ബ്രസീലല്ല, മലയാണ് മുന്നിൽ

കസാൻ
തെരുവിൽ പന്തുതട്ടിപ്പഠിച്ച ബ്രസീലുകാർക്ക്് ഇത്തിരി ഇടം മതി. കരുത്തിലും ശാസ്ത്രീയതയിലും തീർത്ത പാഠങ്ങൾ ഉരുക്കഴിക്കുന്ന ബൽജിയം ആ ഇടം വിട്ടുകൊടുക്കുമോ. കസാൻ അരീന മറുപടി നൽകും. അതിശക്തരായ, വിരുദ്ധശൈലികളുള്ള ടീമുകളുടെ ഏറ്റുമുട്ടൽ ലോകം ഉറ്റുനോക്കുന്നു. കറയറ്റ ക്രിയാത്മകതയിൽറഷ്യയിൽ ബ്രസീൽ കളംപിടിച്ചുകഴിഞ്ഞു. ഭദ്രവും ഒഴുക്കുള്ളതുമായ ഫുട്ബോൾ കളിക്കുന്ന പ്രതിഭാസമ്പന്നരുടെ നിര ക്വാർട്ടർപോരിനൊരുങ്ങവെ ഒരുപടി മുന്നിലാണ്. താരപ്രഭയ്ക്ക് ഒട്ടും കുറവില്ല എതിരാളിക്കും. ഒത്തിണക്കത്തോടെ കളിക്കുന്നതിലാണ് കൊച്ച് യൂറോപ്യൻരാജ്യത്തിന്റെ വീഴ്ച. ഏതുനിമിഷവും ഉഗ്രരൂപം പ്രാപിക്കാൻ ശേഷിയുള്ളവരാണെന്ന് ബൽജിയം ക്വാർട്ടറിൽ തെളിയിച്ചതാണ്. അതു കരുതിയാകും ബ്രസീൽ കളിക്കുക. എന്തുതന്നെയായാലും കടുത്ത പോരാട്ടം ഉറപ്പ്.
സ്കൊളാരിയും കാർലോസ് ദുംഗയും പരാജയപ്പെട്ടിടത്തുനിന്നാണ് ബ്രസീൽ പരിശീലകൻ ടിറ്റെ തുടങ്ങിയത്. ടിറ്റെ ബ്രസീലിന്റെ കളിക്കാകെ രൂപമാറ്റംവരുത്തി. കഴിഞ്ഞ ലോകകപ്പിൽ ജർമനിയിൽനിന്നേറ്റ അപമാനത്തിൽനിന്ന് ലോകകപ്പിനു മുമ്പുതന്നെ അവർ തിരിച്ചുവന്നതായി സൂചന ഉണ്ടായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് പതറിയപ്പോൾ ആരാധകർ ആശങ്കപ്പെട്ടു. എന്നാൽ, പിന്നീടുള്ള മൂന്നു കളിയിലും ബ്രസീലിനുണ്ടായ മാറ്റം ഫുട്ബോൾലോകത്തിന് ബോധ്യപ്പെട്ടു. മനോഹരമായി കളിക്കുന്ന പഴയ ബ്രസീലായല്ല അവർ മാറിയത്. ക്രിയാത്മകതയിൽ ഊന്നി ഫലപ്രദമായ ഫുട്ബോൾ കളിക്കുന്ന പുതിയ ബ്രസീലാണ് റഷ്യയിൽ പന്തു തട്ടിയത്.
പ്രതിരോധം മറക്കുന്നവരെന്ന ചീത്തപ്പേര് മാറ്റുകയാണ് ടിറ്റെ ആദ്യം ചെയ്തത്. ജർമനി കശക്കിയെറിഞ്ഞ ആത്മവിശ്വാസം പ്രതിരോധത്തിന് വീണ്ടെടുത്തു നൽകി. തിയാഗോ സിൽവയും മിറാൻഡയും നിരക്കുന്ന പ്രതിരോധത്തിന്റെ കളിയിലെ ഇടപെടൽ ഭദ്രവും കൃത്യവുമായിരുന്നു. വെടിപ്പായി ചുമതല നിർവഹിക്കുന്ന സിൽവയും കൂട്ടരും റൊമേലു ലുക്കാക്കുവിനും ഹസാർഡിനും അധികം ഇടംനൽകില്ല. പരിക്കേറ്റ വലതുവിങ് ബാക്ക് മാഴ്സലൊ ഇന്ന് പുറത്തിരിക്കും. എന്നാൽ, പകരം വന്ന ഫിലിപ്പെ ലൂയിസ് ആ കുറവുനികത്താൻ പോന്നവനാണെന്ന് മെക്സികോയ്ക്കെതിരെ തെളിയിച്ചു. ഇടതുബാക്ക് ഫാഗ്നറും മോശക്കാരനല്ല.
രണ്ടു മഞ്ഞക്കാർഡ് കണ്ട കാസിമെറോ കളിക്കാതിരുന്നാൽ മധ്യനിരയുടെ പ്രതിരോധശേഷി കുറയും. പകരംവരുന്ന ഫെർണാണ്ടിന്യോ എങ്ങനെ കളിക്കുമെന്നത് നിർണായകമാണ്. പൗളീന്യോക്ക് ജോലിഭാരം കൂടും. ആക്രമിച്ചു കളിക്കുന്ന മധ്യനിര താരം ഫിലിപ്പെ കുടീന്യോയാണ് ബ്രസീലിനായി ഈ ലോകകപ്പിൽ ഏറ്റവും തിളങ്ങുന്ന മഞ്ഞക്കുപ്പായക്കാരൻ. വില്ലിയൻ അധ്വാനിച്ചു കളിച്ചാൽ എതിരാളികൾക്ക് പണിയാകും. പരിക്കഭിനയത്തിന്റെ പേരിൽ ആക്ഷേപം കേൾക്കുന്നുവെങ്കിലും നെയ്മർ ടീമിനു നൽകുന്ന സംഭാവന ചെറുതല്ല. നിർണായകഘട്ടത്തിൽ സൂപ്പർതാരം ഫോമിലാകുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും. ഗബ്രിയേൽ ജെസ്യൂസും ഫോമിലേക്ക് ഉയരേണ്ടതുണ്ട്.
ബൽജിയത്തിന്റെ സുവർണതലമുറയ്ക്ക് ഏറ്റവും നല്ല അവസരമാണ് മുന്നിൽ. ബ്രസീലിനെതിരെ ജയിച്ചാൽ കിരീടത്തിലേക്കുള്ള വഴി എളുപ്പമാകും. എന്നാൽ, ജപ്പാനെതിരെ രണ്ടു ഗോളിനു പിന്നിലായ പ്രകടനം അവരുടെ കഴിവിൽ സംശയം ഉണർത്തുന്നു.
ജപ്പാനെതിരെ ഇറക്കിയ ആദ്യ ഇലവൻതന്നെയാകും ബ്രസീലിനെതിരെയും. ലോകഫുട്ബോളിലെ വമ്പൻ താരങ്ങളാണ് ടീമിന്റെ നട്ടെല്ല്. ഹസാർഡും മെർടൻസും ഡിബ്രുയ്നും അടങ്ങുന്ന മധ്യനിര കളി നിയന്ത്രിച്ചാൽ ബൽജിയം മുന്നോട്ടുപോകും. ലുക്കാക്കുവിന്റെ ഗോളടിമികവ് ബ്രസീലിനെതിരെ എത്രത്തോളം ഫലിക്കുമെന്ന് കണ്ടറിയണം. കഴിഞ്ഞ കളിയിൽ പകരക്കാരനായി തിളങ്ങിയ നാസർ ചാഡ്ലി ആദ്യ ഇലവനിൽ ഇറങ്ങിയാൽ അത്ഭുതമില്ല.
പ്രതിരോധമാണ് ബൽജിയത്തിന്റെ ദുർബല കണ്ണി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ (12) ഗോളടിച്ച ടീം കൊറിയക്കെതിരെ നാലു മിനിറ്റിൽ രണ്ടു ഗോൾ വഴങ്ങിയത് ദയനീയമായിരുന്നു. വെർമലനും വിൻസന്റ് കൊംപനിയും വെർട്ടേംഗനും അത്ര മോശക്കാരല്ല. പരസ്പരധാരണ കുറയുന്നതാണ് പ്രശ്നം. ജപ്പാന്റെ കഗാവയ്ക്കും ഇനുയിക്കും കൊടുത്തപോലെ നെയ്മർക്കും കുടീന്യോക്കും ഇടംകൊടുത്താൽ തിരിച്ചുവരവ് അസാധ്യമാകും. ജപ്പാനെതിരെയെന്നപോലെ ശാരീരികമികവ് മുതലാക്കാൻ ബൽജിയം ശ്രമിക്കും.
കഴിഞ്ഞ മൂന്നുതവണയും യൂറോപ്യൻരാജ്യങ്ങൾക്കു മുന്നിലാണ് ബ്രസീൽ അടിയറവു പറഞ്ഞത്. എന്നാൽ, ലാറ്റിൻ ടീമുകൾക്കെതിരെ ബൽജിയത്തിന്റെ റെക്കോഡ് തീരെ മോശമാണ്.
മാഴ്സലോ കളിക്കും
കസാൻ
ബൽജിയത്തിനെതിരായ ക്വാർട്ടർഫൈനലിൽ വലതു വിങ് ബാക്ക് മാഴ്സലോ കഴിക്കുമെന്ന് ബ്രസീൽ പരിശീലകൻ ടിറ്റോ വ്യക്തമാക്കി. നടുവിനു പരിക്കേറ്റ മാഴ്സലോ മെക്സികോയ്ക്കെതിരെ കളിച്ചിരുന്നില്ല. പകരക്കാരനായി ഇറങ്ങിയ ഫിലിപ്പെ ലൂയിസ് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിർണായക മത്സരത്തിൽ മാഴ്സലോ ഇറങ്ങുമെന്ന് ടിറ്റോ പറഞ്ഞു.
വ്യാഴാഴ്ച ജാവോ മിറാൻഡ നായകന്റെ ആം ബാൻഡ് അണിയുമെന്നും ടിറ്റോ പറഞ്ഞു. നായകപദവി പല താരങ്ങൾക്കും മാറിമാറി നൽകുന്ന രീതി ടിറ്റോ തുടരുകയാണ്. ടീമിനായി റഷ്യയിൽ ഇതുവരെ മൂന്നു പേർ നായകവേഷം അണിഞ്ഞു.









0 comments