ചെൽസി‐യുണൈറ്റഡ് സമാസമം

ലണ്ടൻ
ഇംഗ്ലീഷ‌് പ്രീമിയർ ലീഗിലെ ഉജ്വല പോരാട്ടത്തിൽ മാഞ്ചസ‌്റ്റർ യുണൈറ്റഡും–ചെൽസിയും രണ്ടുഗോളിന‌് സമനിലയിൽ പിരിഞ്ഞു. കളി അവസാനിക്കാൻ നിമിഷങ്ങൾശേഷിക്കെ സമനില കണ്ടെത്തിയ മധ്യനിരക്കാരൻ റോസ് ബാർക്ലേയാണ‌് തോൽവിയിൽനിന്ന‌് ചെൽസിയെ രക്ഷിച്ചത‌്. ഫ്രഞ്ചുതാരം അന്തോണി മാർഷ്യൽ യുണൈറ്റഡിനായി ഇരട്ടഗോൾ നേടി. പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗറാണ‌് ചെൽസിയുടെ ആദ്യഗോൾ നേടിയത‌്. ആദ്യപകുതിയിൽ ഒരുഗോളിന‌് പിന്നിൽനിന്നശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചടി.
തുടക്കംമുതൽ മികച്ചരീതിയിൽ കളിച്ച ചെൽസി ആദ്യപകുതിയിൽത്തന്നെ ലക്ഷ്യംനേടി. ബ്രസീൽതാരം വില്ലിയന്റെ കോർണർ കിക്ക‌് സ്വതന്ത്രമായിനിന്ന‌് റൂഡിഗർ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു. ഗോൾ വീണിട്ടും തിരിച്ചടിക്കാനുള്ള ഭാവം യുണെറ്റഡിനും ഉണ്ടായിരുന്നില്ല. ചെൽസി മുന്നേറ്റനിര യുണൈറ്റഡ‌് ഗോൾമുഖത്ത‌് ആക്രമണം നടത്തിക്കൊണ്ടിരുന്നു. എദൻ ഹസാർഡിന്റെ മികവായിരുന്നു ചെൽസിയുടെ കുതിപ്പിനുപിന്നിൽ. ഇടവേളയ‌്ക്കുശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചടി. ആഷ‌്‌ലി യങ്ങിന്റെ ക്രോസ‌് ചെൽസി മധ്യനിരക്കാരൻ ജോർജിന്യോയുടെ ദേഹത്തുതട്ടി മാർഷ്യലിനു കിട്ടി. പന്ത‌് പിടിച്ചെടുത്ത ഫ്രഞ്ചുതാരം വലയിലേക്ക‌് തൊടുത്തു. സമനില നേടിയതോടെ യുണൈറ്റഡ‌് താളം കണ്ടെത്തി. രണ്ടാംപകുതിയിൽത്തന്നെ മാർഷ്യൽ യുണൈറ്റഡിന‌് ലീഡ‌് സമ്മാനിച്ചു. ലീഡ‌് നേടിയതോടെ യുണൈറ്റഡ‌് സ്വന്തംപകുതിയിലേക്ക‌് പിൻവലിഞ്ഞു.
കളിതീരാൻ നിമിഷങ്ങൾശേഷിക്കെയാണ‌് ബാർക്ലേ ചെൽസിയുടെ സമനിലഗോൾ നേടി. ഡേവിഡ‌് ലൂയിസിന്റെ ഹെഡ്ഡർ പോസ‌്റ്റിൽ തെട്ടിത്തെറിച്ചു കിട്ടിയത‌് ബാർക്ലേയ‌്ക്ക‌്. ബാർക്ലേയുടെ ക്ലോസ‌് റേഞ്ച‌് യുണൈറ്റഡിന്റെ വലയിൽ. ഗോൾ ആഘോഷത്തിനിടെ യുണൈറ്റഡ‌് പരിശീലകൻ മൊറീന്യോയും ചെൽസി പരിശീലകസംഘവും തമ്മിൽ കോർത്തു.
മറ്റൊരു മത്സരത്തിൽ മാഞ്ചസ‌്റ്റർ സിറ്റി മടക്കമില്ലാത്ത അഞ്ചുഗോളിന‌് ബേൺലിയെ തകർത്തു. അഗ്വേറോ, ബെർണാർഡോ സിൽവ, ഫെർണാണ്ടിന്യോ, മഹറെസ‌്, സാനെ എന്നിവർ ഗോൾ നേടി. ടോട്ടനം ഒരുഗോളിന‌് വെസ‌്റ്റ‌് ഹാമിനെയും തോൽപ്പിച്ചു.








0 comments