യുണൈറ്റഡ്, ചെൽസി, ടോട്ടനം ജയത്തോടെ തുടങ്ങി

ലണ്ടൻ
പ്രീമിയർ ലീഗിൽ പുതിയ സീസണിന് തുടക്കം കുറിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് അരങ്ങേറി. 2‐1. മറ്റൊരു കളിയിൽ ന്യൂകാസിലിനെ ഇതെ സ്കോറിന് തന്നെ മറികടന്ന് ടോട്ടനം ഹോട്‌സ്പറിനും വിജയത്തുടക്കം. ഹഡേഴ്‌സ് ഫീൽഡ് ടൗണിനെ തോൽപ്പിച്ച് ചെൽസിയും തുടങ്ങി (3‐0).
പരിശീലകൻ ഹൊസെ മൊറീന്യോ 'ഭയങ്കരൻ ' എന്ന് വിശേഷിപ്പിച്ച പോൾ പോഗ്ബയിലൂടെ മൂന്നാംമിനിറ്റിൽതന്നെ യുണൈറ്റഡ് മുന്നിലെത്തി. പോഗ്ബ ബാഴ്സലോണയിലേക്ക് എന്ന അഭ്യൂഹത്തിന് അറുതിവരുത്തി ഈ ഫ്രഞ്ചുകാരനെതന്നെ നായകന്റെ ചുമതല ഏൽപ്പിച്ചാണ് മൊറീന്യോ കളത്തിലിറക്കിയത്. നാല് ദിവസം മുമ്പ് മാത്രം യുണൈറ്റഡിനുവേണ്ടി പരിശീലനത്തിനിറങ്ങിയ പോഗ്ബയെ ആദ്യ പതിനൊന്നിൽതന്നെ മൊറീന്യോ ഇറക്കി. ഫ്രാൻസിന്റെ ലോകകപ്പ് വിജയത്തിൽ പങ്കാളിയായി ഒരു മാസം തികയവെ തിളങ്ങുന്ന പ്രകടനവുമായി പോഗ്ബ കളംനിറഞ്ഞു.
84‐ാം മിനിറ്റിലാണ് പോഗ്ബയെ മൊറീന്യോ പിൻവലിച്ച് മൗറെയ്ൻ ഫെല്ലെയ്നിയെ ഇറക്കിയത്. 60 മിനിറ്റ് മാത്രമെ പോഗ്ബയ്ക്ക് കളിക്കാൻ കഴിയൂ എന്നാണ് മൊറീന്യോ കരുതിയത്. ആ കണക്കുകൂട്ടൽ ഈ മധ്യനിരക്കാരൻ തിരുത്തി. അതുകൊണ്ടാണ് മൊറീന്യോ 'ഭയങ്കരൻ ' എന്ന് വിശേഷിപ്പിച്ചത്.
പെനൽറ്റിയിൽ നിന്നായിരുന്നു പോഗ്ബയുടെ ഗോൾ. അലെക്സിസ് സാഞ്ചെസിന്റെ അടി ലെസ്റ്റർ പ്രതിരോധക്കാരൻ ഡാനിയൽ അമർട്ടിയുടെ കൈയിൽ തട്ടിയതിനായിരുന്നു പെനൽറ്റി. പോഗ്ബയാണ് കിക്കെടുത്തത്. അലസഭാവത്തിൽവന്ന പോഗ്ബയുടെ കിക്ക് പക്ഷെ മൂർച്ചയുള്ളതായിരുന്നു. കാസ്പെർ ഷെംച്ചി കാത്ത ലെസ്റ്റർ വലയുടെ വലതുമൂലയിലേക്ക് പന്ത് അസ്ത്രം പോലെ കയറി.
ഗോൾ വീണിട്ടും യുണൈറ്റഡിന്റെ നിയന്ത്രണത്തിൽ തന്നെയായിരുന്നു കളി. ലുക്ക് ഷായിലൂടെ യുണൈറ്റഡ് ലീഡുയർത്തി. യുവാൻ മറ്റയുടെ പാസിൽനിന്നാണ് ഷായുടെ അടി. പരിക്കുസമയക്കളിയിൽ ലെസ്റ്റർ ഒരുഗോൾ മടക്കി. പകരക്കാരനായി ഇറങ്ങിയ ജാമി വാർഡി ഹെഡറിലൂടെയാണ് ലെസ്റ്ററിന്റെ ഗോൾ കണ്ടെത്തിയത്.
ഷക്തർ ഡൊണെത്സ്ക്കിൽനിന്നും ഇത്തവണ യുണൈറ്റഡ് വാങ്ങിയ ബ്രസീലിയൻ താരം ഫ്രെഡ് കളത്തിലിറങ്ങി. മികച്ച പ്രകടനം ഫ്രെഡ് കാഴ്ചവച്ചു. ലെസ്റ്റും പുതിയകളിക്കാരെ അവതരിപ്പിച്ചു. നോർവിച്ചിൽനിന്നും 177 കോടി രൂപയ്ക്ക് വാങ്ങിയ മാഡിസൺ ലെസ്റ്റർ നിരയിൽ തിളങ്ങി.
ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പ് കളിച്ച നിരയുമായി വന്ന ടോട്ടനം ബൽജിയത്തിന്റെ യാൻ വെർട്ടോഗെനിലൂടെയാണ് മുന്നിലെത്തിയത്. എന്നാൽ ടോട്ടനത്തെ ഞെട്ടിച്ച് ന്യൂകാസിൽ തിരിച്ചടിച്ചു. മാറ്റ് റിച്ചിയുടെ ഒന്നാന്തരം ക്രോസ് ജൊസേലു ഹെഡറിലൂടെ ഗോളാക്കി. എന്നാൽ ഹാരി കെയ്നും ഡെലെ ആല്ലിയും ശക്തി കാണിച്ചു തുടങ്ങിയതോടെ ന്യൂകാസിലിന്റെ പോരാട്ടവീര്യം തണുത്തു തുടങ്ങി. സെർജി ഒറിയറുടെ ക്രോസിൽ പറന്ന് തലവെച്ച് ആല്ലി ടോട്ടനത്തെ ജയത്തിലേക്ക് നയിച്ചു.
ഹഡേഴ്‌സ്‌ഫീൽഡിനെതിരെ ചെൽസിക്കായി എൻഗോളോ കാന്റെ, ജോർജീന്യോ, പെഡ്രോ എന്നിവർ ഗോളടിച്ചു.








0 comments