സെഞ്ചുറിയോടെ വരവറിയിച്ച് പതിനെട്ടുകാരൻ പൃഥ്വി ഷാ; അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രാജ്കോട്ട് > അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയോടെ വരവറിയിച്ച് പതിനെട്ടുകാരൻ പൃഥ്വി ഷാ. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും പൃഥ്വി സ്വന്തമാക്കി. 99 പന്തിൽ 15 ബൗണ്ടറിയോടെയാണ് പൃഥ്വി ഷാ തന്റെ കന്നി സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരമാണ് ഷാ. ഇന്ത്യക്കാരിൽ സച്ചിൻ തെൻഡുൽക്കറിനു മാത്രം പിന്നിൽ രണ്ടാമനും. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി പിന്നിടുന്ന 15–ാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഈ മുംബൈക്കാരൻ.

ഷായ്ക്കൊപ്പം 19–ാം ടെസ്റ്റ് അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും മികവിൽ 47 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 218 റണ്ണെന്ന നിലയിലാണ് ഇന്ത്യ. ഷായും പുജാരയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 206 റൺ കൂട്ടിച്ചേർത്തു. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന പുജാര 86 റണ്ണെടുത്ത് പുറത്തായി. പിന്നാലെ പൃഥ്വി ഷാ(134)യും മടങ്ങി. ലോകേഷ് രാഹുലിനെ(0) ഇന്ത്യക്ക് തുടക്കത്തിലേ നഷ്‌ടമായിരുന്നു.
പൃഥ്വി ഷാ പുറത്തായതിനു ശേഷം നായകൻ വിരാട് കോലിയും ഉപനായകൻ അജിൻക്യ റഹാനെയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 72 റണ്ണുമായി വിരാട് കോലിയും 17 റണ്ണുമായി ഋഷഭ് പന്തുമാണ്
ക്രീസിൽ. റഹാനെ 41 റണ്ണെടുത്ത് പുറത്തായി.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബാറ്റിങ് തെരഞ്ഞെടുത്തു. പതിനെട്ടുകാരൻ പൃഥ്വി ഷായും ലോകേഷ് രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്‌സ് തുറക്കാനെത്തിയത്. ആദ്യ ഓവറിൽത്തന്നെ രാഹുൽ വീണെങ്കിലും ഷാ പതറിയില്ല. പുജാരയുമൊത്ത് വിൻഡീസ് ബൗളർമാരെ സധൈര്യം നേരിട്ടു. ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 293–ാം താരമാണ് ഷാ.









0 comments