ഫ്രാന്‍സ് ലോകചാംപ്യന്മാര്‍

മോസ്‌കോ > റഷ്യന്‍ മണ്ണില്‍ കപ്പില്‍ മുത്തമിട്ട് ഫ്രഞ്ച് പട. ആവേശകരമായ മത്സരത്തില്‍ ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്റെ കുതിപ്പ്. 20 വര്‍ഷത്തിനുശേഷമാണ് ഫ്രാന്‍സ് ലോകചാംപ്യന്മാരാകുന്നത്. ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി ക്രൊയേഷ്യ മടങ്ങി.
ക്രൊയേഷ്യയെ ഞെട്ടിച്ച് തുടക്കം തന്നെ ഫ്രാന്‍സ് മുന്നിലെത്തി. 18ാം മിനിറ്റില്‍ മാന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സ് ലീഡെടുത്തത്. ഗ്രീസ്‌മനെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഈ ലോകകപ്പില്‍ പിറക്കുന്ന 12-ാമത്തെ സെല്‍ഫ് ഗോളാണ് മാന്‍സൂക്കിച്ചിന്റേത്.
എന്നാല്‍ സെല്‍ഫ് ഗോള്‍ വഴങ്ങി പത്ത് മിനിറ്റിനുള്ളില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു. 28-ാം മിനിറ്റില്‍ പെരിസിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ ഫ്രാന്‍സിനൊപ്പമെത്തി.
പക്ഷേ 38-ാം മിനിറ്റില്‍ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ച് ഗ്രീസ്‌മാന്‍ ഫ്രാന്‍സിനെ 2-1 ന് മുന്നിലെത്തിച്ചു. പെരിസിച്ചിന്റെ കൈയില്‍ പന്ത് തട്ടിയതിന് വാറിലൂടെയാണ് പെനാല്‍റ്റി അനുവദിച്ചത്.
59-ാം മിനിറ്റില്‍ പോഗ്ബയുടെ ഷോട്ടില്‍ ക്രൊയേഷ്യല്‍ വല കുലുങ്ങി. 65-ാം മിനിറ്റില്‍ എംബാപ്പയുടെ തകര്‍പ്പന്‍ ഷോട്ടില്‍ വീണ്ടും ഫ്രാന്‍സ് മുന്നിലെത്തി (4-1) . പെലയ്‌ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമാണ് എംബാപ്പെ.
എന്നാല്‍ 69-ാം മിനിറ്റില്‍ മരിയോ മാന്‍സൂക്കിച്ചിലൂടെ ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടി.(4-2)
ആദ്യമായി ലോകകപ്പ് ഫൈനലില്‍ കടന്ന ക്രൊയേഷ്യയുടേത്‌ലോകത്തെ അമ്പരപ്പിച്ച പ്രയാണമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കായികനേട്ടത്തിനു തൊട്ടരികിലാണ് ക്രോട്ടുകള്‍. സെമിഫൈനലിനപ്പുറം ക്രൊയേഷ്യക്ക് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍, അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഫൈനല്‍പ്രവേശം.
ഫ്രാന്‍സ് ഇത്തവണ ഏറെ കരുതലോടെയാണ് വന്നത്. 20 വര്‍ഷമായി കൈവിട്ട കനകകിരീടം ഇത്തവണ കൈയിലേന്താന്‍ ഉരുക്കഴിക്കേണ്ട തന്ത്രങ്ങള്‍ അവര്‍ നന്നായി ഉറപ്പിച്ചിരുന്നു. യുവത്വവും പരിചയസമ്പത്തും ഒരുപോലെ കൈമുതലാണ്. എതിരാളിയെ വ്യക്തമായി മനസ്സിലാക്കി അതനുസരിച്ച് കളിക്കാന്‍കഴിയുന്ന സംഘമാണ് ഫ്രാന്‍സ്.









0 comments