയ‌്ക്കുന്ന താരമെന്ന റെക്കൊഡ‌് സ്വന്തമാകും എന്നതായിരുന്നു കൗതുകം. റെക്കോഡ‌് തീർക്കുക മാത്രമല്ല, അതിനപ്പുറം കടന്നു നായകൻ. നാലാം സ്ഥാനത്ത‌് പരീക്ഷിക്കപ്പെടുന്ന റായ‌്ഡു പ്രതിഭയോടു നീതി പുലർത്തി. അതിവേഗം ഓപ്പണർമാരെ നഷ‌്ടമായ ഇന്ത്യയെ പതറാതെ പിടിച്ചുനിർത്തിയത‌് കോഹ‌്‌ലിയും റായ‌്ഡുവും തമ്മിലുള്ള നാലാം വിക്കറ്റ‌് കുട്ടുകെട്ടാണ‌്.
കഴിഞ്ഞ ഇന്നിങ്ങ‌്സിൽ നിർത്തിയേടത്തുനിന്നാണ‌് കോഹ‌്‌ലി തുടങ്ങിയത‌്. നായകനെ വിശ്രമത്തിന്റെ ആവേശം വിട്ടൊഴിഞ്ഞിരുന്നില്ല . വിൻഡീസ‌് പേസർമാരെയും സ‌്പിന്നർമാരെയും ഒരു പോലെ ശിക്ഷിച്ചു. സാങ്കേതികപൂർണതയും കരുത്തും ഒരു പോലെ സമ്മേളിച്ച ഇന്നിങ്ങ‌്സ‌്. 100 പിന്നിട്ടതോടെ കൊഹ‌്‌ലി കൂടുതൽ അപകടകാരിയായി.
അവസാന ഓവറുകളിൽ ഈ ബാറ്റിൽനിന്നു പറന്ന മിന്നലുകളാണ‌് ഇന്ത്യയെ മികച്ച സ‌്കോറിൽ എത്തിച്ചത‌്. 129 പന്തുകളാണ‌് നേരിട്ടത‌്. 13 ഫോറും നാല‌് സിക‌്സും ഈ ബാറ്റിൽ പിറന്നു.
ടോസ‌് നേടി ബാറ്റിങ്ങ‌് തുടങ്ങിയ ഇന്ത്യയ‌്ക്ക‌് കഴിഞ്ഞ കളിയിലെ ടോപ‌് സ‌്കോറർ രോഹിത‌് ശർമയെയാണ‌് ആദ്യം നഷ‌്ടമായത‌്. നാല‌് റൺ മാത്രമായിരുന്നു രോഹിതിന്റെ സമ്പാദ്യം. ശിഖർ ധവാൻ വിൻഡീസ‌് ബൗർമാരെ അനായാസം നേരിട്ടു. എന്നാൽ, ആഷ‌്‌ലി നഴ‌്സിന്റെ പന്ത‌് മനസ്സിലാക്കുന്നതിൽ പിഴച്ച ധവാൻ 30 റണ്ണിനു മടങ്ങി. റായ‌്ഡുവിന്റെ വരവോടെ ഇന്ത്യൻ ഇന്നിങ്ങ‌്സ‌് നങ്കൂരം ഉറപ്പിച്ചു. കോഹ‌്‌ലിക്കു മികച്ച പിന്തുണ നൽകിയ റായ‌്ഡു നാലാമനെന്ന സ്ഥാനത്തിന‌് അർഹനെന്ന‌് തെളിയിക്കുന്ന പക്വതയുള്ള പ്രകടനം കാഴ‌്ചവച്ചു. ആത്മവിശ്വാസത്തോടെ കളത്തിൽനിന്ന റായ‌്ഡു കോഹ‌്‌ലിക്കു കൂടുതൽ ശെധര്യം നൽകി.
ഈ കൂട്ടുകെട്ട‌് 139 റൺ കുറിച്ചു. 33–ാം ഓവറിൽ ഈ കൂട്ടുകെട്ട‌് പിരിഞ്ഞതോടെ ഇന്ത്യൻ ഇന്നിങ്ങ‌്സിനു വേഗം കുറഞ്ഞു. പിന്നാലെ വന്ന മുൻ നായകൻ ധോണിക്ക‌് താളം കണ്ടെത്താനായില്ല. 25 പന്തിൽ 20 റൺ നേടാനെ കഴിഞ്ഞുള്ളൂ. ആദ്യ ഏകദിനത്തിൽ ബാറ്റിങ്ങിന‌് അവസരം ലഭിക്കാതിരുന്ന ഋഷഭ‌് പന്ത‌്(17) കൂറ്റനടികൾക്ക‌് തയ്യാറായെങ്കിലും സാമുവൽസിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ജഡേജ 13 റൺ നേടി. ഷമി (0 ) നായകനൊപ്പം പുറത്താകാതെ നിന്നു.
കഴിഞ്ഞ കളിയിലെ അതേ ഫോമിലായിരുന്നു ബാറ്റിങ്ങിൽ വിൻഡീസ‌്. മൂർച്ച കുറഞ്ഞ ഇന്ത്യൻ പേസ‌് ആക്രമണത്തെ അവർ അനായാസം നേരിട്ടു. ഹോപും കഴിഞ്ഞ കളിയിലെ ഹെറ്റ‌്മിയറുമായിരുന്നു വിൻഡീസ‌് പോരാട്ടത്തിന്റെ അമരക്കാർ. വിൻഡീസ‌് ക്രിക്കറ്റിന്റെ ഭാവി വാഗ‌്ദാനങ്ങളെന്ന‌് ഒരിക്കൽകൂടി തെളിയിക്കുന്ന പ്രകടനമാണ‌് ഇരുവരും കാഴ‌്ചവച്ചത‌്. അവസാനം വരെ ക്രീസിൽനിന്ന ഹോപാണ‌് ബുധനാഴ‌്ച കുടുതൽ തിളങ്ങിയത‌്. നങ്കൂരക്കാരന്റെ വേഷമിട്ട ഹോപ‌് 134 പന്തിലാണ‌് 128 റൺ നേടിയത‌്. ഒരു ഘട്ടത്തിൽ 78 റണ്ണിന‌് മുന്ന‌് വിക്കറ്റ‌് നഷ‌്ടമായ വിൻഡീസിനെ എ്തിരാളികൾക്ക‌് ഒപ്പമെത്തിച്ചത‌് ഹോപ്– ഹെറ്റ‌്മിയർ കൂട്ടുകെട്ടാണ‌്. നാലാം വിക്കറ്റിൽ ഇവർ 119 പന്തിൽ 143 റൺ നേടി. നിർണായഘട്ടത്തിൽ ഹെറ്റ‌്മിയർ പുറത്തായത‌് തിരിച്ചടിയായി.









0 comments